ആരാധകരെ ഞെട്ടിച്ച് ‘ഒരു പെരുങ്കളിയാട്ട’വുമായി സുരേഷ് ഗോപി.സുരേഷ് ഗോപി കണ്ണൻ പെരുമലയനായി കളിയാടിയത് മലയാളികളുടെ മനസിലേക്കായിരുന്നു.വീണ്ടും പ്രേക്ഷകമനസ്സുകളെ പ്രകമ്പനം കൊള്ളിക്കാൻ സുരേഷ് ഗോപി എത്തുന്നു.

കളിയാട്ടം മറക്കാൻ കഴിയുമോ ഓരോ ചലച്ചിത്ര പ്രേമിക്കും സുരേഷ് ഗോപി കണ്ണൻ പെരുമലയനായി കളിയാടിയത് മലയാളികളുടെ മനസിലേക്കായിരുന്നു. പ്രണയാഗ്നി നെഞ്ചിൽ ഏറ്റി നടക്കുകയും അവസാനം സ്വയം ആ അഗ്നിയിൽ ചാരമായിമാറുകയും ചെയ്ത പെരുമലയൻ. ജീവിതകാലം മുഴുവൻ ആ പാവം മനുഷ്യൻ ആടിയ തെയ്യ വേഷം തീ ചാമുണ്ഡിയായിരുന്നു. തീക്കനലുകളിൽ ഓടി നടന്ന് മനുഷ്യ വ്യാധിയും രോഗങ്ങളും മാറ്റിയ ദൈവരൂപം. എന്നാൽ പ്രണയമായിരുന്നോ ചതിയായിരുന്നോ എന്ന് തിരിച്ചറിയാനാവാതെ പെരുമലയൻ ജീവിതത്തിലും മറ്റൊരു തെയ്യ വേഷം ആടിത്തിമിർക്കുകയായിരുന്നു.സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമായിരുന്നു കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ. ഷേക്സ്പിയറിൻ്റെ ഒഥെല്ലോ എന്ന നാടകത്തിനു തെയ്യത്തിൻ്റെ പശ്ചാത്തലത്തിൽ സംവിധായകൻ ജയരാജ് ഒരുക്കിയ ദൃശ്യാവിഷ്കാരമായിരുന്നു കളിയാട്ടം. ഇപ്പോൾ കളിയാട്ടത്തിലെ കണ്ണൻ പെരുമലയനെ ഓ‍ർമിപ്പിച്ച് സുരേഷ് ഗോപി വീണ്ടും ജയരാജുമായി കൈകോർത്തിരിക്കുന്നു. ‘ഒരു പെരുങ്കളിയാട്ടം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തെയ്യത്തിൻ്റെ പശ്ചാത്തലമുണ്ടെങ്കിലും കളിയാട്ടവുമായി ബന്ധമില്ലെന്നു സംവിധായകൻ തന്നെ പറയുന്നുണ്ട്. യൂഡ്ലി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അനശ്വര രാജൻ, ഷൈൻ ടോം ചാക്കോ, കന്നട താരം അവിനാഷ് തുടങ്ങിയ താരങ്ങളും എത്തുന്നു.പാപ്പൻ എന്ന ത്രില്ലർ ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടെ സിനിമകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പിന്നാലെ വന്ന മേം ഹൂം മൂസ കോമഡി ട്രാക്കിലാണ് കഥ പറഞ്ഞത്. അതുകൊണ്ടു തന്നെ സുരേഷ് ഗോപിയുടെ എനർജെറ്റിക് ആക്ഷൻ കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ചില അനൗണസ്മെൻ്റുകൾ നടന്നെങ്കിലും ഒരു സിനിമയും പ്രേക്ഷകരുടെ മുന്നിലെത്തിയില്ല. സുരേഷ് ഗോപിയെ നായകനാക്കി ഹെവി മാസ് ആക്ഷൻ ഡ്രാമയായി അനൗൺസ് ചെയ്ത ഒറ്റക്കൊമ്പൻ ഇന്നു വരും നാളെവരും എന്നു കാത്തിക്കാൻ തുടങ്ങിയിട്ട് നാളേറെയായെന്ന് സുരേഷ് ഗോപിയുടെ ആരാധകർ തന്നെ പറയുന്നു.

ലേലം രണ്ടാം ഭാഗം, ചിന്താമണി കൊലക്കേസിലെ കഥാപാത്രം ലാൽ കൃഷ്ണ- 2 എന്നീ പ്രോജക്ടുകളും അനൗൺസ്മെൻ്റിൽ മാത്രം നിൽക്കുകയാണ്. രൺജി പണിക്കരുടെ തിരക്കഥയിൽ മകൻ നിഥിൻ രൺജി പണിക്കരുടെ സിനിമയും പിന്നാലെയുണ്ടാകുമെന്ന് വാർ‌ത്തകൾ പരന്നിരുന്നു. പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ആക്ഷൻ അവതാരമായി സുരേഷ് ഗോപി ഇനി പ്രേക്ഷകരുടെ മുന്നിലെത്തുമെന്നു കരുതിയിടത്താണ് ആരാധകരെ അമ്പരിപ്പിച്ച് തെയ്യം കലാകാരനായി ഒരു പെരുങ്കളിയാട്ടത്തിൽ പുത്തൻ ലുക്കിൽ താരത്തെ പ്രേക്ഷകർ കണ്ടത്. സമീപകാലത്ത് താടിയോടെയാണ് സുരേഷ് ഗോപിയെ ഏറെയും കണ്ടത്. ജയരാജ് ചിത്രത്തിൽ പഴയ കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻെ ഓർമിപ്പിക്കും വിധത്തിൽ താടിയും മീശയും വടിച്ച് ഒരു തെയ്യം കലാകാരനായി സുരേഷ് ഗോപി മാറിയിരിക്കുന്നു.ഒരു കാലത്ത് തോക്ക് കയ്യിലേന്തിയ കഥാപാത്രങ്ങളിലൂടെ മാത്രം ചുറ്റിത്തിരിയുന്നതിനിടയിലാണ് സുരേഷ് ഗോപിയെ പുതിയ ഭാവത്തിൽ ജയരാജ് കളിയാട്ടത്തിലെത്തിയത്. അന്നത്തെ പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ദേശിയ പുരസ്കാരവും താരം സ്വന്തമാക്കി. വീണ്ടും പുരസ്കാര നേട്ടങ്ങളിലേക്കു സുരേഷ് ഗോപിയുടെ പേര് എത്തിക്കുന്ന ചിത്രമായിരിക്കും പെരുങ്കളിയാട്ടം എന്നാണ് പ്രതീക്ഷിക്കുന്നത്. 26 വർഷത്തിനു ശേഷമാണ് സുരേഷ് ഗോപിയും ജയരാജും വീണ്ടും ഒന്നിക്കുന്നത്. പെരുവണ്ണാൻ എന്ന കഥാപാത്രത്തെയാണ് പുതിയ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നതായി കുറച്ചു നാൾ മുമ്പ് അനൗൺസ് ചെയ്തത് ഹൈവേ രണ്ടാം ഭാഗമായിരുന്നു. ജയരാജിൻ്റെ സംവിധാനത്തിൽ 1995 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്ന ഹൈവേ. ഒന്നാം ഭാഗം പോലെ ആക്ഷൻ ത്രില്ലറായുള്ള ചിത്രമായിരിക്കും ജയരാജ് – സുരേഷ് ഗോപി കൂട്ടുകെട്ടിലെത്തുന്നത് എന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. ഒരു പെരുങ്കളിയാട്ടത്തിലെ കഥാപാത്രത്തിൻ്റെ ചിത്രങ്ങൾ സുരേഷ് ഗോപി തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *