ഉപ്പയില്ലാത്ത വീട്ടിലേക്ക് ആദ്യ മരുമകനായി വന്ന യുവാവിനോട് പെൺകുട്ടിയുടെ ഉമ്മ ചെയ്തത് കണ്ടോ

ആരവങ്ങളൊക്കെ കഴിഞ്ഞ്‌ അവളുടെ വീട്ടിലേക്ക്‌ കയറുമ്പോൾ മനസ്സിൽ ഉമ്മാന്റെ വാക്കുകളായിരുന്നു ഓടിയെത്തിയത്‌..
“മോനെ ബാപ്പയില്ലാത്ത കുട്ടിയാ ഓൾ,അയിന്റെ കൊറവ്‌ നീ അ വീട്ടിൽ കാണിക്കരുത്‌,എല്ലരേം ഒരുപോലെ നമ്മളെ കുടുമ്പായി കാണ്ടാമതി..”
വലിയൊരു ഉത്തരവാതിത്തം ഏറ്റെടുക്കാൻ പോകുന്നപോലെ എനിക്കു തോന്നി..
നികാഹ്‌ കഴിഞ്ഞ്‌ ഒന്നര വർഷത്തിനു ശേഷം ആയിരുന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞത്‌..
നികാഹ്‌ കഴിഞ്ഞ്‌ അഞ്ചു മാസത്തിനകം കല്യാണവും നടത്തണമെന്ന തീരുമാനം പടച്ചോൻ തല കീഴായ്‌ മറിച്ചു..

ചെറിയൊരു നെഞ്ചു വേദന ഒരു കുടുമ്പത്തിന്റെ അടിത്തറ ഇളക്കി..
എന്റെ പ്രിയ്തമയുടെ ഉപ്പയുടെ മരണം..!!!
മൂത്തവൾ ആണെന്റെ ഭാര്യ..പിന്നെയുള്ളത്‌ പത്തം ക്ലാസ്സുകാരി അനിയത്തിയും ഒരു എട്ടാം ക്ലാസ്സുകാരൻ അളിയനും..
ഉമ്മ ഒരു പാവവും..
ജീവിതത്തിന്റെ ഓട്ട പാച്ചലിൽ നിന്നും ചങ്ങായിമാരൊത്തുള്ള സൊറ പറച്ചലിനും തിരശീലയിട്ട്‌ പുതിയൊരു വേഷം..

ഒരു മരുമകൻ എന്നതിലുപരി എനിക്കവിടെ വേറെന്തോ സ്ഥാനം കാത്തിരിക്കുന്ന പോലെ..
ഉപ്പയുടെ ഓർമ്മകൾ അവളെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു..ബീവിയുടെ അനിയൻ
“അളിങ്കാക്കാ ”

എന്ന് വിളിച്ചു വരുമ്പോ സ്വന്തം അനിയനെ പോലെ എനിക്ക്‌ തോന്നിപ്പോയി..
പുതിയ കമ്മലും വളകളും വർണ്ണ കടലാസുകളും വസ്ത്രങ്ങളും എല്ലാം കൂട്ടിവെച്ച അവളുടെ അനിയത്തി കുട്ടിക്ക്‌ ഇനിയതൊക്കെ വാങ്ങി കൊടുക്കാൻ ആ വീട്ടിൽ ഉപ്പയില്ല ..
ഉമ്മയും ഉപ്പയും അധിക ദിവസവും ഞങ്ങളെ കാണാൻ വിരുന്നിനു വരും..
“നീ ഓൾടെ വീട്ടിൽ അവർക്കൊരു താങ്ങായ്‌ നിന്നോടാ,അനക്കതിനുള്ള കൂലി പടച്ചോൻ തരും ”
ഉപ്പയുടെ വാക്കുകളായിരുന്ന്നു കല്യാണത്തിനു മുൻപേ..

നിക്കാഹിനു ഉസ്താദിന്റെ കൈ പിടിച്ചു സമ്മതം തന്നത്‌ അവളുടെ മൂത്താപ്പയായിരുന്നു..
എന്താവഷ്യത്തിനും എന്റെ ഉപ്പയും ഉമ്മയും കൂട്ടിനുണ്ട്‌..
പലരും പറഞ്ഞതായി അറിഞ്ഞിരുന്നു. ഫിത്ന പറയുന്ന നാവിൽ നിന്നും വന്നത്‌
“കുഞ്ഞോൻ ആകെ കഷ്ടത്തിലാ, ഓനിക്ക്‌ ഓളെ കൂടാണ്ട്‌ അവിടത്തെ ബാക്കി ഉള്ളൊരേം നോക്കേണ്ട അവസ്ഥ വന്നീലെ”
എന്ന്..

പക്ഷെ അവർക്കറിയില്ലല്ലോ ഈ ഉത്തരവാതിത്തം ഞാനെന്ന വ്യെക്തി എത്രത്തോളം സന്തോഷത്തോടെയാ ചെയ്യുന്നതെന്ന്..
അല്ലെങ്കിലും ഉപ്പമാർ പടിയിറങ്ങി പള്ളിക്കാട്ടിലേക്ക്‌ പോയ വീട്ടിലേക്ക്‌ കല്യാണ ചെക്കനായി കയറി ചെല്ലുമ്പോ അവിടെ വെറുമൊരു “പുതിയാപ്ല” മാത്രമല്ല ജനിക്കുന്നത്‌ ഒരു കുടുമ്പ നാഥൻ കൂടിയാണു..

അവളുടെ ഉമ്മാക്ക്‌ എന്നോട്‌ എന്തൊരു സ്നേഹമാണെന്നോ..
ഒരിക്കൽ ആ സ്ത്രീ തന്റെ കണ്ണുകൾ നിറച്ച്‌ ചോദിച്ചിരുന്നു എന്നോട്‌ :
“മോനിക്ക്‌ ഒരുപാട്‌ പ്രയാസങ്ങൾ വന്നൂ ല്ലെ, ഈ ഞങ്ങൾ കൂടി മോനിക്കൊരു ബാധ്യത ആയി പോയില്ലേ,അള്ളാന്റെ തീരുമനം ഇത്രയ്ക്ക്‌ വേണ്ടീരുന്നില്ലാന്ന് തോന്നിപ്പോക ”
“ഉമ്മ,

ഉമ്മയെന്താ ഏതോ ഒരു അന്യനോട്‌ സംസാരിക്കുന്നു പോലെ എന്നോടിങ്ങനൊക്കെ പറയണേ..ഞാൻ ഉമ്മാന്റെ മോളെ കെട്ടിയ ഭർത്താവാ, എപ്പോഴും വന്ന് വെച്ചുണ്ടാക്കിയത്‌ വയറു നിറയെ തിന്ന് കിടന്നുറങ്ങി പോകുന്ന ഒരു മരുമകൻ ആകുന്നതിനേക്കാൾ എന്തുകൊണ്ടും ഞാൻ സന്തോഷത്തിലാ ഉമ്മ..”

“അത്‌ മോനേ ഞാൻ സങ്കടം വന്നപ്പോ ”
“ഉമ്മ ഇനിയെന്നോടീ വാക്ക്‌ സംസാരിക്കരുത്‌, ഇവിടെ എന്റേയും നിങ്ങളുടേയും എന്ന ഒന്നില്ല ഉമ്മ നമ്മളുടേത്‌ എന്നേ ഉള്ളൂ..”
ബീവിയേയും കൊണ്ട്‌ ഇടക്ക്‌ പുറത്ത്‌ പോയി വരുമ്പോ നിറയേ ചോക്കളേറ്റുകൾ വാങ്ങിക്കും..
വീട്ടിലേക്ക്‌ കയറി വരുന്ന സ്വന്തം ഉപ്പച്ചിയുടെ കയ്യിൽ നമ്മൾ മക്കൾ ഒരിക്കലെങ്കിലും ഒരു പൊതി കാണാതെ നിന്നിട്ടുണ്ടാകില്ല..

ഇന്ന് ഞാനാ ഭാഗം ഭംഗിയായി ചെയ്തു..
അവരെ ആ വേദന അറിയിചില്ല..
എന്റെ സ്വർഗ്ഗമായ എന്റെ പൊന്നുമ്മ അവളുടെ ഉമ്മയോട്‌ എപ്പോഴും സംസാരത്തിൽ ആയിരിക്കും..
എന്റെ വീട്ടിലേക്ക്‌ പോകുന്ന ദിവസം കുഞ്ഞളിയൻ പറയും:
“അളിങ്കാക്കാ വരുമ്പോ പ്ലേ സ്റ്റേഷൻ കൊണ്ടു വരോ ”
സംഗതി ഓർമ്മയില്ലാതെ ഉപ്പച്ചിയോട്‌ പറയുന്ന പോലെ പറഞ്ഞു പോയതാ പാവം..
അവളുടെ ഉമ്മ വേഗം പറഞ്ഞു:
“ഹേയ്‌ വേണ്ട മോനേ അവനിക്ക്‌ വട്ടാ,ഏത്‌ നേരവും അതിന്റെ മോളിൽ ആവും..നീ ഒന്ന് അടങ്ങി ഇരി റിസുവാൻ ”

“ഉമ്മ എന്തിനാ ഓനോട്‌ ചൂടാവണേ,ഞാൻ കൊണ്ടന്നോളാം ട്ടോ ”
വെയിലേറ്റ്‌ വാടിയ കുഞ്ഞളിയന്റെ മുഖം നിലാവിലെ ചന്ത്രനെ പോലെ തിളങ്ങി..
എല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്നത്‌ കണ്ടതിലാകണം എന്റെ ബീവിക്ക്‌ എന്നോട്‌ അത്രയതികം മുഹബത്ത്‌..

അവളൊന്നും ആവശ്യപ്പെടുന്നേ ഇല്ല,
ഒരു ചുരിദാറോ സാരിയോ സ്വർണ്ണമോ ഒന്നും..
കാലിലെ ചെരുപ്പ്‌ തേഞ്ഞു പോയത്‌ അറിഞ്ഞത്‌ തന്നെ വിരലിന്റെ ഭാഗത്ത്‌ പാട്‌ കണ്ട്‌ ശ്രെദ്ധിച്ചപ്പോഴാ ..

“നീ എന്താ പെണ്ണേ ഒന്നും എന്നോട്‌ ആവശ്യപ്പെടാത്തേ,ഒരു കൊച്ചു മോദിരം പോലും നീ വേണമെന്ന് പറയുന്നില്ലല്ലോ ”
“അതു പിന്നെ ഇക്ക,ഇങ്ങനൊക്കെ മതി, ന്തിനാപ്പോ കൊറേ ഡ്രെസ്സും പൊന്നുമൊക്കെ,മരിച്ച്‌ പോകുമ്പൊ നമ്മളാകെ കൊണ്ടോകാ മൂന്നു കക്ഷണം തുണിയല്ലേ,”
“അതൊക്കെ ശെരിയാ പക്ഷെ എന്റെ നല്ല പാതിയാ എന്റെ എല്ലാം..നിന്നെ സ്വീകരിച്ചതിൽ പിന്നെ ഞാൻ പുതിയൊരു മനുഷ്യനായി..

ഒരു മരുമകന്റെ സ്ഥാനം ജീവിതത്തിൽ എത്രത്തോളം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി..
ഒരു ഉപ്പയുടെ സ്ഥാനമാ എനിക്കിപ്പോ നിന്റെ വീട്ടിൽ.
ഞാനേറെ സന്തോഷവാനാടോ,
പടച്ചോൻ നമ്മളെ എത്രത്തോളം പരീക്ഷിക്കുന്നോ അത്രത്തോളം നമ്മൾ പടച്ചോനിക്ക്‌ പ്രിയപ്പെട്ടവർ ആയിരിക്കും,അതു കൊണ്ട്‌ ക്ഷെമിക്കാൻ എന്റെ ഉമ്മ പറഞ്ഞിട്ടുണ്ട്‌..”
ഉമ്മറത്തൊരു കസേരയുണ്ട്‌..

അതിലിരുന്നാൽ വീടിന്റെ മുറ്റം കാണാം.. എന്റെ സഥാനമിന്നവിടെയാ..
നിക്കാഹിന്റേയും മൈ ലാഞ്ചിയുടേയും മണം കൂട്ടി ഉരസുമ്പോൾ ചുറ്റുമുള്ള ആയിരം കണ്ണുകൾ നോക്കി നിൽക്കേ കൈ പിടിച്ച്‌ അവളെ കൊണ്ടു വരുന്ന അവളുടെ ആ വീട്ടിൽ നമ്മളെന്നും വിരുന്നുകാരാ..
പക്ഷെ ,

നാലു നേരത്തെ ആഹാരം നുണഞ്ഞ്‌ “പുതിയാപ്ല ” എന്നും മരുമകൻ എന്നുമൊക്കെ വിളിപ്പേരുള്ള നമ്മൾ ചങ്കിലെ നീരും വറ്റി വരണ്ട്‌ നമ്മളിൽ വിഷ്വാസമർപ്പിച്ച്‌ കൈ തരുന്ന ആ പെണ്ണിന്റെ ബാപ്പയുണ്ടല്ലോ,
ആ മനുഷ്യനൊരിക്കൽ പടി ഇറങ്ങും,

നിനച്ചിരിക്കാതെ നമ്മളെ തേടി എത്തുന്ന പുതിയൊരു വേഷം..
അവിടെ വരവു ചിലവ്‌ കണക്കുകൾ പറയാതെ നട്ടെല്ലു നിവർത്തി ജീവിച്ചേക്കുക..
നിന്റെ പെണ്ണിന്റെ കുടുംബവും നിന്റേത്‌ കൂടിയാണെന്ന ചിന്തയോടെ…
*****************
സ്നേഹത്തോടെ ഷാഹിർ കളത്തിങ്ങൽ

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *