കുടുംബത്തോടൊപ്പം പങ്കുവെച്ച ചിത്രത്തിൽ മണ്ടത്തരം കണ്ടുപിടിച്ചവർ കൊടുത്തത് നല്ല എട്ടിൻ്റെ പണി
പിറന്നാൾ ദിനമെത്തി, ആശംസകളില്ല, അനൗൺസ്മെൻ്റില്ല മകനേ മടങ്ങി വരൂ. മലയാളത്തിൻ്റെ ജനപ്രിയ നായകനായി കാത്തിരിക്കുന്നു.സിനിമകളുടെ വിജയ പരാജയത്തിനപ്പുറം എന്നും മലയാളത്തിൻ്റെ കുടുംബ നായകനാണ് ജയറാം. തൻ്റെ 57 -ാം പിറന്നാൾ ആഘോഷത്തിലൂടെ സഞ്ചരിക്കുകയാണ് താരമിപ്പോൾ. ഇന്നു തമിഴ്, തെലുങ്ക് ഭാഷകളിൽ വിലയേറിയ താരമാകുമ്പോൾ മലയാളത്തിനു ജയറാമിനെ അന്യമാകുന്നതായി ആരാധകർ പരിഭവപ്പെടുന്നു. ഇടവേളയ്ക്കു ശേഷം മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് ശക്തമായി ജയറാം തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ് ഓരോ മലയാളി പ്രേക്ഷകരും.തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ ഗ്രാമം കൊതിക്കാറുണ്ടെന്നും.മലയാളത്തിൻ്റെ പ്രിയ നടൻ ജയറാമിനെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നു മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് അറബിക്കഥയിലെ ഈ വരികളാകും. ഡിസംബർ 10 ന് 57 -ാം പിറന്നാൾ ആഘോഷിക്കുമ്പോൾ പതിവായി താരങ്ങളുടെ പിറന്നാളുകളെ ആഘോഷമാക്കുന്ന സമൂഹ മാധ്യമങ്ങൾ പോലും ജയറാമിനെ മറന്നു. എവിടെയൊ മലയാളത്തിനു സ്വന്തം ജനപ്രിയ നായകനെ നഷ്ടമായ പോലെ! മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ആക്ഷൻ സിനിമകൾ ചെയ്ത സൂപ്പർ താര പദവിയിലേക്കു കൂടേറിയപ്പോൾ നാട്ടിൻ പുറത്തുകാരൻ കഥാപാത്രങ്ങളിലൂടെയും കോമഡി സിനിമകൾ ചെയ്തും വലിയൊരു തലമുറയെ രസിപ്പിച്ച നായകനായിരുന്നു ജയറാം. മലയാള സിനിമ ആദ്യ ജനപ്രിയ നായകനെന്ന പട്ടം സമ്മാനിച്ചതു പോലും ജയറാമായിരുന്നു. ഒരു കാലഘട്ടത്തിനു നിറച്ചാർത്ത് നൽകിയ നടനെ ഇന്ന് മലയാള സിനിമ ലോകം പോലും മറന്നു കഴിഞ്ഞോ.മലയാളത്തിലെ സൂപ്പർ താരങ്ങളും യുവാതരങ്ങളുമെല്ലാം തങ്ങളുടെ പിറന്നാൾ ദിനം സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുന്നത് ഇപ്പോഴത്തെ പതിവാണ്. വരാനിരിക്കുന്ന വമ്പൻ പ്രോജക്ടുകളുടെ പ്രഖ്യാപനവും പുതിയ വിശേഷങ്ങളുമായി ആ ദിവസം അവർ ട്രെൻഡിംഗിൽ നിറയും. ഇവിടെ ജയറാമിൻ്റെ പിറന്നാൾ ദിനത്തിൽ മക്കളായ കാളിദാസും മാളവികയുമാണ് ആശംസകളുമായെത്തിയത്. രമേഷ് പിഷാരടി അടക്കമുള്ള ഒരുപിടി സിനിമാ താരങ്ങൾ ആശംസകളുമായെത്തിയെങ്കിലും മലയാളികൾക്ക് ആഘോഷിക്കാനുള്ള വകയായി അതു മാറിയില്ല. മലയാളത്തിൻ്റെ വെള്ളിത്തിരയിൽ നിന്നും അകന്നതു പോലെ മലയാളികളുടെ മനസിൽ നിന്നും ജയറാം അകന്നു പോവുകയാണോ?
ശരിയാണ്, സമീപകാലത്തെങ്ങും ജയറാമിനു മികച്ചൊരു ബോക്സോഫീസ് നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും എഴുതി തള്ളാൻ മാത്രം ജയറാമിനെ ഒരു പരാജയ നായകനായി കുറിക്കാൻ സാധിക്കുമോ തൊണ്ണൂറുകളിലെ പിള്ളേർക്ക് ഈ നായകനെ തള്ളിപ്പറയാനാവില്ല, കാരണം അദ്ദേഹത്തിൻ്റെ വില ഏറ്റവും കൂടുതൽ അറിയുന്നത് അവർക്കാണ്. അവരുടെ ഗൃഹാതുരമായ ഓർമകളിൽ ജയറാം എന്ന നായകൻ സൃഷ്ടിച്ച സിനിമകൾ നിരവധിയാണ്. ലക്ഷ്മിക്കുട്ടി എന്ന കുട്ടിയാനയ്ക്ക് മദ്യം നൽകി ആനയോട്ട മത്സരത്തിൽ ജയിച്ച് നായികയെ ചോദിച്ച് വാങ്ങിയ പൊന്നുംമഠത്തിൽ വിഷ്ണുനാരായണനായി പട്ടഭിഷേകത്തിലും തന്നെ തോൽപിച്ച നിയമത്തെ നിയമംകൊണ്ടു തന്നെ ജയിക്കുന്ന ഹരീന്ദ്രനായി സൂപ്പർമാനിലും എന്തിനും കണക്കു സൂക്ഷിക്കുന്ന പൊങ്ങച്ചക്കാരനായ അപ്പൂട്ടനായി കൊട്ടാരംവീട്ടിൽ അപ്പൂട്ടനിലും അപ്പനെ കൂട്ടുകാരനായും അപ്പനോട് മത്സരിച്ച് കെട്ടിയ പെണ്ണിനെ അന്തസായി പോറ്റാൻ പണിയെടുക്കാനിറങ്ങിയ റോയിയായി വീണ്ടും ചില വീട്ടുകാര്യത്തിലും ഭാര്യയെ വീട്ടു ജോലിക്കാരിയാക്കി വീട്ടിലെത്തിച്ച ഹരികൃഷ്ണനായി മേലെപറമ്പിൽ ആൺവീട്ടിലും നറുക്കെടുപ്പിൽ സമ്മാനം കിട്ടിയ കാറു കാരണം പ്രശ്നത്തിലായ മഹാദേവനായി ദി കാറിലും കുഞ്ഞിനെ പരസ്പരം മാറ്റി അവതരിപ്പിച്ച് കറങ്ങിപ്പോയ ബാലചന്ദ്രനായി ആദ്യത്തെ കൺമണിയിലും ഭ്രാന്തൻ്റെ ഇടയിൽപ്പെട്ട് വട്ടു പിടിച്ച അവസ്ഥയായ അഡ്വക്കേറ്റ് ജയകൃഷ്ണനായി വൺമാൻ ഷോയിലും സ്വന്തം ഭാര്യയുടെ മേക്കപ് മാനായി മാറിയ ബാലചന്ദ്രനായി മേക്കപ് മാനിലുമൊക്കെ നിറഞ്ഞാടിയ ജയറാം. ആ വിൻ്റേജ് ജയറാമിനെ കാത്തിരിക്കുകയാണ് വീണ്ടും മലയാളികൾ. മലയാളത്തിൽ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു ജയറാം. ഓരോ കഥാപാത്രങ്ങളും നമുക്കിടയിലുള്ള തനി നാട്ടിൻപുറത്തുകാരനാക്കുന്നതിൽ ജയറാമിനു പ്രത്യേക വൈഭവമായിരുന്നു. സത്യൻ അന്തിക്കാട്, സിബി മലയിൽ, രാജസേനൻ, റാഫി മെക്കാർട്ടിൻ, കമൽ തുടങ്ങിയ സംവിധായകരുടെ സിനിമകളിലൂടെ ജയറാം മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗമായി മാറി. കൈക്കുടുന്ന നിലാവിലെ മഹീന്ദ്രനും കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്തിലെ ഗിരി മേനോനും ഫ്രണ്ട്സിലെ അരവിന്ദനും കേളിയിലെ വികലാംഗൻ നാരായൺകുട്ടിയും അനിയൻ ബാവ ചേട്ടൻ ബാവയിലെ പ്രേമചന്ദ്രനും തുടങ്ങി സത്യൻ അന്തിക്കാട് സമ്മാനിച്ച മനസിനക്കരെയിലെ റോയിയും യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയിലെ രാമാനുജനനും വെറുതെ ഒരു ഭാര്യയിലെ സുഗുണനുമൊക്കെ നമുക്കിടയിലെ ജീവിതങ്ങളാക്കി മാറ്റുന്നതിൽ പ്രത്യേകമായ ജയറാം സ്പർശം തന്നെയുണ്ടായിരുന്നു. ഒരുപക്ഷേ, സിനിമയും ടെക്നോളജിയും മാറിയപ്പോൾ അത്തരം നാട്ടിൻ പുറത്തിൻ്റെ നന്മയുടെ പ്രതീകമായ കഥാപാത്രങ്ങളെ അന്യമായതാവും ജയറാമിനെ ബോക്സോഫീസ് നേട്ടങ്ങളിൽ നിന്നും അകറ്റിയത്.
@All rights reserved Typical Malayali.
Leave a Comment