പെർമിറ്റ് ഫീസ് പുതുക്കിയതിനെതിരെ നടക്കുന്നത് സംഘടിത ദുഷ്പ്രചാരണമെന്ന് മന്ത്രി എം ബി രാജേഷ്..മന്ത്രിയുടെ വിശദീകരണം..
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് പുതുക്കിയതിനെതിരെ നടക്കുന്നത് സംഘടിത ദുഷ്പ്രചാരണമെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാര്യത്തിൽ ജനോപകാരപ്രദമായ വലിയൊരു മാറ്റമാണ് സംസ്ഥാനത്ത് നിലവിൽ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാല്‍ 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ല. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അപേക്ഷിച്ച ദിവസം തന്നെ 300 ചതുരശ്ര മീറ്റര്‍വരെയുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്ന മാറ്റം വ്യാജപ്രചരണം നടത്തുന്നവര്‍ കണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫീസ് പുതുക്കിയതുമായി ബന്ധപ്പെട്ട് നടക്കുന്നത് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവും മന്ത്രി നൽകിയിട്ടുണ്ട്. 13 പോയിന്റുകൾ അക്കമിട്ട് നിരത്തിയാണ് മന്ത്രിയുടെ വിശദീകരണം.മന്ത്രി എംബി രാജേഷിന്റെ വിശദീകരണം വായിക്കാം:
കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാര്യത്തിൽ ജനോപകാരപ്രദമായ വലിയൊരു മാറ്റം ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് നിലവിൽ വന്നു. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അപേക്ഷിച്ച ദിവസം തന്നെ 300 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ പെർമിറ്റ് ലഭിക്കുന്നു എന്നതാണ് ആ മാറ്റം. പെർമിറ്റ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്ന സ്ഥിതിയും അതുകൊണ്ടുണ്ടാകുന്ന നഷ്ടവും ഇതിന്റെ ഫലമായി അപേക്ഷകർക്ക് ഇല്ലാതായി. ചട്ടങ്ങൾക്ക് അനുസരിച്ചാണ് അപേക്ഷയെങ്കിൽ, ഓൺലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെർമിറ്റ് കിട്ടും. ഇത് ഒരു വിപ്ലവകരമായ മാറ്റമാണ്. പലപ്പോഴും പെർമിറ്റിന്റെ കാലതാമസത്തെ സംബന്ധിച്ചും അതിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നതിനെ സംബന്ധിച്ചുമാണ് ആക്ഷേപങ്ങൾ ഉയരാറുള്ളത്. അതെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുന്നു.എന്നാൽ ഈ വസ്തുത മറച്ചുവച്ചുകൊണ്ട് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പുതുക്കിയത് സംബന്ധിച്ച് സംഘടിതമായ ദുഷ്പ്രചാരണമാണ് ഇപ്പോൾ ചിലർ നടത്തികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചില വസ്തുതകൾ അക്കമിട്ട് നിരത്തി വ്യക്തമാക്കട്ടെ
1. പെർമിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. അപ്പോഴും 80 ചതുരശ്ര മീറ്റർ ( 861.1 ചതുരശ്ര അടി ) വരെ വരെയുള്ള നിർമ്മാണത്തിന് ഒരു പൈസ പോലും വർദ്ധിപ്പിച്ചിട്ടില്ല എന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവർ മറച്ചുവെക്കുന്നു. അവർക്ക് ഇതുവരെയുള്ള നിരക്ക് തന്നെയാകും തുടരുക, അതായത് പാവപ്പെട്ടവർക്ക് മേൽ ഒരു ഭാരവും വരുന്നില്ലെന്ന് അർത്ഥം.
2. പെർമിറ്റ് ഫീസിൽ നിന്ന് ചില്ലിക്കാശുപോലും സംസ്ഥാന സർക്കാരിനുള്ളതല്ല. സംസ്ഥാന സർക്കാർ വരുമാനം കൂട്ടാൻ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നു തുടങ്ങിയ പ്രചരണങ്ങൾ അവാസ്തവവും മര്യാദയില്ലാത്തതുമാണ്. പെർമിറ്റ് ഫീസിൽ നിന്ന് ഒരു പൈസ പോലും സംസ്ഥാന സർക്കാരിന് ലഭിക്കുന്നില്ല എന്ന് അറിയാതെയല്ല ഈ പ്രചാരണങ്ങൾ, കുടിലമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.
3. പെർമിറ്റ് ഫീസ് പുതുക്കൽ തദ്ദേശസ്ഥാപനങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. അതിന് സംസ്ഥാന സർക്കാരിന്റെ തീരുമാനം വേണം. വേണ്ടത്ര ചർച്ചകൾ തദ്ദേശസ്ഥാപന അധ്യക്ഷരുടെ സംഘടനകളുമായി നടത്തിയ ശേഷമാണ് സർക്കാർ ഈ തീരുമാനമെടുത്തത്. മാത്രമല്ല, ഇന്ത്യയിലാകെയുള്ള പെർമിറ്റ് ഫീസ് നിരക്കുകളെ സംബന്ധിച്ചും വിശദമായ പഠനം നടത്തി.
4. കേരളത്തിൽ ഇപ്പോൾ പുതുക്കിയ നിരക്കുകൾ പോലും രാജ്യത്ത് പൊതുവിൽ നിലവിലുള്ള നിരക്കുകളുടെ മൂന്നിലൊന്നേ വരൂ എന്നതാണ് യാഥാർത്ഥ്യം. ഈ വരുമാനം ലഭിക്കുന്നതാകട്ടെ തദ്ദേശ സ്ഥാപനങ്ങൾക്കും. തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്നതിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമുണ്ട്.
5. തദ്ദേശസ്ഥാപനങ്ങൾ പിരിക്കുന്ന കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസ് നിരക്ക് കേരളത്തിനു പുറത്തുള്ള നിരക്കുകളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം. ഇതോടൊപ്പം ഇവിടെ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രം 1 കോയമ്പത്തൂരിനടുത്ത് ഇരുഗൂർ ഗ്രാമപഞ്ചായത്തിലേതാണ്. 2333 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് ഉടമസ്ഥൻ നൽകിയ ഫീസ് 48104 രൂപയാണ്. സമാനമായ വിസ്തീർണ്ണമുള്ള ഒരു വീടിന് കേരളത്തിലെ പഞ്ചായത്തിൽ പുതുക്കിയ നിരക്ക് അനുസരിച്ചുപോലും വരുന്ന പരമാവധി പെർമിറ്റ് ഫീസ് 21600 രൂപ മാത്രമാണ്. തമിഴ്നാട്ടിലെ പഞ്ചായത്തിലെ ഫീസിന്റെ പകുതിയിൽ താഴെ.
കോയമ്പത്തൂർ കോർപ്പറേഷനിലെ മറ്റൊരു രസീത് ചിത്രം2 നോക്കുക. 130.66 ചതുരശ്ര മീറ്റർ(1406.4 സ്ക്വയർ ഫീറ്റ്) കെട്ടിടത്തിന് പെർമ്മിറ്റ് ലഭിക്കാൻ 50,772 രൂപയാണ് അപേക്ഷകൻ നൽകിയിട്ടുള്ളത്. കേരളത്തിലെ ഒരു കോർപ്പറേഷനിൽ ഇതേകെട്ടിടത്തിന് പുതുക്കിയ നിരക്ക് അനുസരിച്ച് വരുന്നത് 13,066 രൂപ മാത്രമാണ്, അതായത് കോയമ്പത്തൂർ കോർപ്പറേഷനിൽ ഉള്ളതിന്റെ ഏതാണ്ട് നാലിലൊന്നേ പുതുക്കിയ നിരക്ക് അനുസരിച്ച് പോലും കേരളത്തിൽ വരുന്നുള്ളൂ. ഇതിനെയാണ് കൊള്ള എന്ന് ചിത്രീകരിക്കുന്നത്.
കോയമ്പത്തൂർ കോർപ്പറേഷനിൽ തന്നെ 4250 സ്ക്വയർ ഫീറ്റുള്ള ഒരു വീടിന് പെർമ്മിറ്റ് കിട്ടാൻ നൽകിയ ഫീസിന്റെ മറ്റൊരു രസീത് (ചിത്രം 3) 2,36,610 രൂപയുടേതാണ്. ഇത്രയും വലിയ വീടിന് പോലും കേരളത്തിലെ കോർപറേഷനിൽ ഇതിന്റെ പകുതിയോളമേ ഫീസ് വരൂ.
6. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ നിരക്കുകൾ കൂടി കൊടുക്കുന്നുണ്ട്. വൻ നഗരങ്ങളെ വിടാം. കർണാടകയിലെ നെൽമംഗലയിൽ വീടിന് ചതുരശ്ര മീറ്ററിന് 300 രൂപയും വാണിജ്യ കെട്ടിടത്തിന് 500 രൂപയുമാണ് നിരക്ക്. കൽബുർഗിയിൽ എസ്റ്റിമേറ്റിന്റെ ഒന്നര ശതമാനം മുതൽ മൂന്നു ശതമാനം വരെയാണ് ഈടാക്കുന്നത്. ആന്ധ്രയിലെ അനന്തപൂരിൽ ചതുരശ്ര മീറ്ററിന് 1072 രൂപ. അപേക്ഷാ ഫീസ് 10000 രൂപയും! കേരളത്തിൽ മിനിമം പെർമിറ്റ് ഫീസ് ഏഴും പരമാവധി മുന്നൂറുമാണ് എന്ന് ഓർക്കുക. കേരളത്തിലെ പുതുക്കിയ ശേഷമുള്ള ഏറ്റവും ഉയർന്ന പെർമിറ്റ് ഫീസ് നിരക്കിന്റെ മൂന്നര ഇരട്ടിയാണ് അനന്തപുരിലെ പെർമിറ്റ് ഫീസ്. തമിഴ്നാട്ടിലെ മധുരയിൽ കുറഞ്ഞ നിരക്ക് 113 രൂപയും കൂടിയ നിരക്ക് 750 രൂപയുമാണ്.
7. ചില സംസ്ഥാനങ്ങളിലേത് പോലെ നിർമ്മാണ ചെലവിന്റെ ഒരു നിശ്ചിത ശതമാനം പെർമ്മിറ്റ് ഫീസായി ഈടാക്കാമെന്ന നിർദ്ദേശം വന്നുവെങ്കിലും അത് കൂടുതൽ ഭാരം ആകുമെന്നതിനാൽ ഒഴിവാക്കുകയാണ് സർക്കാർ ചെയ്തത്. കേരളത്തിലെ നിർമ്മാണ് ചെലവുകൾ കണക്കാക്കിയാൽ പഞ്ചായത്തിൽ സ്ക്വയർ ഫീറ്റിന് ചുരുങ്ങിയത് 2500 രൂപയെങ്കിലും വരും. 1500 സ്ക്വയർ ഫീറ്റ് വീട് ഒരു പഞ്ചായത്തിൽ വെക്കണമെങ്കിൽ, 38 ലക്ഷം രൂപയെങ്കിലും വരും. അതിന് 1% പെർമ്മിറ്റ് ഫീസ് കണക്കിലാക്കിയാൽ പോലും 38000 രൂപ വരും. ഇപ്പോൾ നിശ്ചയിച്ച നിരക്ക് അനുസരിച്ച് അതിന്റെ അഞ്ചിലൊന്നേ വരുന്നുള്ളൂ. ജനങ്ങൾക്ക് മെൽ കൂടുതൽ ഭാരം വരാവുന്ന നിർദ്ദേശങ്ങളെല്ലാം ഒഴിവാക്കിയാണ് ഇപ്പോളത്തെ പുതുക്കിയ നിരക്കുകൾ നിർണ്ണയിച്ചത് എന്ന് അർത്ഥം.
8. സംസ്ഥാനത്തെ വീട്ടുനികുതി ഒറ്റയടിക്ക് 25% വർദ്ധിപ്പിക്കണമെന്ന് ധനകാര്യകമ്മീഷൻ നിർദ്ദേശം പോലും അഞ്ചിലൊന്നായി കുറച്ച ഗവൺമെന്റാണിത്.തദേശ സ്ഥാപനങ്ങൾക്കുള്ള ഒരു നിരക്കും വർദ്ധിപ്പിക്കാൻ സർക്കാർ അനുവദിക്കാതിരുന്നാൽ അത് അവയെ പ്രതിസന്ധിയിലാക്കും.
9. ബ്രഹ്മപുരം തീപിടുത്തം ഉണ്ടായപ്പോൾ ഇൻഡോറിനെ മാതൃകയാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഹ്വാനമായിരുന്നു എല്ലായിടത്തും. സമൂഹമാധ്യമങ്ങൾ മുഴുവൻ ഇൻഡോർ മാതൃക വാഴ്ത്തപ്പെട്ടു. എന്താണ് ഇൻഡോർ മാതൃകയുടെ അടിസ്ഥാന സവിശേഷത? ഉയർന്ന യൂസർ ഫീ അടക്കമുള്ള നിരക്കുകളാണ്. വീടുകളിൽ നിന്ന് അജൈവമാലിന്യം സ്വീകരിക്കുന്നതിന് ഈടാക്കുന്നത് 190 രൂപ വരെയാണ്. കേരളത്തിൽ ഹരിത കർമ്മസേനക്ക് 50 രൂപ കൊടുക്കുന്നതിനും ചിലർ എതിർപ്പ് ഉയർത്തുകയാണ്. ഇൻഡോറിലെ ബിൽഡിംഗ് പെർമിറ്റ് അപേക്ഷാ ഫീസ് 5000 രൂപയും ചതുരശ്ര മീറ്ററിന്റെ നിരക്ക് കുറഞ്ഞത് ഇരുനൂറും കൂടിയത് നാനൂറും രൂപയാണ്.
10. ഇതിൽനിന്ന് വ്യക്തമാകുന്നത് പുതുക്കലിന് ശേഷവും മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ വളരെ കുറവാണ് കേരളത്തിലെ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്ക് എന്നാണ്. മറ്റ് സംസ്ഥാനങ്ങളിൽ പെർമിറ്റ് ഫീസിനൊപ്പം തന്നെ പല വിധത്തിലുള്ള ചാർജുകൾ വേറെയും ഈടാക്കുന്നുണ്ട്. സ്ക്രൂട്ടിണി ഫീ, എൽ പി എ ഡവലപ്മെന്റ് ചാർജസ്, ബിൽഡിങ് ഡെബ്രിസ് റിമൂവൽ, മാനുവൽ വർക്കേഴ്സ് വെൽഫെയർ ഫണ്ട്, ഇൻഫ്രാസ്ട്രക്ചർ ആൻഡ് അമിനിറ്റി ചാർജസ് തുടങ്ങി ഒരു ഡസനോളം ഫീസുകൾ വേറെയും ഈടാക്കുന്നുണ്ട്. കേരളത്തിൽ പെർമിറ്റ് ഫീ മാത്രമേ ഈടാക്കുന്നുള്ളൂ.
പെർമിറ്റ് ഫീസിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതുക്കലിന് ശേഷവും അങ്ങനെ തന്നെയാണ്. കേരളത്തിൽ 80 സ്ക്വയർ മീറ്റർ വരെ ഒരു ചില്ലിക്കാശ് കൂട്ടിയിട്ടില്ല.
11. വേണ്ടത്ര ചർച്ചകൾക്ക് ശേഷമാണ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് പുതുക്കണമെന്ന ആവശ്യത്തിനു മേൽ സർക്കാർ തീരുമാനമെടുത്തത്. 2023 ലെ തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ഒരു സെഷൻ പൂർണമായും തദ്ദേശസ്ഥാപനങ്ങളുടെ വിഭവസമാഹരണ മാർഗങ്ങളെ കുറിച്ചുള്ള ചർച്ച ആയിരുന്നു. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നതാണ്. അദ്ദേഹം എത്താമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിച്ചേരുകയുണ്ടായില്ല. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, മുൻസിപ്പൽ ചേമ്പർ, മേയേഴ്സ് കൗൺസിൽ തുടങ്ങിയവരുമായും ഇക്കാര്യം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഈ സംഘടനകളിൽ എല്ലാ പാർട്ടികളിലുമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ ഭാരവാഹികളുമായുണ്ട്.
12. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഭാരിച്ച ചുമതലകൾ നിറവേറ്റേണ്ടതായുണ്ട്. ആ ചുമതലകൾ ഇപ്പോൾ അവർ നിർവഹിക്കുന്നത് പ്രധാനമായും സംസ്ഥാന സർക്കാർ നൽകുന്ന വികസന ഫണ്ട് കൊണ്ടാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വിഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നത് -മൊത്തം പദ്ധതിയുടെ 27.19% -കേരളത്തിലെ സർക്കാരാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇതിന്റെ പകുതിപോലും തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നില്ല എന്നോർക്കണം. ഇപ്പോഴത്തെ പെർമിറ്റ് ഫീസ് പുതുക്കലും സംസ്ഥാന സർക്കാരിന് വേണ്ടിയല്ല, തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടിയാണ്. വസ്തുത ഇതായിരിക്കെ സംസ്ഥാന സർക്കാരിന് പണം കണ്ടെത്താൻ പെർമിറ്റ് ഫീസ് കൂട്ടി എന്ന നുണപ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.
13. ഇപ്പോൾ നടപ്പാക്കിയ നിരക്ക് പുതുക്കൽ നോക്കിയാൽ വീട് നിർമ്മാണത്തിനായി ചെലവഴിക്കുന്ന തുകയുടെ അര ശതമാനം പോലും പരമാവധി നിരക്ക് വരില്ല. പലരും വീട് നിർമ്മാണത്തിനും ഇൻറീരിയർ ഡെക്കറേഷനും അതുകഴിഞ്ഞാൽ ഗൃഹപ്രവേശത്തിനും എല്ലാമായി നല്ല തുക ചെലവഴിക്കാറുണ്ട്. അങ്ങനെയൊക്കെ ചെലവഴിക്കുന്ന തുകയുടെ ഒരംശം മാത്രമേ പെർമിറ്റ് ഫീസായി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകേണ്ടിവരുന്നുള്ളൂ. അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് തന്നെയായിരിക്കും അത് ഉപയോഗിക്കുക.ഏറ്റവും പ്രധാന കാര്യം , അപേക്ഷിച്ച അന്നു തന്നെ പെർമിറ്റ് ലഭ്യമാകുന്നു എന്നതാണ്. പെർമിറ്റിനുള്ള കാത്തിരിപ്പും പലപ്പോഴും ഉണ്ടാകാറുള്ള കൈക്കൂലി ആക്ഷേപവുമൊന്നും ഇനി ഉണ്ടാവുകയില്ല. അപേക്ഷിച്ചാലുടൻ പെർമിറ്റ് കിട്ടുന്ന രീതി ആറുമാസത്തിനകം പഞ്ചായത്തിലും നടപ്പാക്കണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മിക്കവാറും മേയ് ഒന്നോടു കൂടി തന്നെ കേരളം മുഴുവൻ അത് വ്യാപിപ്പിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment