എത്രമാത്രം വേദന അച്ഛന്‍ സഹിച്ചിട്ടുണ്ട് എന്നെനിക്കറിയാം, ആറ് മാസത്തെ ശാരീരിക മാറ്റത്തിന് എത്രമാത്രം കഷ്ടപ്പെട്ടു; അച്ഛന് ആശംസകളുമായി വിജയരാഘവന്റെ മകന്‍!

ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും വലിയ രീതിയിലുള്ള എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഒന്നുമില്ലാതെ ഒരു സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. എല്ലാ വര്‍ഷവും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കാറുണ്ട്. പക്ഷേ ഇത്തവണ അര്‍ഹതപ്പെട്ടവരെ എല്ലാം അംഗീകരിച്ചു എന്ന അഭിപ്രായമാണ് പൊതുവില്‍ ഉള്ളത്. മികച്ച നടനും സംവിധായകനും അടക്കം ഒന്‍പതോളം പുരസ്‌കാരങ്ങളാണ് ആടുജീവിതം നേടിയത് എന്നതും ശ്രദ്ധേയം. കാതല്‍ ദ കോര്‍ എന്ന ചിത്രവും പുരസ്‌കാര പ്രഖ്യാപനത്തില്‍ തലയെടുപ്പോടെ നിന്നു.

പുരസ്‌കാരം കിട്ടിയവരെ എല്ലാം ആശംസിച്ചും പ്രശംസിച്ചു നിരവധി കമന്റുകള്‍ വരുന്നുണ്ട്. അക്കൂട്ടത്തിലിതാ അച്ഛന് ആശംസകളുമായി ഒരു മകന്‍ വന്നിരിക്കുന്നു. മറ്റാരുമല്ല, വിജയരാഘവന്റെ മകന്‍ ദേവദേവന്‍. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് വേണ്ടിയാണ് വിജയരാഘവന് മികച്ച സ്വഭാവ നടനുള്ള അന്‍പത്തിനാലാമത് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

ആനന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത സിനിമയാണ് പൂക്കാലം. ചിത്രത്തില്‍ ഇട്ടൂപ്പ് (ഇച്ചോയ്) എന്ന വൃദ്ധന്റെ വേഷത്തിലാണ് വിജയരാഘവന്‍ എത്തിയത്. എടുപ്പിലും നടപ്പിലും സംസാരത്തിലും അത് വിജയരാഘവാണ് എന്ന് ഒരു തരത്തിലും തോന്നാത്തവിധം, അത്ര തന്മയത്വത്തോടുകൂടെയാണ് വേഷം ചെയ്തത്. ആ ആത്മസമര്‍പ്പണത്തിന് തന്നെയാണ് പുരസ്‌കാരം എന്ന് ജൂറി പ്രത്യേകം പരമാര്‍ശിക്കുന്നുമുണ്ട്.

എത്രമാത്രം കഷ്ടപ്പെട്ടാണ് അച്ഛന്‍ ഈ വേഷം ചെയ്തത് എന്ന് പറഞ്ഞുകൊണ്ടാണ് ദേവ്‌ദേവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ആശംസകള്‍ അച്ഛാ. ഇച്ചോയിയ്ക്ക് വേണ്ടി എത്രമാത്രം വേദന അച്ഛന്‍ സഹിച്ചിട്ടുണ്ട് എന്നെനിക്കറിയാം. ശാരീരിക മാറ്റത്തിന് വേണ്ടിയും, കഥാപാത്രമാവാനുള്ള മാനസിക മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയും അച്ഛന്‍, അച്ഛന്റെ ആറ് മാസമാണ് മാറ്റിവച്ചത്. അര്‍ഹിയ്ക്കുന്ന പുരസ്‌കാരം’ എന്ന് അച്ഛനൊപ്പമുള്ള ഒരു ഫോട്ടോ സഹിതം മകന്‍ കുറിച്ചു.

നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വിജയരാഘവനെ ആശംസിച്ചും സ്‌നേഹം അറിയിച്ചു വരുന്നത്. തന്റെ മെന്‍ഷന്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് വിജയ രാഘവനും സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *