തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും രക്ഷപ്പെട്ടു; അപര്‍ണ ഗോപിനാഥിന് എന്താണ് സംഭവിച്ചത്?

എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഇന്റസ്ട്രിയിലേക്ക് എത്തിയതാണ് അപര്‍ണ ഗോപിനാഥ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും, കണ്ടംപററി ഡാന്‍സറുമായ അപര്‍ണ സിനിമയിലെത്തിയപ്പോള്‍ അതിന്റേതായ പക്വതയും, മിതത്വവും അഭിനയത്തില്‍ ഉണ്ടായിരുന്നു. മുന്നറിയിപ്പ്, ചാര്‍ലി പോലുള്ള സിനിമകളിലൂടെ അപര്‍ണ കൂടുതല്‍ സജീവമായി. എന്നാല്‍ 2019 ന് ശേഷം ഇന്റസ്ട്രിയില്‍ നിന്നും പാടെ അകന്നു നില്‍ക്കുകയാണ് നടി.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അപര്‍ണ തന്റെ കാഴ്ചകളും, യാത്രകളും , ഫോട്ടോകളും എല്ലാം അവിടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ എല്ലാ ചിത്രങ്ങളും ബ്ലാക്ക് ആന്റ് വൈറ്റില്‍ ഉള്ളതായിരിക്കും. എന്താണ് ഇങ്ങനെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് എന്ന് പലരും ചോദിച്ചുവെങ്കിലും, അതിനൊന്നും അപര്‍ണ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

എന്നാല്‍ അപര്‍ണയുടെ കഴിഞ്ഞ കുറച്ച് പോസ്റ്റുകള്‍ ആളുകളെ ശരിക്കും കണ്‍ഫൂഷനില്‍ ആക്കിയിരിക്കുകയാണ്. തന്റെ തന്നെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച പോസ്റ്റിലെ ക്യാപ്ഷനാണ് ആളുകളെ കണ്‍ഫ്യൂഷനിലാക്കുന്നത്. അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ, അവസ്ഥയില്‍ നിന്നോ കരകയറി വന്നിരിക്കുകയാണ് എന്ന് എല്ലാ പോസ്റ്റിലും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എന്താണ് ആ അവസ്ഥ എന്ന് നടി പറയുന്നില്ല.

‘തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു’ എന്ന് പറഞ്ഞാണ് ആദ്യത്തെ പോസ്റ്റ്. തുടക്കം, പുതിയ തുടക്കം, ഓരോ പാളികളായി, പ്രാര്‍ത്ഥന എന്നൊക്കെയാണ് ആ പോസ്റ്റിന് ഹാഷ് ടാഗ് നല്‍കിയത്.

‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി’ എന്ന് മറ്റൊരു ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിയ്ക്കുന്നു. പ്രാര്‍ത്ഥന, അത്ഭുതം, 2024, വിശ്വാസം എന്നിങ്ങനെയൊക്കെയാണ് ആ പോസ്റ്റിന് നല്‍കിയ ഹാഷ് ടാഗ്. ‘വെറുതേ ഇരിക്കുന്നത് ഒരു കലയാണ്, അതിന് പഠിക്കുക’ എന്ന് പറഞ്ഞാണ് ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. പ്രാര്‍ത്ഥനകള്‍, സ്‌നേഹം, നിലവിലുണ്ട്, തഴച്ചുവളരുക, തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നിങ്ങനെയാണ് ആ പോസ്റ്റിനൊപ്പം ഹാഷ് ടാഗ് ആയി നല്‍കിയിരിക്കുന്നത്.

ഇതുകൂടെയായപ്പോഴാണ് അപര്‍ണ ഗോപിനാഥിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യം കമന്റ് ബോക്‌സില്‍ ശക്തമായി ഉയരുന്നത്. എന്തെങ്കിലും അസുഖമായിരുന്നോ എന്ന ചോദ്യമാണ് കൂടുതല്‍ ആളുകളും ചോദിയ്ക്കുന്നത്. എന്തുകൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു സിനിമ പോലും ചെയ്യാതിരുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *