ഗായിക ചിത്ര കാരണം സംഭവിച്ചത്.. നെഞ്ചുപൊട്ടി ലതിക ടീച്ചര്‍

മുന്നൂറിലധികം ചിത്രങ്ങളിൽ പാട്ടുപാടി, മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഗായികയാണ് ലതിക. പതിനാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീതസംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ ‘പുഷ്പതല്പത്തിൻ’ എന്ന ഗാനത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഗായിക, കുറച്ചു കാലമായി ചലച്ചിത്ര രംഗത്തുനിന്ന് വിട്ടു നിൽക്കുകയാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ പാട്ടുകൾ പ്രശസ്തരായ ഗായികമാരുടെ പേരിൽ നിർമാതാക്കൾ വിറ്റഴിച്ചതിനെ കുറിച്ച് ലതിക നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്. “എന്റെ പാട്ടുകൾ പലതും കെഎസ് ചിത്ര, വാണി ജയറാം തുടങ്ങിയ എന്നേക്കാൾ പ്രശസ്തരായ ഗായികമാരുടെ പേരിൽ നിർമ്മാതാക്കൾ വിറ്റഴിച്ചിട്ടുണ്ട്, ചെന്നൈയിലായിരുന്ന ഞാൻ ഇതൊന്നും അറിഞ്ഞിരുന്നുല്ല,” ഫിലിമി ബീറ്റിനു നൽകിയ അഭിമുഖത്തിൽ ലതിക ടീച്ചർ പറഞ്ഞു.

സംഗീത ജീവിതത്തിലെ തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഗാനഗന്ധർവൻ യേശുദാസാണ് എന്നാണ് ലതിക ടീച്ചർ പറയുന്നത്. “ശാസ്ര്തീയമായി സംഗീതം പഠിക്കാൻ സംഗീത കോളേജിൽ ചേരാൻ നിർബന്ധിച്ചതു ദാസേട്ടനായിരുന്നു. തുടർന്ന് അതേ കോളേജിൽ അധ്യാപികയാകാൻ കാരണമായതും ദാസേട്ടന്റെ ഉപദേശമാണ്,” അവർ കൂട്ടിച്ചേർത്തു.

സിനിമ മേഖലയിൽ നിന്ന് തന്റെ പ്രതാപ കാലത്തു തന്നെ സംഗീത കോളേജിലെ അധ്യാപക ജോലിയിലേക്ക് ചുവടുമാറ്റിയത് മികച്ച തീരുമാനമായി തന്നെയാണ് ഇപ്പോഴും കണക്കാക്കുന്നത്, കാരണം ചലച്ചിത്രമേഖല ഒരിക്കലും സ്ഥിരതയുള്ള ഒരു മേഖലയല്ലെന്ന് ലതിക ടീച്ചർ പറയുന്നു.

“തുടക്കകാലത്ത് മലയാളചലച്ചിത്ര മേഖലയിലെ ഗ്രൂപ്പിസം ബാധിച്ചിട്ടുണ്ട്, സംഗീതം കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഒരാളായതു കൊണ്ടുതന്നെ പാട്ടുപാടാൻ പ്രതിഫലം ചോദിച്ചത്, പല നിർമ്മാതാക്കളെയും തന്നെ അവരുടെ ചിത്രത്തിൽ പാട്ടുപാടിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്,” ലതിക ടീച്ചർ ഓർക്കുന്നു.

‘വന്ദനം’ എന്ന ചിത്രത്തിലെ ‘ലാലാ…ലാലാ.. ലലലാ.. ലാലാ…’ എന്നു തുടങ്ങുന്ന ഹൃദയസ്പർശിയായ ഹമ്മിംഗ് പാടിയതു ലതിക ടീച്ചറാണ്. ‘വന്ദനം’ മാത്രമല്ല ‘ചിത്രം’, ‘താളവട്ടം’ എന്നു തുടങ്ങി എൺപതുകളിൽ ഇറങ്ങിയ നിരവധി ചിത്രങ്ങൾക്കു വേണ്ടി ലതിക ടീച്ചർ ഹമ്മിംഗ് നൽകിയിട്ടുണ്ട്.

‘കാതോടു കാതോരം’ എന്ന പാട്ടാണ് ലതികയെ ആദ്യകാലത്ത് ഏറെ പ്രശസ്തയാക്കിയത്. ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി’, ‘നീയെൻ സർഗസൗന്ദര്യമേ’ തുടങ്ങിയ ഗാനങ്ങളും ആലപിച്ചത് ലതിക ടീച്ചറാണ്. ‘ചിലമ്പി’ലെ ‘താരും തളിരും’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിലെ ‘പൂ വേണം, പൂപ്പട വേണം’, വൈശാലിയിലെ ‘ദും ദും ദും ദുന്ദുഭിനാദം’, ‘അമര’ത്തിലെ ‘പുലരേ പൂങ്കോടിയിൽ’, ‘വെങ്കല’ത്തിലെ ‘ഒത്തിരി ഒത്തിരി മോഹങ്ങൾ’, ‘ചമ്പക്കുളം തച്ചനി’ലെ ‘മകളേ.. പാതിമലരേ..’ തുടങ്ങിയ എവർഗ്രീൻ ഗാനങ്ങളെല്ലാം പാടിയത് ലതികയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവധി ഗാനങ്ങൾ ലതിക ടീച്ചർ പാടിയിട്ടുണ്ട്.

16 വർഷങ്ങൾക്കു ശേഷം ‘ഗപ്പി’യിലെ ‘അതിരലിയും കരകവിയും പ്രവാഹമായ്…’ എന്ന ഗാനം പാടികൊണ്ട് സിനിമാസംഗീത ലോകത്തേക്ക് ലതിക ടീച്ചർ തിരിച്ചുവരവു നടത്തിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *