ആരോപണം ഇനിയും വരും, താൻ തെറ്റുകാരനെങ്കിൽ ശിക്ഷിക്കണം: മണിയൻപിള്ള രാജു
തിരുവനന്തപുരം: നടി ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. ആരോപണം ഇനിയും ധാരാളം വരും. അവസരം കിട്ടാത്തവരും ആരോപണവുമായി വരും. സത്യസന്ധമായ അന്വേഷണം നടക്കണം. ആണിൻ്റെയും പെണ്ണിൻ്റെയും പക്ഷത്തുനിന്ന് അന്വേഷണം നടത്തണം. തെറ്റുകാരനാണെങ്കിൽ തന്നെയും ശിക്ഷിക്കണമെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. മണിയൻപിള്ള രാജുവിനെ കൂടാതെ, നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെയാണ് നടിയുടെ ആരോപണം.
ആരോപണം ഇനിയും ധാരാളം വരും. പൈസ അടിക്കാനുള്ളവരടക്കം പല ഉദ്ദേശങ്ങളുള്ളവർ ഇതിന് പിന്നിലുണ്ടാകും. മുൻപ് അവസരങ്ങൾ ചോദിച്ചിട്ടു കിട്ടാത്തവരും പുറത്തുവരും. ഡബ്യുസിസി പറഞ്ഞതുപോലെ സംഭവത്തിൽ അന്വേഷണം ആവശ്യമാണ്. എന്നാൽ മാത്രമേ, തെറ്റുകാർ ആരൊക്കെയാണെന്ന് അറിയാൻ കഴിയൂ. തെറ്റുചെയ്യാത്തവരെ പോലും പെടുത്തുമല്ലോ. സർക്കാർ തലത്തിൽ അന്വേഷണം വരണമെന്നാണ് തൻ്റെ അഭിപ്രായമെന്നും മണിയൻപിള്ള രാജു പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് സ്ത്രീയെ നിയമിക്കണമെന്ന് നിവേദനം
അന്വേഷണം നടന്നില്ലെങ്കിൽ ആളുകൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും. നമുക്ക് ഏറ്റവും ഇഷ്ടമുള്ള ആളല്ലേ ഉമ്മൻ ചാണ്ടി സർ. ഇത്രയും ശുദ്ധനായ ആളിനെക്കുറിച്ച് എന്തെല്ലാം വന്നു. രണ്ട് ഭാഗത്തുനിന്നും അന്വേഷണം നടക്കണം. കള്ളപ്പരാതിയുമായി ആരെങ്കിലും വരികയാണെങ്കിൽ അതും പരിശോധിക്കണമെന്നും മണിയൻപിള്ള രാജു പറഞ്ഞു.
സിദ്ദിഖിനെതിരായ ആരോപണവും ശ്രദ്ധയിൽപെട്ടു. അതിലും അന്വേഷണം നടക്കണം. താൻ ‘അമ്മ’യുടെ സ്ഥാപക അംഗമാണ്. കഴിഞ്ഞ കമ്മിറ്റിയിൽ വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്. ‘അമ്മ’യിൽ അംഗത്വത്തിന് അന്യായം നടന്നോ എന്ന കാര്യം തൻ്റെ അറിവിലില്ല. അങ്ങനെ നടക്കുകയുമില്ല. ഫോട്ടോ സഹിതം വെച്ചുള്ള അപേക്ഷയാണ് അംഗത്വത്തിനായി സംഘടന വാങ്ങുന്നത്. എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മുൻപാകെ അപേക്ഷ എത്തുമ്പോൾ അപേക്ഷിച്ചയാൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇക്കാര്യം എക്സിക്യൂട്ടിവ് കമ്മിറ്റി സ്ഥിരീകരിച്ച ശേഷമാണ് അംഗത്വം നൽകാൻ തിരഞ്ഞെടുക്കുന്നത്. പിന്നീടാണ് അംഗത്വ ഫീസ് ഈടാക്കുന്നത്. ഒരുപാട് നടപടികളുണ്ടെന്നും പിൻവാതിലിലൂടെ അംഗത്വം നൽകാൻ കഴിയില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
അതേസമയം ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പോലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഉയർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
@All rights reserved Typical Malayali.
Leave a Comment