3 വര്‍ഷം ആശുപത്രി കിടക്കയില്‍, 23 സര്‍ജറികള്‍! മുറിച്ചുമാറ്റാന്‍ പറഞ്ഞ കാല്‍ ചേര്‍ത്ത് വച്ചു, ഇനിയൊരിക്കലും നടക്കാന്‍ കഴിയില്ലെന്നാണ് കരുതിയത്; ഇമോഷണലായി വിക്രം പറയുന്നു

3 വര്‍ഷം ആശുപത്രി കിടക്കയില്‍, 23 സര്‍ജറികള്‍! മുറിച്ചുമാറ്റാന്‍ പറഞ്ഞ കാല്‍ ചേര്‍ത്ത് വച്ചു, ഇനിയൊരിക്കലും നടക്കാന്‍ കഴിയില്ലെന്നാണ് കരുതിയത്; ഇമോഷണലായി വിക്രം പറയുന്നു

എന്റെ മോന്‍ ഇനിയെപ്പോള്‍ നടന്ന് തുടങ്ങും എന്ന് അമ്മ ചോദിച്ചപ്പോള്‍ അതിനി സാധ്യമല്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അത് കേട്ട് എന്റെ അമ്മ പൊട്ടിക്കരഞ്ഞു. അവിടെ മുതല്‍ തുടങ്ങിയ യാത്രയെ കുറിച്ച് വളരെ ഇമോഷണലായിട്ടാണ് ചിയാന്‍ വിക്രം സംസാരിച്ചത്

വന്‍ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിയ്ക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത് – ചിയയാന്‍ വിക്രം കൂട്ടുകെട്ടില്‍ പിറക്കുന്ന തങ്കലാന്‍ എന്ന ചിത്രം. തീര്‍ത്തും വേറിട്ടൊരു സിനിമാനുഭവം ആയിരിക്കും തങ്കലാന്‍ എന്ന വ്യക്തത ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറും ടീസറും പോസ്റ്ററുമെല്ലാം നല്‍കിയതാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ചിയാന്‍ വിക്രം ഇമോഷണലായി സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

തങ്കലാന്‍ എന്തുകൊണ്ട് ഞാന്‍ ചെയ്തു എന്ന് ചോദിച്ചാല്‍, തങ്കലാനും എന്റെ ജീവിതത്തിനും എന്തോ ഒരു കണക്ഷനുണ്ട്. എന്റെ ജീവിതമാണ് തങ്കലാന്‍. തങ്കലാന് ഒരു ലക്ഷ്യമുണ്ട്, അവനെ കൊണ്ട് ചിന്തിക്കാന്‍ പോലും കഴിയാത്ത ഉയരത്തില്‍ നില്‍ക്കുന്ന ലക്ഷ്യം. കിട്ടില്ല എന്നറിഞ്ഞുട്ടും അത് നേടാന്‍ വേണ്ടി ശ്രമിയ്ക്കുന്നു. ചുറ്റുമുള്ളവര്‍ എല്ലാം നിന്നെ കൊണ്ട് പറ്റില്ല എന്നാവര്‍ത്തിച്ച് പറഞ്ഞിട്ടും അവന്‍ അതില്‍ നിന്നും പിന്മാറുന്നില്ല. അതുപോലെയാണ് എന്റെ ജീവിതവും- വിക്രം പറഞ്ഞു തുടങ്ങി.

ചെറുപ്പം മുതലേ അഭിനയിക്കാന്‍ എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് നടനാകാണം എന്ന ആഗ്രഹം തലയില്‍ കയറിക്കൂടിയത്. അതിന് ശേഷം പഠനത്തില്‍ പിന്നോട്ടായി. സ്‌കൂള്‍ കാലത്തൊക്കെ നാടകങ്ങളില്‍ അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കിയില്ല. കോളേജില്‍ പഠിക്കുമ്പോഴാണ് ‘ബ്ലാക്ക് കോമഡി’ എന്ന നാടകത്തില്‍ നായകനായി അവസരം കിട്ടിയത്. അതിന് എനിക്ക് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടി, അന്ന് തന്നെയാണ് എനിക്കൊരു ആക്‌സിഡന്റ് സംഭവിച്ചത്.

ആക്‌സിഡന്റ് ആയി എന്റെ കാല്‍ ഒടിഞ്ഞു. മുറിച്ച് മാറ്റേണ്ടി വരും എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിന് ശേഷം മൂന്ന് വര്‍ഷം ആശുപത്രി ബെഡില്‍ തന്നെയായിരുന്നു. 23 സര്‍ജറികള്‍ കഴിഞ്ഞു, മുറിച്ചു മാറ്റാതെ കാല്‍ തിരിച്ചുകിട്ടി. അതിന് ശേഷം ഒരു വര്‍ഷം സ്ട്രച്ച് വച്ചായിരുന്നു നടന്നത്. ‘എന്റെ മകന്‍ ഇനി എന്നാണ് നടന്ന് തുടങ്ങുന്നത്’ എന്ന് അമ്മ ഡോക്ടറോട് ചോദിച്ചു. ‘ഇല്ല, അവന്‍ ഇനി നടക്കുകയേയില്ല. മുറിച്ചു മാറ്റാന്‍ പറഞ്ഞ കാല്‍ സുരക്ഷിതമായില്ലേ, നടക്കുന്ന കാര്യം ചിന്തിക്കുകയേ വേണ്ട’ എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്.

പക്ഷെ എനിക്ക് അന്നേ സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം ഭയങ്കരമായി ഉണ്ടായിരുന്നു. അത് മാത്രമായിരുന്നു തലയില്‍. ഞാന്‍ നടക്കും എന്ന വാശി ഉള്ളിലുണ്ടായിരുന്നു. വലിയ റോളുകള്‍ ഒന്നും വേണ്ട, ചെറിയ റോള്‍, ഒരു സീനില്‍ എങ്കിലും അഭിനയിച്ചാല്‍ മതി എന്നായിരുന്നു. ആ സമയത്ത് വടി കുത്തിപ്പിടിച്ച് ഞാന്‍ മറ്റ് ജോലിയ്ക്കും പോകുമായിരുന്നു, 750 രൂപയാണ് ശമ്പളം. എന്റെ അമ്മയ്ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കണ്ടേ.

അതിനിടയില്‍ അഭിനയം എന്ന് പറഞ്ഞ് ഇറങ്ങിയപ്പോള്‍ മര്യാദയ്ക്ക് നടക്കാന്‍ പോലും സാധിക്കാത്ത നിനക്ക് എങ്ങനെ സിനിമയില്‍ അവസരം കിട്ടും എന്ന് പറഞ്ഞ് ചുറ്റുമുള്ളവര്‍ തന്നെ എന്നെ നിരുത്സാഹപ്പെടുത്തി. പക്ഷെ എന്റെ ഉള്ളിലെ വാശി മാത്രം മാറിയില്ല. രണ്ട് വടിയും കുത്തിപ്പിടിച്ച് നടന്നിരുന്ന ഞാന്‍, പിന്നീട് ഒരു വടി മാത്രം വച്ച് നടക്കാന്‍ തുടങ്ങി. നടത്തം ശരിയായി വരുമ്പോള്‍ തന്നെ സിനിമയില്‍ ചെറിയ അവസരങ്ങള്‍ കിട്ടി. പറ്റില്ല എന്ന് പറഞ്ഞവര്‍ പിന്നീട് നിശബ്ദമായി. പക്ഷെ സിനിമകള്‍ എല്ലാം പരാജയപ്പെട്ടപ്പോള്‍ വീണ്ടും, പറ്റില്ല, വിട്ടേക്ക് എന്ന് സുഹൃത്തുക്കള്‍ പറയാന്‍ തുടങ്ങി.

അവിടെ നിന്ന് നീണ്ട പത്ത് വര്‍ഷത്തെ കഷ്ടപ്പാടിനൊടുവിലാണ് ഇന്ന് നിങ്ങള്‍ കാണുന്ന നിലയിലേക്ക് ഞാന്‍ വളര്‍ന്നത്. കാല്‍ ഒടിഞ്ഞ സമയത്തോ, സിനിമകള്‍ പരാജയപ്പെട്ട സമയത്തോ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ഞാന്‍ നിന്നിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ കാണുന്ന ഈ നിലയില്‍ എത്താനോ, ഇവിടെ നിന്ന് സംസാരിക്കാനോ എനിക്ക് സാധിക്കുമായിരുന്നില്ല – വിക്രം പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *