പുറകീന്ന് കുത്തില്ല, തന്തക്ക് പിറന്നവനാ! മുറിച്ചിട്ടാൽ മുറികൂടുന്ന ഇനം! രാമപുരം ഗ്രാമത്തെ ഒന്നടങ്കം വിറപ്പിച്ച വില്ലനും പഞ്ച് ഡയലോഗുകളും

കീരിക്കാടൻ ജോസ് ഓർമ്മയായി. ഒട്ടനവധി മലയാള സിനിമകളിലൂടെ പുതു തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ പരിചയമായ മുഖം. ജോസ് മലയാള സിനിമയിലെ വില്ലൻമാർക്കിടയിൽ ഉണ്ടാക്കിയപേര് അത്ര ചെറുതല്ല. മോഹൻരാജെന്ന പേരോടെയാണ് അരങ്ങേറ്റം എങ്കിലും 2024 ലും അദ്ദേഹം തന്റെ കീരിക്കാടൻ എന്ന പേരിൽ ആണ് അനുഗ്രഹീതൻ ആയത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെയാണ് അദ്ദേഹം ലോകത്തോട് വിട പറയുന്നത്.

തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു അദ്ദേഹം. ജോസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിടുന്നത്. ശ്രദ്ധേയമായ പോസ്റ്റുകൾ

കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട.

കിരീടം സിനിമയിലെ അതികായകനായ വില്ലൻ… കീരിക്കാടൻ ജോസിനെ… അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി…. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജ പുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി… ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു… നാളെ സംസ്കാരവും…..

ലോഹിതദാസ് സാർ മലയാള സിനിമയ്ക്ക് സമ്മാനിച്ച “ക്ലാസിക്ക് വില്ലൻ”. മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് നെറ്റിയിൽ മുറിവുള്ള ആ മുഖം. മോഹൻ രാജ് ചേട്ടൻ വിട പറഞ്ഞു എന്ന വാർത്ത കേൾക്കുന്നവരുടെ മനസ്സിലേക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് അഭ്രപാളികളിൽ സമാനതകൾ ഇല്ലാതെ നിറഞ്ഞാടിയ കീരിക്കാടൻ ജോസും, ചെങ്കളം മാധവനും എല്ലാം കടന്ന് വരുന്നു എങ്കിൽ അത് അഭിനയ മികവിൻ്റെ അംഗീകാരമാണ്. പ്രിയപ്പെട്ട കലാകാരൻ്റെ ആത്മാവിന് നിത്യശാന്തി ലഭിയ്ക്കുവാൻ പ്രാർത്ഥിക്കുന്നു.

രാമപുരം എന്ന ഗ്രാമവും ആ ഗ്രാമത്തെ ഒന്നടങ്കം ഭയം കൊണ്ട് വിറപ്പിച്ച കീരിക്കാടൻ ജോസും!! മലയാള സിനിമയിലെ കിരീടം വച്ച രാജാക്കന്മാരായി വിലസിയ, ഇന്നും വിലസുന്ന ചില കഥാപാത്രത്തിൽ ഒന്ന് !! ” കീരികാടൻ ജോസ് ആണായിരുന്നെടാ..! പുറകീന്ന് കുത്തില്ല, തന്തക്ക് പിറന്നവനാ..”ഈ ഒരൊറ്റ ഡയലോഗിൽ ഉണ്ട് എല്ലാം !!

ഒരു ഹീറോയുടെ നാവിൽ നിന്നും വില്ലൻ ആരാണെന്ന് മലയാളക്കര കേട്ട്, ഒടുക്കം ആ കഥാപാത്രം കൊണ്ട് പേര് വിളിക്കപ്പെട്ട കലാകാരൻ – മോഹൻരാജ്. ഒരു കലാകാരൻ താൻ ചെയ്ത കഥാപാത്രം കൊണ്ട് അടയാളപ്പെടുത്തുക എന്ന അപൂർവ നേട്ടത്തിന് ഉടയോൻ ആയ മനുഷ്യൻ!! മോഹൻരാജ് മാത്രമേ ഈ മണ്ണിൽ നിന്നും മറയുന്നുള്ളൂ, കീരികാടൻ ജോസ് എന്ന നാമം അനശ്വരം!! സേതു മാധവന്റെ ജീവിതം വഴി മാറ്റിയ കീരികാടൻ ജോസ് എന്നും എന്നും ഓർമ്മിക്കപ്പെടും!!

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *