ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി വനിതാ കേഡറ്റ് കൊച്ചിയിലെത്തി; 16 പേർ ഇപ്പോഴും കസ്റ്റഡിയിൽ
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യാക്കാരിലൊരാളായ ഡെക്ക് കേഡറ്റ് ആൻ ടെസ്സ ജോസഫ് തിരികെയെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാൻ സർക്കാരുമായി ഇന്ത്യ നടത്തിയ നിരന്തരമായ ആശയവിനിമയങ്ങൾക്കൊടുവിലാണ് ആൻ ടെസ്സയുടെ വിടുതൽ സാധ്യമായതെന്ന് മന്ത്രാലയം അറിയിച്ചു. തൃശ്ശൂരുകാരിയാണ് ആൻ ടെസ്സ. കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഏരീസിന്റെ ക്ര്യൂ മെമ്പര്‍മരിലൊരാളാണിവർ. ഇന്ന് ഉച്ചതിരിഞ്ഞാണ് ആൻ ടെസ്സ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്.
അതെസമയം മറ്റ് പതിനാറു പേർ ഇപ്പോഴും ഇറാന്റെ കസ്റ്റഡിയിൽ തുടരുകയാണ്. ഇവരെക്കൂടി വിട്ടുകിട്ടാനുള്ള ശ്രമം തുടരുകയാണ്. എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി എല്ലാവർക്കും സംസാരിക്കാൻ കഴിയുന്നുണ്ട്. ഇവരെ വിട്ടുകിട്ടാൻ വേണ്ടി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ ഇറാൻ വിദേശകാര്യമന്ത്രി ആമിർ അബ്ദുള്ളാനുമായി ഫോണിൽ സംസാരിച്ചിരുന്നു.
പോർച്ചുഗീസ് പതാക പേറുന്ന കപ്പലാണ് എംഎസ്‌സി ഏരീസ്. എന്നാൽ ഇത് ഇസ്രായേലിന്റെ കപ്പലാണെന്ന് ഇറാൻ പറയുന്നു. കടൽനിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ഇറാൻ ചരക്കുകപ്പൽ പിടിച്ചുവെച്ചിരിക്കുന്നത്. മധ്യേഷ്യയിൽ ഇസ്രായേൽ-ഗാസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ സംഘർഷങ്ങളുടെ ഭാഗമാണിതും.
@All rights reserved Typical Malayali.
Leave a Comment