എന്റെ ആദ്യ സിനിമ അദ്ദേഹത്തിനൊപ്പമായിരുന്നു! ഗുരുനാഥനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

17ാമത്തെ വയസില്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ സിനിമാജീവിതം തുടങ്ങിയത്. യുവജനോത്സവ വേദിയിലെ പ്രകടനങ്ങളായിരുന്നു മഞ്ജുവിന് സിനിമയിലെത്തിച്ചത്. നൃത്തമുള്‍പ്പടെ വിവിധ ഇനങ്ങളില്‍ മികവ് പ്രകടിപ്പിച്ചിരുന്നു മഞ്ജു. മോഹന്‍ ആയിരുന്നു മഞ്ജുവിന്റെ ആദ്യ ഗുരു. ഗുരുനാഥന് ആദരാഞ്ജലി അറിയിച്ചുള്ള മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

സാക്ഷ്യമാണ് എൻ്റെ അഭിനയജീവിതത്തിൻ്റെ ആദ്യ അധ്യായം. അതിൻ്റെ സംവിധായകനായ മോഹൻ സാറായിരുന്നു ആദ്യ ഗുരുനാഥൻ. മലയാളത്തിലെ മധ്യവർത്തി സിനിമകളുടെ മുൻനിരക്കാരിൽ ഒരാളായ അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ പിൽക്കാലത്ത് വഴികാട്ടിയായി. മോഹനമായ കുറേ സിനിമകളുടെ ഓർമ്മകൾ ബാക്കിയാക്കി വിടവാങ്ങുന്ന പ്രിയ ഗുരുനാഥന് വിട എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. മുരളി, സുരേഷ് ഗോപി, ഗൗതമി, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരായിരുന്നു സാക്ഷ്യത്തില്‍ അഭിനയിച്ച പ്രധാന താരങ്ങള്‍. സ്മിത എന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്.

മലയാള സിനിമയില്‍ ന്യൂവേവ് തരംഗത്തിന് തുടക്കം കുറിച്ച സംവിധായകന്‍ കൂടിയാണ് മോഹന്‍. വാണിജ്യപരമായും കലാപരമായും മികച്ചതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. വാടക വീട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുന്‍പേ, ഒരു കഥ നുണക്കഥ, മംഗളം നേരുന്നു, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരവധിക്കാലത്ത്, ദി ക്യാപസ് തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുള്ളത്. ദി ക്യാപസ് ആയിരുന്നു അവസാന ചിത്രം.

ഫോട്ടോഗ്രാഫിയിലെ താല്‍പര്യമാണ് മോഹനെ സിനിമയിലെത്തിച്ചത്. അച്ഛന്റെ സുഹൃത്തായിരുന്നു എം കൃഷ്ണന്‍ നായര്‍. അദ്ദേഹത്തെ പരിചയപ്പെട്ടതോടെയായിരുന്നു മോഹന്റെ കരിയര്‍ മാറിമറിഞ്ഞത്. നിരവധി പ്രമുഖരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സ്വന്തമായി സിനിമകള്‍ ചെയ്ത് തുടങ്ങിയത്. സംവിധാനം മാത്രമല്ല തിരക്കഥ ഒരുക്കിയും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

മഞ്ജു വാര്യരെ കൂടാതെ വിനീതും മോഹനെ അനുസ്മരിച്ച് എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലി നേരുന്നു. അനുപമ ടീച്ചറുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നു എന്നായിരുന്നു വിനീത് കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *