കണ്ടാല്‍ പുച്ഛിക്കുന്ന താരങ്ങളുണ്ട്, ചിരിക്കാറു പോലുമില്ല; അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് നിഷ സാരംഗ്

മിനിസ്‌ക്രീന്‍ രംഗത്തെ മിന്നും താരമാണ് നിഷാ സാരംഗ്. ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് നിഷ സാരംഗ് താരമായി മാറുന്നത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകുമാണ് കരിയര്‍ മാറ്റി മറിക്കുന്നത്. നിഷ എന്ന സ്വന്തം പേരിനേക്കാള്‍ ഇന്ന് അറിയപ്പെടുന്നത് നീലുവമ്മ എന്ന പേരിലാകും. മലയാളികളെ സംബന്ധിച്ച് ഉപ്പും മുളകും വെറുമൊരു പരമ്പരയല്ല. ആ വീട്ടിലെ ഓരോ അംഗങ്ങളും തങ്ങളുടെ അയല്‍വീട്ടുകാരെ പോലെ പ്രിയപ്പെട്ടവരും പരിചിതരുമാണ്.

ഇപ്പോഴിതാ മലയാള സിനിമയുടെ മഹാ നടന്‍ മമ്മൂട്ടിയെക്കുറിച്ചും എന്തുകൊണ്ട് അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നുവെന്നും പറയുകയാണ് നിഷ സാരംഗ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ സാരംഗ് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കാഴ്ച ചെയ്യാന്‍ ചെല്ലുമ്പോള്‍ ഞാന്‍ കൈരളിയില്‍ ഒരു പരിപാടി ചെയ്യുന്നുണ്ടായിരുന്നു. ആ നിന്റെ പ്രോഗ്രാം കാണാറുണ്ട്, ഗംഭീരമായി ചെയ്യുന്നുണ്ട് എന്ന് മമ്മൂക്ക പറഞ്ഞു. അതുപോലെ എസിവിയില്‍ മാധവിക്കുട്ടിയുടെ ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ടായിരുന്നു. ഞാനായിരുന്നു മാധവിക്കുട്ടിയായി അഭിനയിച്ചിരുന്നത്. അതുപോലും കണ്ടിരുന്നു മമ്മൂക്ക. മാധവിക്കുട്ടിയായി ചെയ്യുന്നില്ലേ, വീട്ടില്‍ കാണാറുണ്ട്. ഭാര്യയും മകളുമൊക്കെ കാണാറുണ്ട്, നന്നായി ചെയ്യുന്നുണ്ട് എന്ന് മമ്മൂക്ക പറഞ്ഞു.

എസിവിയിലെ ആ പ്രോഗ്രാം പോലും അദ്ദേഹം കാണുന്നുണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്നിട്ട് നമ്മളോട് കണ്ടു, നന്നായിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഞെട്ടിപ്പോകും. മിനി സ്‌ക്രീന്‍ പോലും അദ്ദേഹം കാണുന്നുണ്ട്. ഉപ്പും മുളകുമിന്റേയും വലിയ ഫാന്‍ ആണ്. രണ്ട് തവണ ഞങ്ങളുടെ ലൊക്കേഷന്റെ അടുത്ത് ഷൂട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ ഞങ്ങളെ അങ്ങോട്ട് വിളിപ്പിക്കുമായിരുന്നു. കാണാന്‍ പോയില്ലെങ്കില്‍ എന്താണ് വരാത്തതെന്ന് ചോദിക്കും. അത്ര ഇഷ്ടമാണ്.

ആദ്യം ഷൂട്ട് വന്നപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി. രണ്ടാമതും ഷൂട്ട് വന്നപ്പോള്‍ മമ്മൂക്ക എന്ത് വിചാരിക്കും എന്നു കരുതി പോയില്ല. ശല്യമായാലോ എന്ന് കരുതിയാണ്. പക്ഷെ ആളെ പറഞ്ഞു വിട്ടു ഞങ്ങളെ വിളിച്ചു കൊണ്ടു വരാന്‍. അത്രയും സിമ്പിളാണ്. അതുപോലൊരു അനുഭവം വേറൊരു നടനില്‍ നിന്നും ഉണ്ടായിട്ടില്ല. ഒരാളോട് മാത്രമല്ല, എല്ലാരോടുമാണ് വരാന്‍ പറയുന്നത്. അമ്മയുടെ മീറ്റിംഗിന് ചെന്നപ്പോള്‍ ഞാനും ബിജു ചേട്ടനും മാറി നില്‍ക്കുകയായിരുന്നു. ഫോട്ടോ എടുക്കണ്ടേ എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചു

നമ്മള്‍ പേടിച്ചിട്ടാണ് ചെല്ലാണ്ട് നില്‍ക്കുന്നത്. നമ്മള്‍ പേടിച്ചിട്ടാണ് അടുത്തേക്ക് വരാത്തതെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് വിളിക്കുന്നത്. വീട്ടിലെ കാര്‍ന്നോര്‍ വിളിക്കുന്നത് പോലെയാണത്. വളരെ അപൂര്‍വ്വമായി മാത്രമേ അതുപോലെയുള്ള ആളുകളുള്ളൂ. ചില ആളുകള്‍ നമ്മളെ കണ്ടാല്‍ മൈന്റ് പോലും ചെയ്യില്ല. ആരായിത് എന്ന പുച്ഛമാകും. നമ്മളൊക്കെ ഇതുവരേയും കണ്ടിട്ടില്ല, ഇങ്ങനെയുള്ളവരും ഇവിടെയുണ്ടോ എന്ന രീതിയില്‍ നോക്കുന്ന ആര്‍ട്ടിസ്റ്റുകളും ഉണ്ട് ഇവിടെ. നമസ്‌തെ പറഞ്ഞാല്‍ മുഖം തിരിക്കുന്നവരുണ്ട്. അങ്ങനെ കാണിക്കാന്‍ പാടില്ല എന്നുള്ളതു കൊണ്ട് തുറന്ന് പറഞ്ഞതാണ്. ഒന്നുമില്ലെങ്കിലും ഒരേ വഞ്ചിയില്‍ യാത്ര ചെയ്യുന്നവരാണ്. കാണുമ്പോള്‍, നമസ്‌കാരം പറയുമ്പോള്‍ ഒന്ന് ചിരിക്കാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *