സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു നിയമ നടപടികള്‍ സ്വീകരിക്കുന്നില്ല യുവാവിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് അപർണ

അപ‍ർണ ബാലമുരളി എന്ന നടിയോട് വിഷ്ണു സാപിയൻ എന്ന ഒരു ലോ കോളേജ് വിദ്യാർത്ഥി അസൗകര്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയത് ചർച്ചയായിരിക്കുകയാണ്. ഒരു സ്വകാര്യം ഇടം അഥവാ പ്രൈവറ്റ് സ്പേസ് എന്നൊന്ന് ഉണ്ടെന്ന് ആ വിദ്യാർത്ഥിക്ക് അറിയില്ല എന്നത് ഗൗരവപ്പെട്ട കാര്യമാണ്. ഒപ്പം തന്നെ ആ വിദ്യാർത്ഥിയെ വ്യക്തിപരമായി നേരിടുന്ന സമീപനത്തിലും ചില പ്രശ്നങ്ങളുണ്ട്.സിനിമ പ്രൊമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജ് ക്യാമ്പസിലെത്തിയ അപര്‍ണ്ണ ബാലമുരളിയുടെ അനുവാദമില്ലാതെ അവരുടെ തോളില്‍ കൈയിടാൻ ശ്രമിച്ച ഒരു ആണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ‘ആഘോഷ’മാണ്. ആ ആണ്‍കുട്ടി ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുന്നതായി അധികം പോസ്റ്റുകളില്ല എന്നത് നമ്മുടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ്. എന്നിരിക്കിലും ഈ ലോകത്ത് സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരേ ഒരാള്‍ ആ ആണ്‍കുട്ടിയാണെന്ന സമീപനമാണ് ഭൂരിഭാഗം പ്രതികരണങ്ങളിലും കാണാനുള്ളത്.സോഷ്യല്‍ മീഡിയയില്‍ പൊതുവെയുള്ളൊരു ട്രെൻഡാണ്, ഒരാളെ ‘ട്രോളി കൊല്ലു’ന്നതും, രണ്ടുദിവസം കഴിഞ്ഞാല്‍ ആ വിഷയം മറന്നു കളയുന്നതും. വ്യക്തിയെ കേന്ദ്രീകരിക്കാതെ വിഷയത്തെ അഡ്രസ് ചെയ്യാന്‍ പലപ്പോഴും നമ്മള്‍ മറന്നു പോകാറുണ്ട്. ലോ കോളേജിലെ ആ ആണ്‍കുട്ടിയുടെ പ്രവൃത്തിയിലെ പ്രശ്‌നങ്ങള്‍ പറയുന്നതിന് പകരം അവനാണ് ഈ ലോകത്തെ ഏറ്റവും മോശം വ്യക്തി എന്ന നിലയ്ക്ക് വിമര്‍ശനം വഴിതെറ്റിപ്പോകുന്നു. വിമര്‍ശനങ്ങള്‍ വ്യക്ത്യധിഷ്ടിതം മാത്രമായിപ്പോകുന്നത് മാറ്റങ്ങളെ തടുക്കുന്ന ഒരു പ്രവണതയാണ്. സ്ത്രീയുടെ പേഴ്‌സണല്‍ സ്‌പേസിലേക്ക് ഇടിച്ചു കയറുന്ന വ്യക്തി അവന്‍ മാത്രമാണെന്നു പറയുന്നതിലൂടെ, അല്ലെങ്കില്‍ വിരല്‍ അവനിലേക്ക് മാത്രം ചൂണ്ടുന്നതിലൂടെ പലരും വളരെ എളുപ്പത്തില്‍ രക്ഷപ്പെടുന്നതായി കാണാം. പലരും അവനവനിലെ സ്വകാര്യതാലംഘകരെ മറച്ചുപിടിക്കാനുള്ള ഒരവസരമായി ഈ വിരൽച്ചൂണ്ടലിനെ കണ്ടിരിക്കുന്നു. ആ വിദ്യാർത്ഥിയുടെ പ്രവൃത്തി മോശമായി എന്നു പറയുന്ന സന്ദർഭത്തിൽ തന്നെ അത്തരം പ്രവൃത്തികൾക്ക് മുതിരുന്ന എല്ലാവരേയും അഡ്രസ് ചെയ്യുക കൂടി വേണം. ഇത് കേവലം ഒരു ക്യാമ്പസില്‍ ഒരു ആണ്‍കുട്ടി ചെയ്യുന്ന പ്രവൃത്തി എന്നതിനപ്പുറം, ദിനവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമായിക്കണ്ട് പ്രതികരണങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഉണ്ടാകണം. കോര്‍ ഇഷ്യൂ അഡ്രസ് ചെയ്യപ്പെട്ടാല്‍ താന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിസ്ഥാനത്തേക്ക് വന്നേക്കാം എന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. തെറ്റു ചെയ്യുന്നവരെ ആക്രമിക്കുന്നവർക്കൊപ്പം നിന്നാൽ താന്‍ വിശുദ്ധനാക്കപ്പെട്ടേക്കുമെന്ന ചിന്തയായിരിക്കണം പലരേയും നയിക്കുന്നത്.

പ്രശ്‌നങ്ങളോട് പെരിഫറലായി മാത്രം പ്രതികരിക്കുന്ന സോഷ്യല്‍ മീഡിയ രീതിയാണ് ഇവിടെയും ഇത് വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു സിനിമയില്‍ പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള സംഭാഷണങ്ങളുണ്ടെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്താനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും കാണിക്കുന്ന ആര്‍ജ്ജവം സിനിമയുടെ മൊത്തം ആശയത്തെ വിമര്‍ശിക്കാന്‍ പൊതുവില്‍ ആളുകള്‍ കാണിക്കാറില്ല. പൊളിറ്റിക്കലി വളരെ റോങ് ആയ ആശയം പറയുന്ന ‘മകള്‍’ എന്ന സിനിമ എന്തുകൊണ്ട് ‘കടുവ’യിലെ ഡയലോഗിനോളം വിമര്‍ശിക്കപ്പെടുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത് കോര്‍ ഇഷ്യൂവിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള നമ്മുടെ മടിയിലാണ്. അഥവാ, വാക്കുകള്‍ പുറമേയ്ക്ക് നല്ലതായിരിക്കുകയും പ്രവൃത്തിയില്‍ അത് ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെ നമ്മള്‍ ഗൗരവത്തോടെ കാണാതിരിക്കുന്നതിലാണ്.ഈയിടെ സമാനമായ രീതിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഒരു വിഷയമാണ് കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പാതിരിക്കുന്നത്. ഈ വിഷയം പക്ഷെ ചെന്നെത്തിയത് പഴയിടം നമ്പൂതിരി എന്ന വ്യക്തിയിലാണ്. ബ്രാഹ്മണ്യത്തോടുള്ള എതിര്‍പ്പ് പഴയിടത്തോടുള്ള എതിര്‍പ്പാവുന്നതും, ബ്രാഹ്മണ്യത്തോടുള്ള യുദ്ധം പഴയിടത്തോടുള്ള യുദ്ധമാകുന്നതും നമ്മള്‍ കണ്ടു. ഇത്തരം വിമര്‍ശനങ്ങള്‍ പാടില്ല എന്നല്ല. എന്നാല്‍ വിമർശനം വ്യക്തിയിലൊതുങ്ങാതെ വിശാലമായി കാര്യങ്ങളെ കാണാനും പഠിക്കാനും അതിനെ വിമര്‍ശിക്കാനുമാണ് നമ്മള്‍ തയ്യാറാകേണ്ടിയിരുന്നത്. ലോ കോളേജിലെ ഒരു ആൺകുട്ടി ചെയ്ത തെറ്റിനെ വിമര്‍ശിക്കേണ്ടത് ഒരു ദിവസം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ആ വ്യക്തിയെ ആക്രമിച്ചുകൊണ്ടാവരുത്. ഈ വിഷയം രണ്ട് ദിവസത്തില്‍ കൂടുതല്‍ ആരും ചര്‍ച്ചചെയ്യില്ല എന്നുള്ളത് മറ്റൊരു വിഷയം. ലോ കോളേജ് വിഷയത്തില്‍ പ്രതികരിക്കുന്നവരില്‍ എത്രപേര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇറങ്ങിയിട്ടുള്ള സ്വന്തം ജീവിതത്തില്‍ ഇത്തരം പേഴ്‌സണല്‍ സ്‌പേസുകള്‍ മാനിക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ടത് അനിവാര്യമാണ്. അത്തരം ചിന്തകളിലൂടെയും, തിരിച്ചറിവുകളിലൂടെയും മാത്രമേ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയൂ.കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ആലോചനകളെ പ്രേരിപ്പിക്കുന്ന തരത്തിലായിരിക്കണം വ്യവസ്ഥാപിത മാധ്യമങ്ങൾ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്. മാധ്യമങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ നിന്നു കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. വിഷയത്തെ ആഴത്തിലും ഗൗരവത്തിലും കാണാന്‍ മാധ്യമങ്ങളും ബാധ്യസ്ഥരാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *