‘ദിലീപിനെ കുരുക്കി സർക്കാർ’..’ നടി പ്രതികളെ തിരിച്ചറിഞ്ഞു.. വിസ്തരിച്ചത് 7 ദിവസം..

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി. കേസിലെ മറ്റെല്ലാ പ്രതികൾക്കും ജാമ്യം നൽകിയിട്ടും താൻ 7 വർഷമായി വിചാരണ തടവുകാരനായി തുടരുകയാണെന്നാണ് സുപ്രീം കോടതിയിൽ സുനി വാദിച്ചത്. ആരോഗ്യപ്രശ്നം നേരിടുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സുനിയുടെ ഹർജി പരിഗണിച്ച കോടതി സംസ്ഥന സർക്കാരിനോട് വിശദമായി റിപ്പോർട്ട് തേടി. ഇപ്പോഴിതാ കോടതിയിൽ ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് കേരളം. പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് സത്യവാങ്മൂലത്തിൽ കേരളം ശക്തമായി ആവശ്യപ്പെട്ടു. കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരേയും സർക്കാർ രംഗത്തെത്തി.

പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ ഇയാൾ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നത്.വിചാരണ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഇയാളിൽ നിന്നും ഉണ്ടായേക്കാം. ജാമ്യത്തിലിറങ്ങിയാൽ ഇയാൾ മുങ്ങാൻ സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതിക്രൂരമായ ആക്രമണമാണ് അതിജീവിതയ്ക്ക് നേരെ ഉണ്ടായിരിക്കുന്നത്. കേരളത്തിൽ വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവജിക്കുന്നത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്ന് സർക്കാർ പറയുന്നു.

കേസിൽ ദിലീപ് അടിസ്ഥാമരഹിതമായ കഥകൾ മെനയാൻ ശ്രമിക്കുകയാണെന്നും കേരളം കോടതിയിൽ പറഞ്ഞു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നത്. അതിജീവിതയെ ഏഴ് ദിവസമാണ് വിസ്തരിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസം. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ സുനിൽ എസ് പിയെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ എസിനെ 13 ദിവസവും വിസ്തരിച്ചു.

പലപ്പോഴും വിചാരണ സമയത്ത് പ്രതികൾ കോടതിയിൽ ഹാജരാകാറുണ്ടായിരുന്നില്ല. ഈ സമയത്ത് പ്രതികളുടെ അവധി അപേക്ഷകൾ കോടതിയിൽ സമർപ്പിക്കുന്നത് ദിലീപിന്റെ വക്കീലാണെന്നും കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. കൃത്യത്തിൽ പങ്കെടുത്ത കേസിലെ ആറ് പ്രതികളേയും അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിന്റെ അന്തിമ വാദം കേൾക്കൽ ഇനിയും ഒരു മാസം നീണ്ട് നിൽക്കുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

2017 ഫെബ്രുവരി 2ന് ആയിരുന്നു കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. നടിയുടെ വാഹനത്തില്‍ നിന്ന് ഇവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം മറ്റൊരു വാഹനത്തില്‍ വച്ച് പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നുമാണ് കേസ്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

2017ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 30ന് ആയിരുന്നു വിചാരണ ആരംഭിച്ചത്. നാലര വർഷത്തോളമാണ് കേസിന്റെ വിചാരണ നീണ്ടത്. ഇതുവരെ 261 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. 1,600 രേഖകള്‍ കേസില്‍ കൈമാറി. ഇനി കോടതി നടപടി പ്രതികളുടെ ഭാഗം കേൾക്കുകയെന്നതാണ്. ഈ മാസം 26 മുതലാണ് പ്രതികളുടെ ഭാഗം കോടതി കേൾക്കുക. അതിന് ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധി പ്രഖ്യാപിച്ചേക്കും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *