ധ്യാനിന് വേണമെങ്കില്‍ എന്നെ കൂടുതല്‍ വേദനിപ്പിക്കാമായിരുന്നു; സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ ധ്യാന്‍ ആശ്വസിപ്പിച്ചതിനെ കുറിച്ച് ദിവ്യ പിള്ള
ദുബായില്‍ ജനിച്ചുവളര്‍ന്ന ദിവ്യ പിള്ള അയാള്‍ ഞാനല്ല എന്ന വിനീത് ശ്രീനിവാസന് സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. തന്റെ സിനിമ പ്രവേശനത്തെ കുറിച്ചും, സിനിമയെ മനസ്സിലാക്കി ഒരു പ്രൊഫഷനായി എടുത്തത് എങ്ങനെയാണ് എന്നും ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയ നടി വിശദീകരിച്ചു.
ദുബായിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും, അപ്പ ടിപ്പിക്കല്‍ മലയാളി തന്നെയാണ്. ചെറുപ്പം മുതലേ സിനിമകളോട് ഇഷ്ടമായിരുന്നുവെങ്കിലും എട്ടാം ക്ലാസ് മുതല്‍ സിനിമ കണക്ഷന് പൂര്‍ണമായും അമ്മ ഉപേക്ഷിപ്പിച്ചു. പഠനത്തിലാണ് ശ്രദ്ധ വേണ്ടത് എന്ന് പറഞ്ഞ് ആ വഴി പറഞ്ഞുവിട്ടു. എയര്ഹോസ്റ്റിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും പറക്കാന്‍ എനിക്ക് പേടിയാണ്. അതുകൊണ്ട് അച്ഛന്റെ ബിസിനസ്സില്‍ സഹായിച്ച് മുന്നോട്ടു പോകുകയായിരുന്നു. കൂട്ടുകാരി വഴിയാണ് ദുബൈ ഫ്ളൈയില്‍ ഓഫീസ് സ്റ്റാഫിന് വേണ്ടിയുള്ള ഇന്റര്‍വ്യു ഉണ്ട് എന്നറിഞ്ഞത്. അങ്ങനെ ദുബൈ ഫ്ളൈ ജീവനക്കാരിയായി.
മറ്റൊരു കൂട്ടുകാരിയുടെ കല്യാണത്തിന് വന്നപ്പോഴാണ് സിനിമയിലേക്കുള്ള ലോകം തുറന്നത്. വിവാഹത്തിന്റെ വീഡിയോയില്‍ ഞാന്‍ അവളെ ചിരിപ്പിക്കാനൊക്കെ പല എക്സ്പ്രഷനും ഇടുന്നത് കണ്ട് വിനീതേട്ടന് (വിനീത് കുമാര്‍) അവളോട് എന്നെ കുറിച്ച് തിരക്കിയത്. അങ്ങനെ എന്നെ കോണ്ടാക്ട് ചെയ്തു. അതായിരുന്നു അരങ്ങേറ്റം. ഭയങ്കര പാംപറിങ് ആയിരുന്നു സെറ്റില്‍. ഓരോ സീനും എങ്ങനെയാണ് എന്നൊക്കെ വിനീതേട്ടന് കൃത്യമായി പറഞ്ഞു തരും.
അതിന് ശേഷം ഊഴം എന്ന സിനിമയിലെത്തി. ലീവെടുത്താണ് അഭിനയിക്കാനായി വന്നത്. പക്ഷെ അയാള്‍ ഞാനല്ല എന്ന സെറ്റില്‍ നിന്നുള്ള നേരെ വിഭിന്നമായ അവസ്ഥയായിരുന്നു ആ സെറ്റില്‍. ജീത്തു ജോസഫ് – പൃഥ്വിരാജ് കോമ്പോയിലുള്ള ആ സിനിമയുടെ സെറ്റില്‍ വച്ചാണ് സിനിമയെ കുറച്ച് കൂടെ മനസ്സിലാക്കിയത്. എന്താണ് എങ്ങനെയാണ് എന്നൊന്നും അറിയാതെയാണ് ഞാന്‍ സിനിമയിലെത്തിയത്. അതിന്റെ പേരില്‍ ആദ്യമൊക്കെ എന്നെ ഒരുപാട് കളിയാക്കുമായിരുന്നു. ഞാന്‍ നായികയാണ്, നായിക ഇങ്ങനെയാണ് എന്ന നിലയില്‍ മേക്കപ്പുമിട്ടു നടന്നതിന് രാജു ചേട്ടനൊക്കെ കളിയാക്കി.
അവസാനം എനിക്കിത് പറ്റുമെന്ന് തോന്നുന്നില്ല സര്, അറിയാവുന്ന ആരെയെങ്കിലും വച്ച് ചെയ്യൂ എന്ന് ഞാന്‍ ജീത്തു സാറിനോട് പറഞ്ഞു. അതിന് ശേഷം രാജു ചേട്ടന് എന്നോട് സംസാരിച്ചു. ‘നോക്കൂ ദിവ്യ, ഒരുപാട് പേര് ആഗ്രഹിക്കുന്ന ഒരു സ്ഥലത്താണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. സ്വന്തം വില മനസ്സിലാക്കണം. ശ്രമിച്ച് കഴിഞ്ഞാല്‍ സാധിക്കാത്തതില്ല’ എന്ന് പറഞ്ഞ് എന്നെ ബൂസ്റ്റ് ചെയ്തത് രാജു ചേട്ടനാണ്. അതിന് ശേഷം അഭിനയത്തോട് കൂടുതല്‍ താത്പര്യം തോന്നി. രണ്ട് വള്ളത്തിലും കാല് വച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോഴാണ് ജോല് ഉപേക്ഷിച്ച് സിനിമയിലേക്കായി പൂര്‍ണമായും ഇറങ്ങിയത്.
രാജുവേട്ടനെ പോലെ തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന കോ ആര്‍ട്ടിസ്റ്റാണ് ധ്യാന്‍ ശ്രീനിവാസനും. രണ്ട് സിനിമകളില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാവരും കാണുന്നത് പോലെ തന്നെ എപ്പോഴും ചിരിച്ച് കളിച്ച് എന്റര്‍ടൈന്‍ ചെയ്യിപ്പിക്കുന്ന ആളാണ് ധ്യാന്‍. എന്നാല്‍ ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ വേറൊരു ധ്യാനാണ്. അദ്ദേഹത്തിന് സിനിമയുടെ ടെക്നിക്കല്‍ വശമെല്ലാം നന്നായി അറിയാം. എന്തിന് ഏതൊക്കെ ചെയ്യുന്നു എന്ന് കൃത്യമായി മനസ്സിലാക്കയാണ് ചെയ്യുന്നത്. ചുറ്റും നടക്കുന്നതിനെ എല്ലാം നന്നായി നിരീക്ഷിക്കുകയും ചെയ്യും
ജയിലറിന്റെ സെറ്റില്‍ വച്ച് എനിക്കൊരു ഇമോഷണല്‍ സീന്‍ വന്നു. അന്ന് ഞാന്‍ പേഴ്സണലി ഭയങ്കര ഡൗണായ ദിവസം കൂടെയായിരുന്നു. ഇമോഷണല്‍ സീനില്‍ ഗ്ലിസറിന്‍ ഇട്ട് അഭിനയിക്കുന്നത് എനിക്ക് ശരിയാവില്ല. അതുകൊണ്ട് കരയേണ്ട സീന്‍ എത്തിയപ്പോള്‍ ഞാന്‍ നാച്വറലായി കറഞ്ഞോളാം ഗ്ലിസറിന്‍ വേണ്ട എന്ന് പറഞ്ഞു. പക്ഷേ അവര്‍ക്ക് വേണ്ടിയിരുന്നത് ഒരൊറ്റതുള്ളി കണ്ണില്‍ വരുന്ന സീനായിരുന്നു. എത്ര ശ്രമിച്ചിട്ടും അങ്ങനെ വരുന്നില്ല. അവസാനം ഞാന്‍ കൂടുതല്‍ ഇറിട്ടേറ്റായി. ‘എന്തിനാ ഇത്, മതി’ എന്ന് പറഞ്ഞു.
നേരത്തെ ഒരുമിച്ച് അഭിനയിച്ചതുകൊണ്ട് തന്നെ ധ്യാനിന് എന്നെ അറിയാം. ഞാന്‍ അങ്ങനെ പറയില്ലല്ലോ, എന്ത് പറ്റി എന്നദ്ദേഹം ചോദിച്ചു. എനിക്ക് വീട്ടില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഡിസ്റ്റേബ്ഡാണെന്ന് മനസ്സിലാക്കിയ ധ്യാന്‍ എന്നെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ‘ദിവ്യ നമുക്ക് അങ്ങനെ ഓരു ഓപ്ഷനേ ഇല്ല, നമ്മള് ആര്‍ട്ടിസ്റ്റുകളാണ്. അഭിനയിക്കാന്‍ പറഞ്ഞാല്‍ ചെയ്യണം. നിന്റെ കണ്ണില്‍ നിന്ന് വീഴുന്ന ഒരു തുള്ളി കണ്ണീരിന് വേണ്ടിയാണ് ഇവിടെ ഇത്രയും പേര് കാത്തിരിയ്ക്കുന്നത്. ആ ഷോട്ട് കഴിഞ്ഞാല്‍ ദിവ്യയ്ക്ക് മാത്രമല്ല, നമുക്കെല്ലാവര്‍ക്കും വീട്ടില്‍ പോകാം. അവരെല്ലാം അവരുടെ ജോലിയാണ് ചെയ്യുന്നത്. ദിവ്യയും അങ്ങനെയാണ്’ എന്നൊക്കെ ധ്യാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര ആശ്വാസം തോന്നി. അപ്പോള്‍ അങ്ങനെ ഒരു പുഷ് ആയിരുന്നു എനിക്കാവശ്യം. ധ്യാനിന്റെ സ്ഥാനത്ത് മറ്റൊരു ആക്ടര്‍ ആയിരുന്നുവെങ്കില്‍ അവര്‍ക്ക് എന്നെ വീണ്ടും ഇറിട്ടേറ്റ് ചെയ്ത് സംസാരിക്കാമായിരുന്നു. പക്ഷേ ധ്യാന്‍ വളരെ പക്വതയോടെ കാര്യങ്ങള്‍ പറഞ്ഞു തന്നു- ദിവ്യ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment