നിറവയറുമായി മരത്തിൻ്റെ മുകളിൽ കയറി.. തങ്ങിയത് ദിവസങ്ങൾ.. അവസാനം പൊന്നോമന പിറന്നു..
ഏറുമാടത്തിലെ ഗർഭിണി: പൊന്നമ്മയ്ക്ക് പെൺകുഞ്ഞ് പിറന്നു; ‘രാജലക്ഷ്മി’.വന്യമൃഗങ്ങളെ ഭയന്ന് മരത്തിന് മുകളിൽ അന്തിയുറങ്ങിയിരുന്ന ളാഹ മഞ്ഞത്തോട് സ്വദേശി പൊന്നമ്മയ്ക്ക് പെൺകുഞ്ഞ് പിറന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സുഖപ്രസവം.പത്തനംതിട്ട: മരമുകളിലെ ഗർഭിണിക്ക് മെഡിക്കൽ കോളേജിൽ സുഖപ്രസവം. സുരക്ഷിതമല്ലാത്ത വീട്ടിൽ വന്യമൃഗങ്ങളെ ഭയന്ന് 30 അടി ഉയരത്തിൽ മരത്തിന് മുകളിൽ ഏറുമാടം തീർത്ത് അന്തിയുറങ്ങിയിരുന്ന പൊന്നമ്മയ്ക്ക് പെൺകുഞ്ഞ് പിറന്നു. ശബരിമല പാതയിൽ ളാഹ മഞ്ഞത്തോടിൽ രാജേന്ദ്രന്റെ ഭാര്യ പൊന്നമ്മയാണ് കോട്ടയം മെഡിക്കൽ കോളേജിൽ സുരക്ഷിതമായി പ്രസവിച്ചത്.മാതാപിതാക്കൾക്കൊപ്പം രണ്ടു മക്കളുമാണ് ജീവൻ ഭയന്ന് മരത്തിന് മുകളിൽ കഴിഞ്ഞത്. മരക്കൊമ്പുകൾകൊണ്ട് നിർമ്മിച്ച എണിയിലൂടെയാണ് സന്ധ്യയാകുമ്പോൾ മുകളിൽ എത്തിയിരുന്നത്. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്ത ആയതോടെ ആരോഗ്യമന്ത്രിയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരും ഇടപെട്ടതോടെ ഇവർക്ക് സഹായങ്ങൾ ലഭ്യമായി തുടങ്ങിയിരുന്നു.മൂന്നുമാസം ഇവർ ഏറുമാടത്തിനു മുകളിൽ ടാർപ്പോളിൻ വലിച്ചു കെട്ടിയാണ് കഴിഞ്ഞത്. മഴ പലപ്പോഴും വില്ലനായിരുന്നു. മഴ കഴിഞ്ഞ ശേഷം രാത്രിയിൽ നനഞ്ഞു കിടക്കുന്ന പടികളിലൂടെ മുകളിൽ കയറുന്നത് ഏഴുമാസം ഗർഭിണിയായ പൊന്നമ്മയ്ക്ക് ഏറെ വിഷമമായിരുന്നു. കാൽ ഒന്നിടറിയാൽ അപകടത്തിൽപ്പെടുന്ന അവസ്ഥ. എട്ടും മൂന്നും വയസുള്ള രണ്ട് ആൺമക്കളുമുള്ള ഇവരെ സംരക്ഷിക്കുന്നതിനായി രാജേന്ദ്രൻ രാത്രിയിൽ ഉറക്കമൊഴിച്ചിരുന്നു.പിന്നീട് ആരോഗ്യമന്ത്രി ഇടപെട്ട് ഏറുമാടത്തിൽ കഴിഞ്ഞ പൊന്നമ്മയെ തുടർചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കു ശേഷം പൊന്നമ്മയേയും മക്കളേയും ഗവ. മഹിളാ മന്ദിരത്തിൽ താമസിപ്പിക്കുന്നതിനും മന്ത്രി നിർദേശം നൽകിയിരുന്നു. എന്നാൽ, ചികിത്സയ്ക്കു ശേഷം വനത്തിലേക്ക് ഉടൻതന്നെ മടങ്ങണമെന്ന നിലപാടിലാണ് രാജേന്ദ്രൻ. നാട്ടിലെ കാലാവസ്ഥ തങ്ങൾക്കും മക്കൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് രാജേന്ദ്രൻ അന്ന് പറഞ്ഞിരുന്നത്.
ശബരിമല ഉൾവനത്തിനുള്ളിൽ കഴിഞ്ഞ രാജേന്ദ്രനെയും കുടുംബത്തെയും സർക്കാരാണ് ഒരു വർഷം മുൻപ് മഞ്ഞത്തോട് രാജാമ്പാറയിൽ എത്തിച്ചത്. റോഡരികിലെ വനത്തിൽ ഇവർ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു. വനവിഭവങ്ങൾ ശേഖരിച്ചിരുന്ന രാജേന്ദ്രന്റെ അവസ്ഥ ഇങ്ങനെയായതോടെ വരുമാനവും നിലച്ചു. അടച്ചുറപ്പുള്ള ഒരു ഷെഡ്ഡ് നിർമ്മിക്കാൻ കഴിഞ്ഞില്ല. വനഭൂമിയിൽ നാലുവശത്തും മരക്കമ്പുകൾ നാട്ടി അതിൽ ചെറിയ ടാർപ്പ വലിച്ചു കെട്ടിയതായിരുന്നു ഇവരുടെ വീട്. മണ്ണിൽ പായ വിരിച്ച് കിടക്കുന്നതിനുള്ള സൗകര്യം മാത്രം. ആനയുടെ സഞ്ചാരമുള്ള മേഖലയായിരുന്നു ഇവിടം. കൂടാതെ പലപ്പോഴും പുലിയുടെ സാന്നിധ്യവും കണ്ടു. ഇതോടെയാണ് രാത്രിയിൽ അന്തിയുറങ്ങാൻ മരത്തിന് മുകളിൽ ഏറുമാടം നിർമ്മിച്ചത്.ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ പൊന്നമ്മയ്ക്കും കുടുംബത്തിനും ജില്ല ട്രൈബൽ ഓഫീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ചികിത്സയും സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. നാട്ടിലെ ചില സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഷെഡ്ഡ് നിർമ്മാണം ആരംഭിച്ചു. മുളയും ടിൻ ഷീറ്റും ഉപയോഗിച്ച് താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ചു നൽകി. നിർമ്മാണം പൂർത്തീകരിച്ച് രാജേന്ദ്രനും കുടുംബവും താമസം തുടങ്ങി. പിന്നീട് ജില്ലാ ജഡ്ജ്, മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിലെത്തി കഴിഞ്ഞ ആഴ്ചയാണ് പൊന്നമ്മയെ പത്തനംതിട്ട ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്. അവിടെനിന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച യുവതി കഴിഞ്ഞദിവസമാണ് പ്രസവിച്ചത്. കുഞ്ഞിന് രാജലക്ഷ്മി എന്ന് പേരിട്ടു.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങൾ പൂർണമായും പണച്ചെലവില്ലാതെയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതി മുഖേനയാണ് ഇത് സാധ്യമാകുന്നത്. ഈ പദ്ധതിയിൽ അംഗമായ സർക്കാർ ആശുപത്രികളിൽ പ്രസവത്തിനായി എത്തുന്നവർക്ക് സാധാരണ പ്രസവം ആയാലും ഓപ്പറേഷൻ ആയാലും ആശുപത്രി ചെലവ്, മരുന്നുകൾ, പരിശോധനാ ചെലവ് എന്നിവയെല്ലാം പൂർണ സൗജന്യമാണ്. ആശുപത്രിയിൽ ഇല്ലാത്ത പരിശോധനയും മരുന്നുകളും പുറമേനിന്ന് സൗജന്യമായി ലഭ്യമാക്കും. ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യത്തിൽ ആംബുലൻസ് സൗജന്യമായി ലഭ്യമാക്കും. പ്രസവശേഷം ഒരു മാസം വരെ അമ്മയ്ക്കും ഒരു വയസു വരെ കുട്ടിക്കും സൗജന്യ ചികിത്സയും ഈ പദ്ധതിപ്രകാരം ലഭ്യമാണെന്നും ഡിഎംഒ പറഞ്ഞു.പ്രസവശേഷം നഗര പ്രദേശത്തുള്ളവർക്ക് 600 രൂപയും ഗ്രാമപ്രദേശത്തുള്ളവർക്ക് 700 രൂപയും ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം ആശുപത്രിയിൽനിന്ന് അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. പട്ടികവർഗ വിഭാഗക്കാർക്ക് പ്രസവത്തിനെത്തിയവർക്ക് 150 രൂപയും ഒരു കൂട്ടിരിപ്പു സഹായിക്ക് 200 രൂപയും പ്രകാരം ദിവസേന 350 രൂപ പട്ടികവർഗ വകുപ്പ് ഫണ്ടിൽനിന്ന് പ്രസവം നടക്കുന്ന ആശുപത്രി നൽകും. പട്ടികവർഗ ഗർഭിണിക്ക് പ്രസവത്തിനായി ആശുപത്രിയിൽ എത്താനായി സൗജന്യ ആംബുലൻസ് സേവനവും ലഭ്യമാണന്ന് ഡിഎംഒ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment