അന്ന് കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ സിനിമയില്‍ ചിലപ്പോള്‍ ഹീറോയാകാന്‍ പറ്റുമായിരുന്നു; പക്ഷേ അവളെ നഷ്ടപ്പെട്ടേനെ! ജീവിതത്തിലെ ചില തെറ്റായ തീരുമാനങ്ങളായിരുന്നു അതെന്ന് റിയാസ് ഖാന്‍

സിനിമയില്‍ നായകനായി എത്തി പിന്നീട് മാസ് വില്ലനായി മാറിയ താരമാണ് റിയാസ് ഖാന്‍. നായകനാകാന്‍ വേണ്ടി മാത്രം സിനിമയിലേയ്‌ക്കെത്തിയ റിയാസ് തന്റെ ജീവിത സാഹചര്യങ്ങള്‍ കാരണം പിന്നീട് വില്ലനായി മാറുകയായിരുന്നു. കുടുംബ ജീവിതത്തില്‍ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്ന് പറയുകയാണ് ഇപ്പോള്‍ റിയാസ് ഖാന്‍.എന്തുകൊണ്ട് ഒരു നായകനായി മാത്രം സിനിമയില്‍ നിലനില്‍ക്കാന്‍ സാധിച്ചില്ല എന്ന് ചോദിച്ചാല്‍ തെറ്റായ സമയങ്ങളില്‍ ഞാനെടുത്ത ചില തീരുമാനങ്ങളെന്നേ പറയാന്‍ സാധിക്കൂ. എന്റെ വിവാഹവും കുടുംബ ജീവിതത്തിലേയ്ക്ക് കടക്കാന്‍ തീരുമാനിച്ചതുമെല്ലാം കുറച്ച് നേരത്തെയായിപ്പോയി. പിന്നീട് ആലോചിച്ചപ്പോള്‍ കുറച്ചുകൂടി സമയം സിനിമയ്ക്ക് വേണ്ടി നല്‍കാമായിരുന്നു എന്ന് തോന്നി. കല്യാണം കഴിഞ്ഞ് പെട്ടെന്ന് തന്നെ എനിക്ക് ഒരു മകനും ജനിച്ചു. പിന്നീട് ഞാന്‍ അവര്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ സിനിമയില്‍ വേഷങ്ങളെന്താണെന്ന് പോലും നോക്കാതെ എല്ലാം ചെയ്യേണ്ടിവന്നു. എന്നാല്‍ ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.സിനിമയിലേയ്ക്ക് ഹീറോയാകണം എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ വരുന്നത്. ആദ്യത്തെ രണ്ട് മൂന്ന് സിനിമകളില്‍ ഹീറോയായി അഭിനയിക്കാന്‍ സാധിച്ചിരുന്നു. പിന്നീട് എനിക്ക് നായകനായി മാത്രം തുടര്‍ന്ന് പോകാന്‍ പറ്റിയില്ല. വളരെ ചെറുപ്പത്തിലാണ് എന്റെ കല്യാണം കഴിഞ്ഞത്. എന്നെ വിശ്വസിച്ച് ഇറങ്ങിവന്ന പെണ്‍കുട്ടിയെ എങ്ങനെ മുന്നോട്ട് നോക്കണം എന്നൊക്കെയായിരുന്നു എന്റെ ചിന്ത. പൈസ ഇല്ലാതെ കുറേ ദിവസങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് തന്നെ കുട്ടിയും ജനിച്ചു. എന്റെ വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടിയായതുകൊണ്ടാണ് ഞങ്ങളെ കാണുമ്പോള്‍ സഹോദരങ്ങളെപോലെ തോന്നുന്നതായി പറയാന്‍ കാരണം.
ഭാര്യയേയും മകനേയും നോക്കേണ്ടത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.

അവര്‍ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ ഓരോന്നും ചെയ്ത് കൊടുക്കണം. ഇതൊക്കെയായിരുന്നു അന്നത്തെ സാഹചര്യം. ഈ ഘട്ടത്തില്‍ നായകനായി മാത്രമേ തുടര്‍ന്നും സിനിമ ചെയ്യൂ എന്ന് വാശിപിടിക്കാന്‍ പറ്റില്ലായിരുന്നു. ചെറുതോ വുതോ എന്ന വ്യത്യാസമില്ലാതെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും വേഷമിടാനും കാരണം ഈ സാഹചര്യങ്ങളായിരുന്നു. ഒരുപക്ഷേ എന്റെ കല്യാണം ഒരു 27-29 വയസിന് ഇടയിലായിരുന്നെങ്കില്‍ നായകനായി തന്നെ മുന്നോട്ട് പോകാന്‍ പറ്റുമായിരുന്നു. വിവാഹത്തിന് ശേഷവും സിനിമയില്‍ തിളങ്ങുന്ന ഒട്ടേറെ ആളുകള്‍ ഉണ്ട്, പക്ഷേ എന്റെ സാഹചര്യം അതിനൊന്നും അനുവദിക്കുന്നതായിരുന്നില്ല.
നായകനാകാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് എനിക്ക് യാതൊരു കുറ്റബോധവുമില്ല. കാരണം വളരെ സന്തോഷത്തോടെയാണ് അന്നും ഇന്നും ഞാന്‍ ജീവിക്കുന്നത്. കല്യാണം കഴിയ്ക്കുക എന്നത് തന്നെയായിരുന്നു എന്റെ ആദ്യത്തെ ആവശ്യം. ഒരുപക്ഷേ അന്ന് കല്യാണം കഴിക്കാന്‍ തീരുമാനിച്ചില്ലായരുന്നു എങ്കില്‍ എനിക്ക് ഉമയെ നഷ്ടപ്പെടുമായിരുന്നു. അവളാണ് എന്നും എന്റെ പ്രയോറിറ്റി. അതിന് ശേഷം വില്ലനായി ചെയ്ത സിനിമകളെല്ലാം ഹിറ്റുകള്‍ തന്നെയാണ് അക്കാലത്ത് സമ്മാനിച്ചത്. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അവരുടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അതിലൂടെ സാധിച്ചു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഞാമന്‍ ആഗ്രഹിച്ച ഫെയിം നേടിയെടുക്കാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ നായകനായി തിരിച്ചുവരാനുള്ള സാഹചര്യവും ഉണ്ടായില്ലെന്നും റിയാസ് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *