ചായക്കച്ചവടവും ഹോട്ടൽ ജോലിയും.. വലിയ പ്രാരാബ്ധവും പെങ്ങളുടെ വിവാഹവും.. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ വഴി.

എപ്പോഴും ഇത് മാത്രമേ പറയാനുള്ളൂ എന്നാണ് ഭാര്യയുടെ ചോദ്യം! ഞങ്ങളിപ്പോഴും സാധാരണക്കാര്‍! വന്ന വഴി മറന്നൊരു ജീവിതമില്ലെന്ന് അപ്പാനി ശരത്.അഭിനയപ്രാധാന്യമുള്ള കുറച്ച് ക്യാരക്ടറുകള്‍ ചെയ്യണം. എന്നെ അങ്ങനെ വിലയിരുത്തുന്നതിനോടാണ് എനിക്ക് താല്‍പര്യം. ഞാന്‍ നായകനാവുന്ന സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്ത ഒരവസ്ഥ എന്നെങ്കിലും സംഭവിക്കും. അങ്ങനെയൊരു ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും അപ്പാനി ശരത് പറയുന്നു.അങ്കമാലി ഡയറീസിലൂടെയായി ശ്രദ്ധിക്കപ്പെട്ട നടനാണ് അപ്പാനി ശരത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ആളുകള്‍ക്ക് കൂവണമെന്ന് തോന്നിയാല്‍ അങ്ങനെ ചെയ്യട്ടെ. നല്ലത് ചെയ്ത് കഴിഞ്ഞാല്‍ ഓഡിയന്‍സ് സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓട്ടോ ശങ്കര്‍ വെബ് സീരീസ് ചെയ്യാനായത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ആ ക്യാരക്ടര്‍ കുറേക്കാലം എനിക്കൊപ്പമുണ്ടായിരുന്നു. മാലിക്കിലെ വേഷം ഞാന്‍ ചോദിച്ച് വാങ്ങിയതാണ്. തമിഴില്‍ നിന്നാണ് കൂടുതലും ഡേറ്റ് വരുന്നത്. പോയിന്റ് റേഞ്ച് എന്ന സിനിമയെക്കുറിച്ച് മീഡിയ വണ്ണിനോട് സംസാരിക്കവെയാണ് ശരത് മനസ് തുറന്നത്.കഥാപാത്രം എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതനുസരിച്ചാണ് ഇപ്പോഴത്തെ കാസ്റ്റിംഗ്. തിരക്കഥയ്ക്ക് അനുസരിച്ച് അഭിനേതാക്കളെ പെര്‍ഫോം ചെയ്യിച്ചെടുക്കാന്‍ പറ്റും. അത് നല്ലൊരു കാര്യമാണ്. അതുകൊണ്ട് തന്നെ എന്നെ വിളിച്ചില്ലെന്ന തരത്തില്‍ സങ്കടമൊന്നും തോന്നാറില്ല ഒരിക്കലും. എല്ലാ സിനിമകളിലും നമ്മളെ ഭാഗമാക്കുക എന്നത് സാധ്യമായ കാര്യമല്ല. ഈ ക്യാരക്ടര്‍ ഇദ്ദേഹം ചെയ്താല്‍ നന്നായിരിക്കും. അങ്ങനെയുള്ള സിനിമകളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. തമിഴില്‍ ഞാന്‍ വില്ലനാണ്. അങ്ങനെ കുറേ അവസരങ്ങള്‍ വരുന്നുണ്ട്്. സ്റ്റീരിയോടൈപ്പാവാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട് ഇപ്പോള്‍.

കുട്ടിക്കാലം മുതലേ തന്നെ നാടകങ്ങളൊക്കെ കണ്ട് വളര്‍ന്നതാണ്. എന്നിലെ കലാകാരന്‍ വളര്‍ന്നത് ഉത്സവപ്പറമ്പിലാണ്. പല തരത്തിലുള്ള ഓഡിയന്‍സാണ് അവിടെ. പാട്ടും അഭിനയവും ഡാന്‍സുമൊക്കെയായി കുട്ടിക്കാലത്ത് കലയില്‍ താല്‍പര്യമുണ്ടായിരുന്നു. പ്രോഗ്രാമിന് വേണ്ടി പഠിക്കുമെന്നല്ലാതെ ശാസ്ത്രീയമായി ഒന്നും പഠിച്ചിട്ടില്ല. നാടകത്തില്‍ സീരിയസായി നിന്ന സമയത്താണ് കുറേ കാര്യങ്ങള്‍ പഠിച്ചത്. സ്‌ക്രീന്‍ സ്‌പേസൊക്കെ മനസിലാക്കിയത് അങ്ങനെയാണ്.മാറ്റിനിര്‍ത്തലുകളും കളിയാക്കലുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. മാറ്റിനിര്‍ത്തുകയോ അവഗണിക്കുകയോ ചെയ്തവരുടെ മുന്നില്‍ അവര്‍ നമ്മളെ ബഹുമാനിക്കുന്ന തരത്തില്‍ നമ്മള്‍ മാറണം. അതിനെ ചോദ്യം ചെയ്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. പെട്ടെന്ന് ഓഡിഷന്‍ കിട്ടി അഭിനയിച്ച് തുടങ്ങിയ വ്യക്തിയല്ല ഞാന്‍. മുന്‍പൊരു കറി പൗഡറിന്റെ ബിസിനസിനായി ഞാന്‍ അങ്കമാലിയിലൊക്കെ അലഞ്ഞ് തിരിഞ്ഞ് നടന്നിട്ടുണ്ട്. അത് നടക്കാതെ തിരിച്ച് പോന്നതാണ്. അതിന് ശേഷമാണ് അങ്കമാലിയെ വിറപ്പിക്കുന്ന അപ്പാനി ശരതാവാനുള്ള അവസരം ലഭിച്ചത്.പ്ലസ് ടു കഴിഞ്ഞ സമയം മുതല്‍ ജോലിക്ക് ഇറങ്ങിയതാണ്. ഇന്നത്തേക്കാളും സന്തോഷമായിരുന്നു അന്ന്. രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്ത് ആ പൈസ അമ്മയ്ക്ക് കൊടുത്ത് രാത്രി നാടകം കളിക്കാന്‍ പോവുമായിരുന്നു. ജോലിയിലെ വിരസത മാറ്റുന്നത് അഭിനയത്തിലൂടെയാണ്. കളിയാക്കാനോ കുറ്റം പറയാനോ ആരുമുണ്ടായിരുന്നില്ല. അങ്ങനെയൊരു വഴിയിലൂടെ വന്ന ആളായതിനാല്‍ ഉത്തരവാദിത്തവും കൃത്യനിഷ്ഠയുമൊക്കെ പാലിക്കാറുണ്ട്. എനിക്ക് മുന്‍പ് സിനിമയില്‍ വന്നവരെ കാണുമ്പോള്‍ ബഹുമാനമാണ് മനസില്‍. നടനായിട്ട് കൂടി മറ്റ് താരങ്ങളോടൊപ്പം ഫോട്ടോയെടുക്കാനും ഒന്നിച്ച് സമയം പങ്കിടാനുമൊക്കെ ഇഷ്ടമാണ്.ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്‌പേസ് എനിക്ക് ആരും കൊണ്ട് തന്നതല്ല. ഞാനായിട്ട് ഉണ്ടാക്കിയെടുത്തതാണ്. അത് നശിപ്പിക്കുകയില്ല ഒരിക്കലും. മരിക്കും വരെ സിനിമയില്‍ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. എപ്പോഴും ഇതേക്കുറിച്ച് മാത്രമേ സംസാരിക്കാനുള്ളൂ എന്ന് ഭാര്യ എന്നോട് ചോദിക്കാറുണ്ട്. കാശുണ്ടാക്കാന്‍ വേണ്ടി മാത്രമല്ല ഞാന്‍ അഭിനയിക്കുന്നത്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറയാറുണ്ട്. എന്റെ സിനിമകള്‍ കാണാതെ ചിലരൊക്കെ വിമര്‍ശിക്കാറുണ്ട്. വന്ന വഴി ഞാനൊരിക്കലും മറക്കില്ല. അച്ഛനും അമ്മയും അങ്ങനെയാണ് എന്നെ പഠിപ്പിച്ചത്. എവിടെയെങ്കിലും പോയാല്‍ അമ്മ വീഡിയോ കോള്‍ വിളിക്കും. ഒരു 150 പേര് കൂടെ കാണും. സാധാരണക്കാരായാണ് ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *