ജീവനുമായി വേർപിരിയേണ്ടി വന്നു! വിവാഹമോചനവുമായി മുൻപോട്ടു പോകുമ്പോൾ നേരിട്ട പ്രതിസന്ധികൾ; പ്രേമയുടെ വിശേഷങ്ങൾ

ദി പ്രിൻസ്, ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രേമ. നായികയായും, സഹനടിയായും എൺപതോളം സിനിമകളിൽ അഭിനയിച്ച പ്രേമ, കരിയറിലെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. ശിവരാജ് കുമാറിനൊപ്പം അഭിനയിച്ച ഓം എന്ന ചിത്രം, ഏറ്റവും കൂടുതൽ തവണ റീ റിലീസ് ചെയ്തു വിജയങ്ങൾ ആവർത്തിച്ച അപൂർവ്വമായ റെക്കോർഡ് ഉള്ളൊരു ചിത്രവുമാണ്.

നിലവിൽ, കന്നഡ റിയാലിറ്റി ഷോയായ ‘മഹാനടി’യിൽ വിധികർത്താവായി സേവനമനുഷ്ഠിക്കുന്ന പ്രേമ ഈയിടെ തനിക്ക് നടത്തേണ്ടി വന്ന പോരാട്ടങ്ങളെയും, പ്രതിസന്ധികൾ നിറഞ്ഞ വ്യക്തിജീവിതത്തെയും കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചിരുന്നു. RJ രാജേഷ് ഹോസ്റ്റ് ചെയ്ത ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോൾ, മുൻ ഭർത്താവ് ജീവൻ അപ്പച്ചുവിൽ നിന്നുള്ള വിവാഹ മോചനത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ടു തനിക്കുണ്ടായ പ്രതിസന്ധികളെ കുറിച്ചും വിവരിച്ചിരുന്നു.

വിവാഹം ജീവിതത്തിന്റെ ഭാഗം മാത്രമാണ്, എന്നാൽ വിവാഹമാണ് ജീവിതം എന്നൊരർത്ഥമില്ല എന്നാണ് കഴിഞ്ഞ കാല ജീവിതാനുഭവങ്ങൾ തന്നെ പഠിപ്പിച്ചതെന്ന് പ്രേമ പറഞ്ഞു. സമൂഹമധ്യത്തിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയായിട്ടു കൂടി, വിവാഹമോചനവുമായി മുൻപോട്ടു പോകുമ്പോൾ തനിക്ക് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നുവെന്ന് പ്രേമ വെളിപ്പെടുത്തി. കരിയറിൽ ഉന്നത തലത്തിൽ നിൽക്കുമ്പോഴും, അസംസ്തൃപ്തമായ സ്വകാര്യജീവിതം നയിക്കേണ്ടി വരുന്നത് വളരെ സമ്മർദ്ദം നിറഞ്ഞ സാഹചര്യമായിരുന്നു എന്നും അവർ പറഞ്ഞു.

മികച്ച ഒരു കരിയർ ട്രാക്കിലൂടെ പത്തു വർഷത്തോളം സഞ്ചരിച്ചു വന്ന സാഹചര്യത്തിൽ നിന്നും, പരിമിതികളിലേയ്ക്ക് ചുരുങ്ങുന്ന അവസ്ഥയിലേയ്ക്കാണ് വിവാഹം തന്നെ കൊണ്ടെത്തിച്ചതെന്നാണ് പ്രേമ വിലയിരുത്തുന്നത്. വിവാഹശേഷം അഭിനയ മേഖലയിൽ തന്നെ തുടരാനുള്ള തീരുമാനം താൻ കൈക്കൊണ്ടെങ്കിലും, തന്റെ വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് അതിരുകൾ നിശ്ചയിക്കപ്പെട്ടതു പോലെ അനുഭവപ്പെട്ടുവെന്നും, പ്രണയമെന്ന വികാരത്തിന്റെ അഭാവമുണ്ടായതായി തോന്നിയിരുന്നു എന്നും പ്രേമ.

സങ്കീർണ്ണമായ സാഹചര്യങ്ങളിൽ തന്നോടൊപ്പം നിലകൊണ്ട മാതാപിതാക്കളോട് എന്നും കടപ്പെട്ടിരിക്കുമെന്നും പ്രേമ അവതാരകനോട് വെളിപ്പെടുത്തി. കൂട്ടിൽ നിന്നും സ്വതന്ത്രയായ ഒരു പക്ഷിയെപ്പോലെയാണ് ഇപ്പോഴത്തെ ജീവിതത്തെ വിലയിരുത്തുന്നത് എന്നുമവർ പറഞ്ഞു.
‘ഗോട്ട്’ ഓപണിങ് ഡേ കളക്ഷൻ അറിയാം

കന്നഡ, തെലുഗു, മലയാളം എന്നീ ഭാഷകൾ വഴി വലിയൊരു സമൂഹത്തിനു സുപരിചിതയായ പ്രേമയുടെ ഈ തുറന്നു പറച്ചിൽ സ്ത്രീ ശാക്തീകരണത്തിന്റെ മറ്റൊരു വഴിയായാണ് പലരും വിലയിരുത്തുന്നത്. തങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ജീവിതയാത്രയിൽ, ബന്ധങ്ങൾ വിലങ്ങു തടിയാകുന്നത് മൂലം സ്വയം പിൻവലിയാനും, സ്വപ്നങ്ങളെ ത്യജിച്ച് അതൃപ്തമായ ജീവിതം നയിക്കാനും നിർബന്ധിക്കപ്പെടുന്ന സ്ത്രീകൾ ഒരുപാടുള്ളോരു ജനസമൂഹത്തിനുള്ളിൽ നിന്നും ഇത്തരമൊരു നിലപാടുമായി സ്ത്രീകൾ മുന്നോട്ടു വരുന്നത്, വലിയൊരു സാമൂഹിക പരിവർത്തനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *