ടെഡിയും ബാർബിയുമൊന്നുമല്ല! കൃഷ്ണനാണ് കമലയുടെ ഫ്രണ്ട്! മകളെക്കുറിച്ച് അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്

അവതരണവും അഭിനയവും എഴുത്തുമൊക്കെയായി സജീവമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍മീഡിയയിലൂടെയും അവര്‍ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇളയ മകളായ കമലയെക്കുറിച്ചുള്ളൊരു പോസ്റ്റാണ് ഒടുവിലായി അശ്വതി പങ്കുവെച്ചിട്ടുള്ളത്.

വിഷുക്കണിയിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കൃഷ്ണനെ അലമാരയിൽ നിന്ന് കണ്ടെടുത്ത് കമല കൂടെ കൂട്ടിയിട്ട് കുറച്ച് നാളായി. ടെഡി ബിയറോ ബാർബി ഡോളോ ഒന്നുമല്ല, കമല ഊണിലും ഉറക്കത്തിലും കൂടെ കൊണ്ട് നടക്കുന്ന ഫ്രണ്ട് ഇപ്പോൾ ഇതാണ്. ചോറ് വാരി കൊടുക്കും, പുതപ്പിച്ച് ഉറക്കും, പിണങ്ങിയാൽ ചിലപ്പോ നല്ല അടിയും വച്ച് കൊടുക്കും. ഓടക്കുഴലും കാതിലെ ജിമുക്കയും അങ്ങനെ ഏതോ വഴക്കിനിടയിൽ ഊരി കളഞ്ഞതാണ്, അല്ല പിന്നെ ! അമ്പോറ്റി ആണേലും അനുസരണ വേണ്ടേ.

കാര്യമെന്ത് പറഞ്ഞാലും അനവധി വീഴ്ച്ചകളിലും കുഞ്ഞുകുഞ്ഞ് വാശികളിലും പരിഭവങ്ങളിലും ഉടയാതെ പിടിച്ചു നിൽക്കുണ്ട് അഭിനവ മീരയുടെ കൃഷ്ണൻ. മൂന്ന് വർഷം മുന്നേ ഒരു ശ്രീകൃഷ്ണ ജയന്തിയുടെ തലേന്നാണ് ഞാൻ കമലയെ പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. അഷ്ടമി രോഹിണി നാളിൽ ആൺകുട്ടിയാവുമോ എന്ന് എല്ലാവരും ഓർത്തിരുന്നപ്പോൾ, അഷ്ടമി തീർന്ന് മകയിരം തുടങ്ങും വരെ കമലകണ്ണൻ വെയിറ്റ് ചെയ്തു. അപ്പൊ ഇന്ന് കമലയുടെ ഫ്രണ്ടിന് ഹാപ്പി ബർത്ഡേ, നാളെ കമലമ്മൂന് ഹാപ്പി ബെർത്ത് ഡേ എന്നുമായിരുന്നു അശ്വതി കുറിച്ചത്.

ഇതാരാ കമലേ എന്ന് അശ്വതി ചോദിക്കുമ്പോള്‍ എന്റെ ഫ്രണ്ട് എന്ന് പറഞ്ഞ് കൃഷ്ണനെ ചേര്‍ത്ത് പിടിക്കുന്ന കമലയുടെ വീഡിയോയും കുറിപ്പിനൊപ്പമായി അശ്വതി പങ്കുവെച്ചിട്ടുണ്ട്. ഫ്രണ്ട് എന്ന് പറഞ്ഞ് കൊടുക്കുന്ന ആ ക്യൂട്ട് ജെനുവിന്‍ ഹഗ് ഉണ്ടല്ലോ, കൃഷ്ണന് ഇനി എന്ത് വേണം, കമലയുടെ ഫ്രണ്ടിന് ഹാപ്പി ബര്‍ത്ത് ഡേ. അതുപോലെ കമലയ്ക്ക് അഡ്വാന്‍സ് ആശംസയും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഫ്രണ്ടിനോടുള്ള സ്‌നേഹം മുഴുവനുമുണ്ട് ആ സംസാരത്തില്‍. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്. നേരത്തെയും കമലയെക്കുറിച്ചുള്ള പോസ്റ്റുകള്‍ അശ്വതി പങ്കുവെച്ചിട്ടുണ്ട്. മൂത്ത മകളായ പത്മയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. രണ്ട് ദിവസം മുന്‍പായിരുന്നു അശ്വതിയും ശ്രീകാന്തും 12ാമത് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആഘോഷത്തിലും താരമായിരുന്നു കമല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *