ആസിഫ് അലി അതാണ്, അങ്ങനെയാണ്; ആരും ചെയ്യാന്‍ മടിക്കുന്ന കഥാപാത്രം ചെയ്തുകൊണ്ടാണ് തുടക്കം, എല്ലാത്തിനും ഒരു കാരണം മാത്രം!
സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ പൊതുവേദിയില്‍ നടന്‍ ആസിഫ് അലിയെ അപമാനിച്ച സംഭവമാണ് ഇന്നലെ വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തുന്നത്. താര സംഘടനയായ അമ്മ മുതല്‍ എല്ലാവരും ആസിഫ് അലിയ്ക്ക് പിന്തുണയുമായി എത്തി. സോഷ്യല്‍ മീഡിയയിലോ, മലയാളം ഫിലിം ഇന്റസ്ട്രിയിലോ ഇനി ആരും തന്നെ നടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇല്ലെന്നു തന്നെ പറയാം.
എന്തുകൊണ്ട് ആസിഫ് അലിയ്ക്ക് ഇത്രയധികം പിന്തുണ കിട്ടുന്നു എന്ന ചോദ്യത്തിന് ഉത്തരം ആസിഫ് അലിയുടെ വ്യക്തിത്വം തന്നെയാണ്. രമേഷ് നാരായണന്‍ തന്നെ അപമാനിച്ചു എന്ന് തിരിച്ചറിയുമ്പോഴും ആസിഫ് അലിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ഭാവ വ്യത്യാസവും ഇല്ലാതെ, തന്നെക്കാള്‍ മുതിര്‍ന്നവര്‍ ഇരിക്കുന്ന വേദിയെ ബഹുമാനിച്ചുകൊണ്ട് തന്നെ ആസിഫ് അലി പെരുമാറി. അതാണ് ആസിഫ്, അങ്ങനെയാണ് ആസിഫ് അലി.
വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്ന പരാതിയൊഴികെ, ആസിഫ് അലിയെ കുറിച്ച് ഇതുവരെ ഒരു തെറ്റായ വാര്‍ത്തയും ഗോസിപ്പും ഇന്റസ്ട്രിയില്‍ നിന്നും വന്നിട്ടില്ല. ഫോണ്‍ എടുക്കത്ത വിഷയം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് തന്നെ അതൊരു പരാതിയായും ഉയര്‍ന്നിട്ടില്ല. പ്രായഭേധമന്യേ, ജാതി – മത – രാഷ്ട്രീയ ഭേധമന്യേ എല്ലാവരോടും സഹജമായി പെരുമാറുന്ന ആസിഫ് അലി എന്ന വ്യക്തിയുടെ ക്വാളിറ്റിയാണ് ഇപ്പോള്‍ സംസാര വിഷയമാവുന്നത്.
അതിനൊക്കെ അപ്പുറം കഴിവുള്ള നടന്‍, താന്‍ വളരുന്തോറും, തന്നെ വളര്‍ത്തുന്ന ഇന്റസ്ട്രിയും വളരണം എന്നാഗ്രഹിക്കുന്ന കലാകാരന്‍! അത് മാത്രം മതി രമേഷ് നാരായണനെ പോലൊരു ആള്‍ക്ക് മൊമെന്റോ നല്‍കാന്‍ ആസിഫ് അലി യോഗ്യനാണോ അല്ലയോ എന്നളക്കാന്‍. കലാകാരന്മാര്‍ക്ക് മുന്നില്‍ എന്തി ഉയര്‍ച്ച താഴ്ച. ആളുകളോട് പെരുമാറുന്ന രീതിയും, വ്യക്തിത്വവമാണ് വലുപ്പ – ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത്.
അഭിനയത്തോട് താത്പര്യമുള്ള ആസിഫ് അലി മോഡലിങ് ചെയ്തുകൊണ്ടാണ് ഇന്റസ്ട്രിയിലേക്ക് വന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചു. 2009 കാലഘട്ടത്തില്‍ എല്ലാം ഹോമോസെക്ഷ്വല്‍ ആയിട്ടുള്ള ആളുകളെയും അത്തരം സിനിമകളെയും മലയാള സിനിമയോ മലയാളികളോ അംഗീകരിച്ചിരുന്നില്ല. ഇന്ന് കാതല്‍ പോലുള്ള സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സാഹചര്യമായിരുന്നില്ല അന്ന്. എന്നിട്ടും ആദ്യ ചിത്രത്തില്‍ തന്നെ ഒരു ഗേ കഥാപാത്രമായി എത്തിയ നടനാണ് ആസിഫ് അലി.
പിന്നീടുള്ള ഓരോ സിനിമകളിലും ആസിഫ് അലി എന്ന നടന്‍ തന്നെ സ്വയം മോള്‍ഡ് ചെയ്ത് എടുക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ഒരുപാട് പരാജയങ്ങള് സംഭവിച്ചുവെങ്കിലും, അപൂര്‍വ്വ രാഗം, സാള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക്, ഒഴിമുറി, ഹണീബി, നിര്‍ണായകം, അനുരാഗ ഗാനം പോലെ, സണ്‍ഡേ ഹോളിഡേ, ബി ടെക്, കെട്ട്യോളാണ് എന്റെ മാലാഖ, ഉയരെ തുടങ്ങി ഓരോ സിനിമകളിലും ആവര്‍ത്തന വിരസതയില്ലാത്ത, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ആസിഫ് അലി ചെയ്തു.
സിനിമയില്‍ അഭിനയിക്കുക മാത്രമല്ല, നല്ല സിനിമകള്‍ നിര്‍മിച്ച് പിന്തുണയ്ക്കുകയും ചെയ്തു. കൊഹിനൂര്‍, വിമാനം , കവി ഉദ്ദേശിച്ചത്, ഗൂഡാലോചന, ഇബിലീസ് എന്നിങ്ങനെ നീളുന്നു നിര്‍മിച്ച സിനിമകള്‍. ഒരു പാന്‍ ഇന്ത്യന്‍ ലെവലില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും ആസിഫ് അലി എന്ന നടന് കേരളത്തിലുള്ള ഫാന്‍ ബേസ് വളരെ ശക്തമാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സംഭവിച്ച ഈ കാര്യത്തില്‍ ലഭിയ്ക്കുന്ന പിന്തുണ!
@All rights reserved Typical Malayali.
Leave a Comment