മോഹന്‍ലാലിന്റെ എക്കാലത്തെയും ശക്തമായ വില്ലന്‍ കീരിക്കാടന്‍ ജോസ് ഇനിയില്ല!

അതെ, മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച വില്ലന്‍ എന്ന വിശേഷണമുള്ള കീരിക്കാടന്‍ ജോസ് അന്തരിച്ചു. കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍രാജ് തന്റെ പേരിനപ്പുറം, കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം.

മൂന്നൂറിലധികം സിനികളില്‍ അഭിനയിച്ച നടനാണ് മോഹന്‍രാജ്. പക്ഷെ എക്കാലവും അറിയപ്പെട്ടത് കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രമായിട്ടാണ്. 1988 ല്‍ മൂന്നാം മുറ എന്ന സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച മോഹന്‍രാജിന്റെ രണ്ടാമത്തെ ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം. ആ സിനിമയും കഥാപാത്രവും ജനം സ്വീകരിച്ചതോടെ അത് തന്നെ നടന്റെ സ്‌ക്രീന്‍ നെയിം ആയും അറിയപ്പെട്ടു.

അര്‍ത്ഥം, ഏയ് ഓട്ടോ, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട് എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാണ് മോഹന്‍ദാസ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം മോഹന്‍രാജ് സജീവമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ റോഷാക് എന്ന ചിത്രത്തിലാണ് മോഹന്‍രാജ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

വില്ലന്‍ വേഷങ്ങള്‍ തന്നെയായിരുന്നു എല്ലാ ഭാഷയിലും ചെയ്തത്. ഫൈറ്റ് രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിനോടായിരുന്നു മോഹന്‍രാജിന് ഇഷ്ടം. അങ്ങനെ ഒരു ഷൂട്ടിങിനിടയില്‍ കാലിന് പരിക്കു പറ്റി ഏറെക്കാലം ചികിത്സയിലായിരുന്നു. വില്ലന്‍ വേഷങ്ങളില്‍ തന്റേതായ ശൈലി കൊണ്ടുവന്ന മോഹന്‍രാജ് ജീവിതത്തില്‍ ഒരു പച്ചയായ മനുഷ്യനാണ്. തിരുവനന്തപുരത്ത്, തന്റെ നാട്ടില്‍ സിനിമാക്കാരന്റെ ജാഡയില്ലാതെ സാധാരണക്കാരനെ പോലെ ഇറങ്ങി നടന്ന് എല്ലാവരോടും കുശലം പറയുന്ന മോഹന്‍രാജിനെ കുറിച്ച് നാട്ടുകാര്‍ വാചാലരാണ്.

അഭിനയത്തിലെ വില്ലന്‍ മാത്രമല്ല, ജീവിതത്തിലെ നായകനാണ് മോഹന്‍രാജ്. എന്‍ഫോസ്‌മെന്റ് അസിസ്റ്റന്‍ ഓഫീസറായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. അതിനിടയില്‍ നാല് വര്‍ഷം മുന്‍പ് കീരിക്കാടന്‍ ജോസ് സാമ്പത്തികമായി തകര്‍ന്നു എന്നും, അവശ നിലയില്‍ ആരുമില്ലാതെ ആശുപത്രിയില്‍ കഴിയുന്നു എന്നുമൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു. അതിനെതിരെ സഹോദരന്‍ രംഗത്തെത്തുകയും ചെയ്തു. ഉഷ എന്നാണ് ഭാര്യയുടെ പേര്. ജയ്ഷ്മ കാവ്യ എന്നിവരാണ് മക്കള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *