ഭീമന് രഘുവിന് എന്തു സംഭവിച്ചു? നടുറോഡില് നിന്ന് ചെയ്യുന്ന ജോലി കണ്ടോ.. വിശ്വസിക്കാനാകാതെ ആരാധകര്
ഞങ്ങളെ സംരക്ഷിക്കു”, സമര മാർഗവുമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ ഭീമൻ രഘു
തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ ‘പാവപ്പെട്ടവർക്കും നീതി ഉറപ്പാക്കൂ’ എന്ന പ്ലക്കാർഡും കയ്യിലേന്തി നിന്നയാളെ കണ്ട് യാത്രക്കാരും പോലീസുകാരും മാധ്യമ പ്രവർത്തകരും ഒന്നു സൂക്ഷിച്ചു നോക്കി. വെള്ളിത്തിരയിൽ കണ്ടു പരിചിതമായ നടനെ കണ്ട് അവർ അതിശയത്തോടെ ചുറ്റു കൂടി. വില്ലൻ കഥാപാത്രങ്ങളിലൂടെ ഇഷ്ടം നേടിയ ഭീമൻ രഘുവായിരുന്നു സെക്രട്ടറിയേറ്റിനു മുന്നിൽ പുതിയ സമര മാർഗവുമായെത്തിയത്.ഭീമൻ രഘു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ചാണ.”പാവപ്പെട്ടവർക്കു നീതി ഉറപ്പാക്കൂ, ഞങ്ങളെ സംരക്ഷിക്കു” എന്ന പ്ലക്കാർഡും കയ്യിലേന്തി കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ നിരത്തിൽ സമരം നടത്തിയ ഒറ്റയാർ പോരാളിയെ ആദ്യം ആരും പരിഗണിച്ചില്ല. ദിവസവും നിരവധി പ്രതിഷേധങ്ങളും സമരമുറകളും അരങ്ങേറുന്ന സെക്രട്ടറിയേറ്റ് പരിസരത്ത് ആ കാഴ്ച പുതിയതായിരുന്നില്ല. പഴയൊരു ചാണയും ഒരു കീറിയ സഞ്ചിയും കൈലി മുണ്ടും കറുത്ത ഷർട്ടും അണിഞ്ഞു നിൽക്കുന്ന ഏതോ ഒരു തമിഴൻ എന്നാണ് അതുവഴി നടന്നു പോയവരും സമീപത്തുണ്ടായിരുന്ന പോലീസും കരുതിയത്.എങ്കിലും വെറുതെ ഒന്നു നോക്കിയവർക്ക് ആ തമിഴനെ എവിടെയോ കണ്ട് പരിചയം. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയവർ ആ മുഖം തിരിച്ചറിഞ്ഞു, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻമാരിൽ ഒരാളായ ഭീമൻ രഘു! അതു സിനിമാ നടൻ ഭീമൻ രഘുവല്ലേ എന്നു പറഞ്ഞ് പതിയെ ആളുകൾ അദ്ദേഹത്തിനു ചുറ്റും കൂടി. ആൾക്കൂട്ടം കണ്ട് പോലീസും മാധ്യമ പ്രവർത്തകരും ശ്രദ്ധിച്ചു. എല്ലാവരും ഭീമൻ രഘുവിന് ചുറ്റും കൂടി കാര്യം അന്വേഷിച്ചു. എന്തിനുവേണ്ടിയുള്ള സമരമാണ് അദ്ദേഹം നടത്തുന്നതെന്ന് അവർ ഓരോരുത്തരും ചോദിച്ചു.ചാണയിൽ കത്തിയിൽ മൂർച്ച കൂട്ടുന്ന ശ്രദ്ധയോടും കാര്യ ഗൗരവത്തോടും ഭീമൻ രഘു പറഞ്ഞു, ഇതു സമരമല്ല, താൻ സംവിധാനം ചെയ്തു നായകനായി മാർച്ച് 17 ന് തിയറ്ററിൽ റിലീസ് ചെയ്യുന്ന പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമാണ് എന്ന്. ആളുകളുടെ മുഖത്ത് ആശ്ചര്യവും ഒപ്പം ചിരിയും നിറഞ്ഞു. നായകൻ്റെ ഇടി കൊണ്ടു വീഴാനും പഞ്ച് ഡയലോഗ് പറയാനും ഇടക്കാലത്ത് കോമഡിയിലും ഇടം കണ്ടെത്തിയ ഭീമൻ രഘു നായകനായെത്തുന്ന സിനിമ ചാണയുടെ വിശേങ്ങളും കൊതുകങ്ങളും ചോദിച്ചറിയുന്നതിനായിരുന്നു ആളുകളുടെ ആവേശം. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണ.ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തൻ്റെ തൊഴിൽ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വന്ന തമിഴ് യുവാവിൻ്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ തമിഴ് യുവാവിനെ ഭീമൻ രഘുവാണ് അവതരിപ്പിക്കുന്നത്. നായകനും സംവിധായകനുമാകുന്നതിനൊപ്പം ചിത്രത്തിൽ പിന്നണി ഗാനരംഗത്തും നടൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ ഏറെ ഹൃദയഹാരിയായ ഒരു തമിഴ് ഗാനമാണ് ഭീമൻ രഘു ആലപിച്ചിരിക്കുന്നത്. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണത്. നേരത്തെ ഭക്തി ഗാന വീഡിയോകളിൽ പാടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ചലച്ചിത്ര പിന്നിണി ഗാനരംഗത്തേക്ക് കടക്കുന്നത്. രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഭീമൻ രഘുവിനോടൊപ്പം പുതുമുഖം മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായികയാകുന്നത്.
വേറിട്ടൊരു സമര മാർഗത്തിലൂടെ തൻ്റെ സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്നു ഭീമൻ രഘു പറയുന്നു. സെക്രട്ടറിയേറ്റിനു മുന്നിലൂടെ പോയപ്പോൾ വളരെ ആകസ്മികമായി തോന്നിയ ആശയമായിരുന്നു സമര മാർഗം. സിനിമയിലെ കഥാപാത്രം കനകരാജനായി അതേ പ്രകൃതത്തിൽ ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിലേക്ക് സിനിമ എത്തിക്കാനായിരുന്നു ശ്രമിച്ചത്. ചാണ എന്ന സിനിമ പറയുന്നത് വളരെ ഹൃദയ സ്പർശിയായ കഥയാണ്. ഒരുപിടി പുതുമുഖങ്ങളും നാടകത്തിൽ നിന്നുമുള്ള കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മനോഹരമായി തന്നെ സിനിമ ചിത്രീകരിക്കാനും സാധിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ സത്യജിത്ത് ഫിലിം സൊസൈറ്റിയുടെ മൂന്നു പുരസ്കാരങ്ങൽ ലഭിച്ചത് ആദ്യ സിനിമ ഒരുക്കുന്ന സംവിധായകൻ എന്ന നിലയിൽ വളരെ അഭിമാനം നൽകുന്ന കാര്യമാണ്, ഭീമൻ രഘു പറഞ്ഞു.
സിനിമയ്ക്കു വേണ്ടി 8000 രൂപ കൊടുത്ത് മേടിച്ച ഉപകരണത്തെക്കുറിച്ചും ഭീമൻ രഘു പറഞ്ഞു. കത്തിക്കും മറ്റും മൂർച്ച കൂട്ടുന്ന ചാണ വളരെ അപകടം പിടിച്ചതാണെന്നും അതിനാൽ പരിശീലനം നടത്തിയാണ് ഷൂട്ടിംഗും തുടങ്ങിയതെന്നു നടൻ കൂട്ടിച്ചേർത്തു. ചാണയിൽ കത്തി മൂർച്ച കൂട്ടിയും സിനിമയുടെ പോസ്റ്റർ വിതരണം ചെയ്തും ഭീമൻ രഘു ആളുകളെ ആവേശത്തിലായി. സിനിമയുടെ വിശേഷങ്ങളും വിവരങ്ങളും പങ്കുവെച്ച ശേഷം വന്നു ചേർന്നവർക്കൊപ്പെ സെൽഫിയെടുത്തുമാണ് താരം സന്തോഷം പങ്കുവെച്ചത്.
@All rights reserved Typical Malayali.
Leave a Comment