‘പ്രിയപ്പെട്ട പാര്‍വതി; ഞാന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റാണ്, പേര് ജയറാം’
സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ സഞ്ചരിച്ചു. അങ്ങനെ ഒരു പ്രണയകഥയാണ് ഒരു കാലത്ത് പ്രേക്ഷകരുടെ പ്രിയ ജോടിയായിരുന്ന ജയറാമിനും പാര്‍വതിക്കും പറയാനുള്ളത്.
സിനിമയില്‍ പാര്‍വതി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കാലം. ഒരിക്കല്‍ പാര്‍വതിക്ക് ഒരു കത്തു വന്നു. അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ‘പ്രിയപ്പെട്ട പാര്‍വതി, വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രം ഞാന്‍ കണ്ടു. അതില്‍ നിങ്ങളുടെ അഭിനയം എനിക്കിഷ്ടമായി. പ്രത്യേകിച്ച് ബാലചന്ദ്രമേനോനെ വിരട്ടുന്ന രംഗങ്ങള്‍. ഞാന്‍ കൊച്ചിന് കലാഭവനിലെ ഒരു മിമിക്രി ആര്‍ട്ടിസ്റ്റാണ്. എന്റെ പേര് ജയറാം. മിമിക്രി കാസറ്റിന് പുറത്ത് എന്റെ പടമുണ്ട്. ഇനിയും എഴുതാം. എന്ന് ജയറാം.’
ആ കത്ത് പാര്‍വതി വായിച്ചോ എന്ന് അറിയില്ല. ചിലപ്പോള്‍ എന്ത് എന്ന് കരുതി ഉപേക്ഷിച്ച അനേകം കത്തുകളില്‍ ഒന്നായിരിക്കാം അത്. ശുഭയാത്ര എന്ന സിനിമയിലെ ഒരു പാട്ടുസീനില്‍ കടല്‍ത്തീരത്ത് മണ്ണുകൊണ്ട് കളിവീടുണ്ടാക്കുന്ന രംഗമുണ്ട്. ക്യാമറയ്ക്കും ക്രൂവിനും മുന്നില്‍ ആരും അറിയാതെ ജയറാം പാര്‍വതിയോട് ചോദിച്ചു. ‘അശ്വതി കല്യാണം കഴിഞ്ഞാല്‍ നമ്മള് താമസിക്കുന്ന വീട് എങ്ങനെയായിരിക്കും’. അത്ര ആഴമുള്ള പ്രണയമായിരുന്നു അത്. മാനസികമായി അത്രമേല്‍ അടുത്തിരുന്നതുകൊണ്ട് പരസ്പരം പങ്കുവയ്ക്കേണ്ടതായി പോലും വന്നിട്ടില്ലാത്ത അനുരാഗം.
@All rights reserved Typical Malayali.
Leave a Comment