എനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനം! മമ്മൂക്കയുടെ വാക്കുകള്‍ മറക്കാനാവില്ല! ആദ്യ സിനിമയെക്കുറിച്ച് പറഞ്ഞ് ബീന ആന്റണി
ബീന ആന്റണിയും തെസ്നി ഖാനും അടുത്ത സുഹൃത്തുക്കളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും നിലനിര്‍ത്തുന്നുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇവര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ഇരുവരും.
തന്റെ ആദ്യ സിനിമയെക്കുറിച്ച് ബീന ഷോയില്‍ സംസാരിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്. കനല്‍ക്കാറ്റില്‍ ഒത്തിരി പ്രമുഖരുണ്ടായിരുന്നു. പറവൂര്‍ ഭരതന് ചേട്ടന്റെ മകളായാണ് വേഷമിട്ടത്. നത്ത് നാരായണന് എന്ന വാടകഗുണ്ടയായാണ് മമ്മൂക്ക വേഷമിട്ടത്. രാത്രി വാടക ചോദിക്കാന്‍ വരുന്നതും ഇടയ്ക്ക് എന്നെ കേറിപ്പിടിക്കാന്‍ നോക്കുന്നതും അച്ഛന് നിലവിളിക്കുന്നതുമായിരുന്നു സീന്‍. ഇതിന് മുന്‍പ് അഭിനയിച്ചിട്ടുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചിരുന്നു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ കൊള്ളാം, നന്നായി ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു പറഞ്ഞത്. അതെനിക്ക് കിട്ടിയ വലിയൊരു കോംപ്ലിമെന്റായിരുന്നു. അടുത്ത കാലത്ത് ഞാന്‍ മമ്മൂക്കയോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. മമ്മൂക്കയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്കും അവസരം കിട്ടിയെന്നായിരുന്നു തെസ്നി പറഞ്ഞത്. അദ്ദേഹത്തിന്റെ കാമുകിയായും അഭിനയിച്ചിട്ടുണ്ട്.
വില്ലത്തരവും കണ്ണീര് വേഷങ്ങളുമൊക്കെ ചെയ്യാറുണ്ടെങ്കിലും പൊതുവെ കോമഡിയാണ് കൂടുതല്‍ താല്പര്യമെന്ന് ബീന പറയുന്നു. ഒത്തിരി സ്കിറ്റുകള്‍ ചെയ്തിട്ടുണ്ട്. നിനക്ക് ഇത്രയും ഹ്യൂമര്‍ സെന്സുണ്ടായിരുന്നോ എന്ന് എന്നോട് ചോദിച്ചവരുണ്ട്. ഹ്യൂമറസായൊരു പരമ്പരയില്‍ ഞാന്‍ മെയ്ന്‍ ക്യാരക്ടര്‍ ചെയ്തിട്ടുണ്ട്. ഹിറ്റായിരുന്നു ആ സീരിയല്‍.
എന്റെ അപ്പച്ചനെ വലിയ പേടിയായിരുന്നു എനിക്ക്. ഭയങ്കര ദേഷ്യക്കാരനാണ് അദ്ദേഹം. 41 ദിവസത്തെ വ്രതം എടുത്ത് ശബരിമലയില്‍ പോവുമായിരുന്നു. ആ സമയത്ത് ഞങ്ങളും വ്രതം എടുക്കാറുണ്ട്. ഇനിയും ഇങ്ങനെ ചെയ്താല്‍ മക്കളുടെ കെട്ട് നടത്തി തരില്ലെന്ന് പള്ളിയില്‍ നിന്നും പറഞ്ഞിരുന്നു. അത് വേണമെന്നില്ല, എന്റെ മക്കളെ ഞാന്‍ തന്നെ കെട്ടിച്ച് വിട്ടോളാമെന്നായിരുന്നു അപ്പച്ചന്റെ മറുപടി.
എഞ്ചിനീയറിംഗിന് പോവാനൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രീ ഡിഗ്രിക്ക് തോറ്റു. ഇതെങ്ങനെ വീട്ടില്‍ അവതരിപ്പിക്കും എന്നോര്‍ത്ത് ഭയങ്കരമായി ടെന്‍ഷനടിച്ചിരുന്നു. വീട്ടിലേക്ക് പോവാന്‍ ധൈര്യമില്ലായിരുന്നു. എങ്ങനെയെങ്കിലും മരിച്ചാല്‍ മതി എന്നേ ഉണ്ടായിരുന്നുള്ളൂ. അതിന് വേണ്ടി റെയില്‍വേ ട്രാക്കിലൂടെ നടന്നിരുന്നു. ഞാന്‍ പാളത്തിലൂടെ നടന്ന് പോവുന്നത് ഒരു ബന്ധു കണ്ടിരുന്നു. അവരാണ് എന്നെയും കൂട്ടി വീട്ടിലേക്ക് വന്നത്. വിവരമറിഞ്ഞപ്പോള്‍ അപ്പച്ചന്റെ കണ്ണ് നിറഞ്ഞു. അന്നാണ് അപ്പച്ചന്റെ ഉള്ളിലെ സ്നേഹം ശരിക്കും മനസിലാക്കിയതെന്നും ബീന പറയുന്നു.
@All rights reserved Typical Malayali.
Leave a Comment