മക്കളില്ല ഭർത്താവ് മരിച്ചു,കുടിച്ച് ഉള്ളത് നശിപ്പിച്ചു,നോക്കി വളർത്തിയ സഹോദരങ്ങളും ഒറ്റപ്പെടുത്തി; അനുഭവിച്ച പീഡനങ്ങളെ കുറിച്ച് ബീന കുമ്പളങ്ങി തുറന്ന് പറയുന്നു.

കഴിഞ്ഞ ദിവസമാണ് നടി ബീന കുമ്പളങ്ങിയുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. അനിയത്തിയും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിയ്ക്കുന്നു എന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയ ബീനയുടെ അവസ്ഥ നവമാധ്യമങ്ങളിലൂടെ പ്രേക്ഷകരും അറിഞ്ഞു. എന്താണ് ഈ ഒറ്റപ്പെടല്‍, എങ്ങനെയാണ് ഇവിടെ വരെ എത്തിയത് എന്നൊക്കെ ഇപ്പോള്‍ അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുകയാണ് ബീന കുമ്പളങ്ങി. അഗതി മന്ദിരത്തില്‍ സ്വസ്തമായി കഴിയുമ്പോഴും തന്റെ വീട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് ബീനയുടെ ആഗ്രഹം.

അഭിനയത്തിലേക്ക് വന്നത്
വളരെ ചെറുപ്പത്തിലാണ് അഭിനയിക്കാന്‍ എത്തിയത്. അച്ഛനും കുടുംബവുമൊക്കെ അന്നത്തെ ജന്മിമാരായിരുന്നു. ഭാഗം വച്ചു പിരിഞ്ഞതിന് ശേഷം എല്ലാം നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെ പോറ്റാന്‍ എനിക്ക് അഭിനയത്തിലേക്ക് ഇറങ്ങേണ്ടി വന്നു. ഏഴാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് അഭിനയിച്ചു തുടങ്ങിയത്. അച്ഛനും അമ്മയും ഏഴ് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് ആശ്രയം ഞാന്‍ മാത്രമായിരുന്നു. ആഗ്രഹിച്ച് അഭിനയത്തിലേക്ക് വന്നതല്ല, നിവൃത്തികേടായിരുന്നു.

കുറ്റം പറച്ചിലുകള്‍
അന്ന് അഭിനയിക്കാന്‍ പോകുന്നതിന് കുടുംബത്തിലുള്ളവര്‍ തന്നെ കുറ്റം പറയും. പക്ഷെ നാട്ടുകാരെല്ലാം എനിക്ക് സപ്പോര്‍ട്ടായിരുന്നു. എത്ര കഷ്ടപ്പെട്ടാണ് ഞാന്‍ കുടുംബത്തെ നോക്കുന്നത് എന്നവര്‍ക്കറിയാം. സ്‌കൂള്‍ യൂനിഫോം വാങ്ങണമെങ്കില്‍ എനിക്ക് വര്‍ക്ക് കിട്ടണം. മാറിയുടുക്കാന്‍ എനിക്കൊരു ബ്ലൈസ് ഇല്ലെങ്കിലും അനിയത്തിമാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇതെല്ലാം പറയണം എന്ന് കരുതിയതല്, അങ്ങനെ ചെയ്തതിന്റെ കണക്ക് പറഞ്ഞ് എനിക്കൊന്നും നേടാനില്ല. പക്ഷെ ഓര്‍ത്തു പോകുന്നു.

ഭര്‍ത്താവിന്റെ മരണം
കല്യാണ രാമന്‍ എന്ന സിനിമയൊക്കെ കഴിഞ്ഞതിന് ശേഷം ഞാന്‍ അഭിനയിച്ചിട്ടില്ല. അഭിനയിക്കാന്‍ പോകുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വര്‍ക്ക് വന്നില്ല എന്നതാണ് സത്യം. മക്കളില്ല, ഭര്‍ത്താവ് നന്നായി മദ്യപിക്കുമായിരുന്നു. എനിക്ക് കുടുംബപരമായി കിട്ടിയ സ്ഥലം വിറ്റ് അദ്ദേഹത്തിന്റെ കുറച്ച് കടങ്ങളൊക്കെ തീര്‍ത്തു. മരിച്ചതിന് ശേഷം എന്റെ ഇളയ അനിയനാണ് പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ് അവിടെ നിന്നും കൂട്ടിക്കൊണ്ടു വന്നത്.

തറവാട്ടിലേക്ക് തിരിച്ചെത്തി
തറവാട്ട് വീട്ടിലേക്കാണ് വന്നത്. അവിടെ അമ്മയും ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. അമ്മ സംഘടന ഇടപെട്ട് മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കില്‍ വീടു വച്ചുതരാം എന്ന് പറഞ്ഞു. സഹോദരന്‍ മൂന്ന് സെറ്റ് സ്ഥലം തന്നപ്പോള്‍ അവിടെ വീട് വയ്ക്കുകയും ചെയ്തു. എന്നാലും അമ്മച്ചി തറവാട്ടിലുള്ളത് കാരണം ഞാന്‍ അവിടെ തന്നെ നിന്നു. വീടില്ലാത്ത അനിയത്തിയും ഭര്‍ത്താവും എന്റെ വീട്ടിലും നിന്നു. എനിക്ക് വീടൊന്നും വേണ്ടല്ലോ, എന്റെ കാലം കഴിയുന്നത് വരെ അവരും അവിടെ നിന്നോട്ടെ എന്നാണ് ആദ്യം കരുതിയത്.

ബാധ്യതയായി തുടങ്ങി
പക്ഷെ പിന്നെ ആങ്ങളയുടെ സ്വരം മാറി. മരിക്കുന്നതിനെ മുന്‍പേ അമ്മ അക്കാര്യം എനിക്ക് സൂചന തന്നിരുന്നു. ഞാന്‍ മരിച്ചാല്‍ നീ നിന്റെ വീട്ടില്‍ തന്നെ നിന്നാല്‍ മതി, ഇങ്ങോട്ട് കയറരുത് എന്നൊക്കെ പറഞ്ഞേല്‍പ്പിച്ചിരുന്നു. അമ്മ മരിച്ചതിന് ശേഷം ഞാനൊരു ബാധ്യതയാവും എന്ന രീതിയില്‍ ഞാന്‍ കേള്‍ക്കെ സഹോദരന്‍ സംസാരിക്കാന്‍ തുടങ്ങി. അതിന് ശേഷം ഞാന്‍ എനിക്ക് നിര്‍മിച്ചു നല്‍കിയ വീട്ടിലേക്ക് മാറി. പക്ഷെ അവിടെ എത്തിയപ്പോള്‍ അനിയത്തിയും ഭര്‍ത്താവും എന്നെ മാനസികമായി ക്രൂരമായി പീഡിപ്പിച്ചു.

അനുഭവിച്ച പീഡനം
തിന്നാനും കുടിക്കാനും നല്‍കില്ല. കുത്തി നോവിക്കുന്ന വാക്കുകള്‍ എന്നെ ഒരു ഭ്രാന്തിയെ പോലെയാക്കി. ഒരു കട്ടിലില്‍ ചുരുണ്ടുകൂടി, ആ കട്ടില്‍ മാത്രമാണ് എന്റെ ലോകം എന്ന രീതിയില്‍ മാറിയിരുന്നു. പക്ഷേ പിന്നീട് വീട് അവരുടെ പേരിലേക്ക് മാറ്റി എഴുതണം എന്ന് പറഞ്ഞ് അവളും ഭര്‍ത്താവും പീഡിപ്പിക്കാന്‍ തുടങ്ങി. അതിന് എരിപിരി കയറ്റിക്കൊടുത്തത് എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ സഹോദരനാണ്. ഏറ്റവും ഇളയ സഹോദരി ഒഴികെ മറ്റെല്ലാവരും ഒറ്റക്കെട്ടായി. എനിക്ക് വരുമാനം വരാതായതോടെ അവര്‍ക്കൊക്കെ ഞാന്‍ ബാധ്യതയായി എന്ന രീതിയിലായിരുന്നു പരിഗണന.

എല്ലാം എല്ലാവരും അറിഞ്ഞത്
ഒന്നുകില്‍ എനിക്ക് ഭ്രാന്താവും, അല്ലെങ്കില്‍ ഞാന്‍ സ്വയം എന്തെങ്കിലും ചെയ്തുപോകും എന്ന അവസ്ഥ എന്തിയപ്പോഴാണ് ശാന്തകുമാരി ചേച്ചിയെ വിളിച്ച് കരഞ്ഞത്. സീമ ജി നായരെ വിളിച്ച് സംസാരിക്ക്, അവള്‍ എന്തെങ്കിലും വഴി കാണിച്ചുതരും എന്ന് ചേച്ചി പറഞ്ഞു. അങ്ങനെയാണ് സീമയെ വിളിച്ചത്. ഞാന്‍ നോക്കി വളര്‍ത്തിയവരെ കുറിച്ച് കുറ്റം പറയാനോ, അവരെ ഇറക്കി വിടാനോ എനിക്ക് മനസ്സുണ്ടായിട്ടല്ല. പക്ഷെ എന്നെ ഇങ്ങനെ ആക്കിയതിന്റെ സങ്കടമുണ്ട്. എടുത്ത് നടന്നില്ലെങ്കിലും, എന്നെ അവര്‍ ഒറ്റപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല- ബീന കുമ്പളങ്ങി പറഞ്ഞു

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *