സീൻ കട്ട് ചെയ്യേണ്ട… അവൻ ഇതിനു മുൻപ് ഒരു സിനിമയിൽ നായകനായി വന്നതാണ് ..ഈ സീൻ കട്ട് ചെയ്താൽ സിനിമയിലെ ഉണ്ടാകില്ല …മീശമാധവൻ സിനിമയിലെ സീനിനെ കുറിച്ച് ലാൽജോസ് ..
ചെറുതും വലുതുമായി എഴുപതോളം ചിത്രങ്ങളിൽ മണികണ്ഠൻ പട്ടാമ്പി അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ജനകീയനായ മണികണ്ഠൻ തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ടാണ് പ്രേക്ഷഹൃദയം കവർന്നത്. ചെറുതായാലും വലുതായും തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ അദ്ദേഹം ശ്രദ്ധ പുലർത്തുന്നു. അഭിനയത്തെ നെഞ്ചോട് ചേർക്കുന്ന ഈ നടൻ തന്റെ സിനിമ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ്….
സംവിധായകൻ വഴിയാണ് ഞാൻ ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഞാൻ ടെലിവിഷൻ പ്രോഗ്രാമുകളിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു ഇത്തരത്തിലൊരു അവസരം വന്നത്. അവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാൻ മാറി നിന്നതായിരുന്നു. പിന്നീട് സംവിധായകന്റെയും പ്രൊഡ്യൂസറിന്റേയും സ്നേഹത്തോടെയുള്ള നിർബന്ധത്തിന് ഞാൻ അത് പോയി ചെയ്തതായിരുന്നു. എന്തായാലും അത് നല്ലൊരു തീരുമാനമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. വളരെ നല്ലൊരു ചിത്രമായിരുന്നു അത്.
ഈ സിനിമയ്ക്കുള്ളിൽ വലിയൊരു പൊളിറ്റിക്സ് ചർച്ച ചെയ്യുന്നുണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രത്തെ തന്നെയെടുത്താൽ മുസ്ലീമല്ലാത്ത കുമാരനാണ് പള്ളിയിൽ കുഴി വെട്ടുന്നത്. അത്തരത്തിൽ നിരവധി കാര്യങ്ങൾ സംവിധായകൻ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് അതിലെ കഥാപാത്രം അത്രത്തോളം വെല്ലുവിളി ഉയർത്തുന്നതല്ല എന്നാൽ ആ കഥാപാത്രത്തെ ശരിയായ രീതിയിലാണ് സിനിമയിൽ പ്ലെയ്സ് ചെയ്തിരിക്കുന്നത്. അതിനാലാണ് ആ കഥാപാത്രം ശ്രദ്ധ നേടിയത്.
വളരെ ചെറിയൊരു റോളായിരുന്നു മീശമാധവൻ എന്ന ചിത്രത്തിലേത്. അമ്പലത്തിലെ വെടിക്കെട്ട് വഴിപാട് വിളിച്ച് പറയുന്ന ക്യാരക്ടറായിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾ ആ രംഗത്തെ കുറിച്ച് പറയുമ്പോൾ വളരെയധികം സന്തോഷം തോന്നാറുണ്ട്. എഡിറ്റിങ്ങ് സമയത്ത് ആ സീൻ കട്ട് ചെയ്ത് കളയേണ്ടതായിരുന്നു. എന്നാൽ ലാൽ ജോസ് സാറായിരുന്നു അതിൽ ഇടപെട്ട് ആ രംഗം നിന്നോട്ടെ എന്ന് പറയുന്നത്. അവൻ ഇതിന് മുൻപ് ഒരു സിനിമയിൽ നായകനായി വന്നതാണ്. അതിനി കളഞ്ഞാൽ അവൻ സിനിമയിലേ ഉണ്ടാവില്ല. അത് അവിടെ തന്നെ നിന്നോട്ടെയെന്ന് അദ്ദേഹം എഡിറ്റിങ്ങ് ടീമിനോട് പറഞ്ഞു.അദ്ദേഹത്തിന്റെ വലിയ മനസ് കൊണ്ടാണ് അത്തരത്തിലൊരു രംഗം എനിക്ക് ചെയ്യാൻ പറ്റിയത്. ആ സീൻ ചെയ്തപ്പോൾ ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കാലം മാറി കൊണ്ടിരിക്കുകയാണ്. നാളെ എന്താണ് സംഭവിക്കുക എന്നത് ആർക്കും വ്യക്തമല്ലാത്ത കാര്യമാണ്. ഒരുപാട് സാങ്കേതികമായ കാര്യങ്ങൾ ചേർന്നാണ് സിനിമ ഒരുങ്ങുന്നത്. കഥ മാത്രമല്ല അതിനെ മുന്നോട്ട് നയിക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ തിയേറ്ററിൽ പോയി കാണുമ്പോൾ കിട്ടുന്ന അനുഭവം വേറെ തന്നെയാണ്. എന്നാൽ ഇപ്പോഴത്തെ ഈ ചുറ്റുപാടിൽ തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് വിചാരിക്കുന്നത് നടക്കില്ലല്ലോ. നാളെ ചിലപ്പോൾ ഈ സാഹചര്യവും മാറി പോയേക്കാം അപ്പോൾ ഒന്നും പറയാൻ പറ്റില്ല. ഇപ്പോഴെന്താണോ അവസ്ഥ അതിനനുസരിച്ച് നീങ്ങുക അതാണ് വേണ്ടത്. ഒഴുക്കിനനസരിച്ച് മുന്നോട്ട് പോവുക.
നാടക പ്രവർത്തനങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. പ്രീ ഡിഗ്രി കഴിഞ്ഞ് സക്കൂൾ ഓഫ് ഡ്രാമയിലായിരുന്നു. ആ കാലഘട്ടത്തിൽ നാടക പ്രവർത്തനങ്ങളിൽ സജിവമായിരുന്നു. അവിടെ നിന്ന് ഇറങ്ങിയ ശേഷമാണ് മൺകോലങ്ങൾ എന്ന ചിത്രം ചെയ്തത്. സ്ക്കൂൾ ഓഫ് ഡ്രാമയിലെ സുഹൃത്തുക്കൾ തന്നെയായിരുന്നു അണിയറയിൽ. സ്ക്രിപ്റ്റ് തയ്യാറാക്കിയത് ഞാനായിരുന്നു. നാടകം ചെയ്യാൻ വെച്ച സ്ക്രിപ്റ്റായിരുന്നു സിനിമയാക്കിയത്. മോശമല്ലാത്ത രീതിയിൽ ആ ചിത്രം ശ്രദ്ധിക്കപ്പെട്ടു. അവാർഡുകളും ലഭിച്ചിരുന്നു. നാടകത്തിൽ സജീവമാകണം എന്ന തീരുമാനത്തിലാണ് കലാരംഗത്തേക്ക് വരുന്നത്. പിന്നീട് സിനിമയിലേക്ക് ചുവടുമാറിയതായിരുന്നു.
വിജയ സിനിമകളിൽ അവസരം കിട്ടാത്ത ഒരു സാഹചര്യം വന്നപ്പോൾ പതുക്കെ മിനി സ്ക്രിനിലേക്ക് മാറുകയായിരുന്നു. എന്തായാലും അഭിനയിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചതാണ്. വേറെ പണിയും അറിയില്ല. പഠിച്ച പണി എന്നെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് മിനിസ്ക്രീനിലേക്ക് എത്തിയത്. മിനിസ്ക്രീനിലേക്കുള്ള ചുവടു മാറ്റം തന്നെയാണ് മികച്ച തീരുമാനം. അതില്ലായിരുന്നുവെങ്കിൽ ഇന്നത്തെ ഞാൻ ഉണ്ടാവില്ലായിരുന്നു
ഭാഗ്യവശാൽ അവിടെ മികച്ച കഥാപാത്രങ്ങൾ എനിക്ക് ലഭിച്ചു മാത്രമല്ല ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു. എന്റെ മനസിലെ ആക്ടറെ ഒരു വിധത്തിൽ തൃപ്തിപെടുത്താവുന്ന കഥാപാത്രങ്ങളാണ് അവിടെ ലഭിച്ചത്. മിനി സ്ക്രീനായാലും ബിഗ് സ്ക്രീനായാലും വളരെ ആസ്വദിച്ചാണ് ഞാൻ അഭിനിയിക്കുന്നത്. നാടകമായാലും ഈ രണ്ട് മേഖലയിലാണെങ്കിലും അഭിനയ രീതി വ്യത്യസ്ഥമാണ്. എങ്കിലും അടിസ്ഥാന പരമായി എനിക്ക് അഭിനയം പ്രിയപ്പെട്ടതാണ്.
ഓടും രാജ ആടും റാണി എന്ന ചിത്രത്തിൽ ഒരു ട്രാൻസ് വ്യക്തിത്വത്തെയാണ് അവതരിപ്പിച്ചത്. അതിന്റെ സ്ക്രിപ്റ്റും ഞാൻ തന്നെയാണ് ചെയ്തത് എന്നാൽ ആ കഥാപാത്രം പല കാരണങ്ങളാലും ശ്രദ്ധ നേടിയിരുന്നില്ല. വളരെ ആത്മവിശ്വാസത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെ സമീപിച്ചത്. കുറേ പേർ ആ കഥാപാത്രത്തെ പ്രശംസിച്ചു കൊണ്ട് വിളിച്ചിരുന്നു.
@All rights reserved Typical Malayali.
Leave a Comment