എനിക്കിത് മനസ് നിറയ്ക്കുന്ന അനുഭവം! മകന്‍ പുതുവസ്ത്രം വാങ്ങിത്തന്നപ്പോള്‍ വികാരഭരിതനായതിനെക്കുറിച്ച് പത്മകുമാര്‍

അഭിനേതാവും സംവിധായകനുമായ എംബി പത്മകുമാര്‍ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇത്തവണത്തെ ഓണത്തിന് മകന്‍ ഡ്രസ് വാങ്ങിത്തന്നതിനെക്കുറിച്ചും, കുടുംബസമേതമായി ഓണം ആഘോഷിച്ചതിനെക്കുറിച്ചും പറഞ്ഞായിരുന്നു പുതിയ വീഡിയോ.

ഈ വീട്ടിലൊരു ജോലിക്കാരന്‍ വന്നിട്ടുണ്ടല്ലോ. ജോലിക്കാരന്റെ കൈകൊണ്ട് ഞങ്ങള്‍ക്കെല്ലാം ഓണക്കോടി വാങ്ങിയിട്ടുണ്ട്. അതാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നതെന്നായിരുന്നു പത്മകുമാര്‍ പറഞ്ഞത്. അച്ഛനായിരുന്നു മകന്‍ ഓണക്കോടി സമ്മാനിച്ചത്. എന്റെ ജീവിതത്തില്‍ ആദ്യമായാണ് എന്റെ മകന്‍ എനിക്കൊരു ഓണക്കോടി വാങ്ങിച്ച് തരുന്നത്. ഇനി അഭിരാമിയും തരുമല്ലോയെന്നായിരുന്നു മകന്‍ ചോദിച്ചത്. അച്ഛന് ഇഷ്ടപ്പെടുമോയെന്നറിയില്ലെന്ന് പറഞ്ഞായിരുന്നു സത്യ മുണ്ട് നല്‍കിയത്. ഓ, ഇത് ചാണകപ്പച്ചയാണല്ലോ, എനിക്ക് ഇഷ്ടപ്പെട്ട കളര്‍ എന്ന് പത്മകുമാര്‍ പറഞ്ഞപ്പോള്‍ നേവി ബ്ലൂ വേണോ, അതോ ഈ കളറാണോ എന്ന് എന്നോട് വിളിച്ച് ചോദിച്ചിരുന്നു എന്നായിരുന്നു ഭാര്യയുടെ കമന്റ്. അപ്പോള്‍ ക്രെഡിറ്റ് അമ്മയ്ക്ക് പോയല്ലേയെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

എന്നെ സംബന്ധിച്ച് വലിയൊരു പ്രിവിലേജാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സത്യ അത്ര പിശുക്കനൊന്നുമല്ല കേട്ടോ, ഇതിനൊക്കെ നല്ല വിലയുണ്ടല്ലോയെന്നായിരുന്നു പത്മകുമാറിന്റെ ചോദ്യം. സത്യയ്ക്ക് ഡ്രസ് എവിടെ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഞാന്‍ എടുത്തില്ലെന്നായിരുന്നു മറുപടി. എന്നാല്‍ കൈയ്യോടെ പോയി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ഓണക്കോടി വാങ്ങുന്നതും അദ്ദേഹം കാണിച്ചിരുന്നു.

കുടുംബസമേതമായി തന്നെ സദ്യയൊരുക്കിയിരുന്നു ഇത്തവണ. സത്യയുടെ ഫ്രണ്ട്‌സും വീട്ടിലേക്ക് വന്നിരുന്നു. എത്ര അധ്വാനിച്ചാലും മനസിന് സന്തോഷമുണ്ടെങ്കില്‍ ക്ഷീണം അനുഭവപ്പെടില്ലെന്നും പത്മകുമാര്‍ പറയുന്നുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് സദ്യയൊരുക്കുമ്പോള്‍ മനസും കൂടെ അതില്‍ ചേര്‍ത്തിടുക. നമ്മള്‍ അങ്ങനെ ചെയ്യുമ്പോള്‍ അടുത്ത തലമുറ അത് കണ്ട് പഠിക്കുകയാണ് ചെയ്യുന്നത്്. ഞങ്ങളുടെ ഇടയിലും വഴക്കുകളൊക്കെ ഉണ്ടാവാറുണ്ട്. അതിനിടയിലും കിട്ടുന്ന സന്തോഷമാണ് മുന്നോട്ട് നടക്കാനുള്ള ഊര്‍ജം തരുന്നത്.

നമ്മുടെ കുട്ടികളെ വലിയ സമ്പാദ്യമോ, ബാങ്ക് ബാലന്‍സോ കൊടുത്ത്, വലിയ മുന്തിയ കോളേജിലും ചേര്‍ത്ത് പഠിപ്പിച്ചിട്ട് അറിവ് നേടിക്കൊടുക്കുക എന്നതിലല്ല കാര്യം. ജീവിതത്തിന്റെ തിരിച്ചറിവ് കൂടി അവര്‍ക്കുണ്ടാക്കി കൊടുക്കുക എന്നതാണ് ചെയ്യാനുള്ളതെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍ അവരുടെ ജീവിതം നന്നാവും. അവരും ഇതുപോലെ കുടുംബത്തിനൊപ്പമായി എല്ലാം ആഘോഷിക്കും. ഈ ഓണക്കാലം ഞങ്ങള്‍ക്ക് സന്തോഷമായിരുന്നു. ഇനിയങ്ങോട്ടും സന്തോഷം നിലനില്‍ക്കണമേ എന്ന പ്രാര്‍ത്ഥന മാത്രം എന്നും പറഞ്ഞായിരുന്നു പത്മകുമാര്‍ സംസാരം അവസാനിപ്പിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *