മരണം ആർക്കാണ് എപ്പോഴാണ് എന്നൊന്നും പറയാനാകില്ല! കുറച്ചുകാലം കൂടി എന്നെയീ ഭൂമിയിൽ നിർത്തണേ എന്ന് പ്രാർത്ഥിക്കാറുണ്ട്- പൊന്നമ്മയുടെ വാക്കുകൾ

മലയാളത്തിന്റെ അമ്മ മനസായി വിശേഷിപ്പിക്കുന്ന താരമാണ് കവിയൂര്‍ പൊന്നമ്മ. നെറ്റിയിലൊരു വട്ടപ്പൊട്ടും ചിരിച്ച മുഖത്തോടെയുമായാണ് എപ്പോഴും അവരെ കാണാറുള്ളത്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും നിലനിര്‍ത്തിയിരുന്നു അവര്‍. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ആളാണ് പൊന്നമ്മ.

കരിയറിന്റെ തുടക്കത്തില്‍ തന്നെ അമ്മ വേഷം കൈകാര്യം ചെയ്ത പൊന്നമ്മ തന്റെ 20ാമത്തെ വയസിലായിരുന്നു സത്യന്റെയും മധുവിന്റെയും അമ്മയായി എത്തിയത്. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയകാല തുറന്നുപറച്ചിൽ ആണ് വൈറലായി മാറുന്നത്. തന്റെ നിത്യേന ഉള്ള പ്രാർത്ഥനയെക്കുറിച്ചും, മരണത്തെക്കുറിച്ചുള്ള താരത്തിന്റെ ചിന്തകളും, മാളയെ കുറിച്ചുള്ള ഓർമ്മകളും ഒക്കെയാണ് വൈറൽ വീഡിയോയിൽ നിറയുന്നത്.

രാവിലെ എണീറ്റാൽ ഉടനെ തന്നെ ഭഗവൻ കൃഷ്ണനെ പോയി കാണും. കുളിക്കാതെ വിളക്ക് വയ്ക്കാത്തതുകൊണ്ട് ഭഗവാന്റെ പടത്തിൽ കൈ വച്ചുകൊണ്ട് ആ തൃപ്പാദങ്ങളിൽ കുമ്പിടും. സമസ്താപരാധങ്ങളും പൊറുക്കണെ കണ്ണാ എന്നുംപറഞ്ഞുകൊണ്ട് പ്രാർത്ഥിക്കും. കുറച്ചുകാലം കൂടി എന്നെ ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കണേ കണ്ണാ എന്നുഞാൻ പ്രാർത്ഥിക്കും. പിന്നെ മെയിൻ ഡോർ വന്നു തുറക്കും. അപ്പോൾ പെരിയാറിൽ നിന്നും വീശി കിട്ടുന്ന ഒരു കാറ്റുണ്ട്. രാവിലെ വെള്ളം മാത്രമാണ് കുടിക്കുക. കാപ്പിയോ ചായയോ പതിവില്ല. അത് കഴിഞ്ഞാ മുറുക്കും. അതിനു ഒരുപാട് വർഷത്തെ പഴക്കം ഉണ്ട്.
മുറുക്കൽ നിര്ബന്ധമാണ്
ഒരു പൈങ്കിളി കഥയുടെ സെറ്റിൽ വച്ച് എന്റെ ഒപ്പം ഒരു തമിഴ് ബ്രാഹ്മണ സ്ത്രീ ആയിരുന്നു ആയ ആയി ഉണ്ടായിരുന്നത്. അവർ മുറുക്കുന്നത് കണ്ട് കൗതുകത്തിനു തുടങ്ങിയതാണ്. പിന്നെ അത് അങ്ങ് ശീലമായി മാറി. അത് ഉപേക്ഷിക്കാൻ പറ്റിയില്ല. ഡോക്ടർമാർ ഒക്കെ ഉപദേശിച്ചിട്ടുണ്ട്. എങ്കിലും നിർത്താൻ സാധിച്ചിട്ടില്ല. അതായത് സാധാരണ മുറുക്ക് പോലെ അല്ല ഞാൻ മുറുക്കുന്നത്. എല്ലാം തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ട് വരുന്നത്. എനിക്ക് അതിങ്ങനെ വേണം. അത്രയേ ഉള്ളൂ. അല്ലാതെ ചവച്ചു അരച്ച് തിന്നണം എന്നില്ല. മുറുക്ക് കഴിഞ്ഞാൽ വീടൊക്കെ വൃത്തിയാക്കും. ഇതൊക്കെ കഴിഞ്ഞാണ് കുളിയും പല്ലുതേപ്പും ഒക്കെ.

എന്റെ ഇഷ്ടപ്പെട്ട ഭക്ഷണം
നല്ല മൊരിഞ്ഞ ദോശയാണ് എനിയ്ക്ക് ഏറെ ഇഷ്ടം. ശാപ്പാടിന്റെ കാര്യത്തിൽ നിര്ബന്ധമില്ല. ഇഷ്ടം ഇല്ലെങ്കിൽ കഴിക്കില്ല അത്രയേ ഉള്ളൂ. ജോലിക്കാർ എല്ലാം ചെയ്യും എങ്കിലും സാമ്പാർ കഷണങ്ങൾ ഒക്കെ എനിക്ക് തന്നെ നുറുക്കണം. എന്റെ സാമ്പാർ കഴിച്ചിട്ട് എല്ലാരും നല്ലതാണു എന്ന്പറയാറുണ്ട്. രാത്രി ചോറുണ്ണുന്ന ശീലം ഇല്ല. ഗോതമ്പ് ആണ് പതിവ്- കവിയൂർ പൊന്നമ്മ പറയുന്നു.

സീരിയൽ കാണുന്ന പതിവില്ല, സഫാരി ടിവിയും, ഡിസ്കവറി ചാനലും കാണുന്ന പതിവുണ്ട്. മൃഗങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. എല്ലാം കഴിഞ്ഞിട്ട് കിടക്കും. കിടന്നാലും ഉറങ്ങില്ല. ഒരു മണി ആകുമ്പോൾ പിന്നെയും ഉണരും. നാലഞ്ച് വട്ടം എണീക്കും. ഉറക്കം കുറവാണ് എന്നുപറയാം. എണ്ണ തേച്ചു കുളിക്കുന്ന പതിവുണ്ട്. കുഞ്ഞുവാവയെ കുറച്ചുനേരം കളിപ്പിക്കും. ഈ കുഞ്ഞുവാവ എന്ന് പറയുന്നത് എന്റെ നായക്കുട്ടിയാണ്. എനിക്ക് 12 നായക്കുട്ടികൾ ഉണ്ടായിരുന്നു. അതിലെ ഒടുക്കത്തെ കുട്ടിയാണ് ഇവൻ. കുഞ്ചു എന്നാണ് പേര് പക്ഷെ ഞാൻ കുഞ്ഞുവാവേ എന്നാണ് വിളിക്കുക.

ആര്ക്കാണ് എപ്പോളാണ് എന്ന് പറയാനാകില്ല

നടൻ മാളയുമായുള്ള ബന്ധത്തെക്കുറിച്ചും പൊന്നമ്മ സഫാരിയിൽ മനസ്സ് തുറന്നു. മനുഷ്യന്റെ ജീവിതം എന്നുപറയുന്നത് അത്രയേ ഉള്ളൂ. ഇന്ന് കാണുന്നവനെ നാളെ കാണില്ല. ഒരാൾ മരിക്കുമ്പോൾ നമ്മൾക്ക് സഹതാപം ആണ്. പക്ഷെ പിറ്റേന്ന് നമ്മളും പുറകെ ഉണ്ടെന്നു നമ്മൾ ചിന്തിക്കില്ല. മരണം ആർക്കാണ് എപ്പോഴാണ് എന്നൊന്നും പറയാൻ ആകില്ല. അത് ആ ഒരു ശക്തിയ്ക്ക് മാത്രമേ അറിയൂ- പൊന്നമ്മ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *