ആ ഷർട്ട് മകന്റേതുതന്നെ; ട്രാക്കിൽ കണ്ടെത്തിയ ടീഷർട്ട് ഷാഹറൂഖിന്റേതെന്ന് സ്ഥിരീകരിച്ച് പിതാവ്
കോഴിക്കോട് എലത്തൂർ തീ,വെപ്പ് നടന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ടീ ഷർട്ട് മകന്റേതെന്നു സ്ഥിരീകരിച്ച് ഷാഹറൂഖ് സെയ്ഫിയുടെ പിതാവ് ഫക്രുദീൻ. ടീ ഷർട്ട് വീട്ടിൽ ഉപയോഗിക്കുന്നതാണെന്ന് ഫക്രുദീൻ തിരിച്ചറിഞ്ഞു.തന്റെ കുടുംബം നോയിഡയിൽ നിന്നും ഷഹീൻ ബാഗിൽ എത്തിയിട്ട് 15 വർഷം കഴിഞ്ഞു. മകൻ ഇതുവരെ കേരളത്തിൽ പോയിട്ടില്ല. താനും മകനും ആശാരിപ്പണി ചെയ്യുന്നവരാണ്. തന്റെയൊപ്പമാണ് മകൻ ജോലി ചെയ്തിരുന്നത്. മകനെ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിച്ചു. അത്യാവശ്യം ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയാം. പോലീസ് കാണിച്ച ഫോട്ടോ മകന്റെ തന്നെയാണ്. മാർച്ച് 31നാണ് മകനെ കാണാതായത്. ഇക്കാര്യം വ്യക്തമാക്കി ഏപ്രിൽ രണ്ടിനാണ് പോലീസിൽ പരാതിപ്പെട്ടതെന്നും ഫക്രുദീൻ പറയുന്നു.
അതേസമയം, രത്നഗിരിയിൽ വെച്ച് മൊബൈൽ ഫോൺ ഓണാക്കിയതാണ് ഷാഹറൂഖിനെ പിടിക്കുന്നതിലേക്ക് വഴിതെളിച്ചത്. ആക്രമണത്തിനു പിന്നാലെ പ്രതി മൊബൈൽ ഓഫാക്കിയിരുന്നു. രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെ ഷാഹറൂഖ് മൊബൈൽ ഓണാക്കി. പിന്നാലെ ഫോണിലേക്ക് സന്ദേശമെത്തി. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടിക്കുന്നതിലേക്ക് വഴിതെളിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരെത്തുമ്പോൾ രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു ഷാഹറൂഖ്. ട്രെയിനിൽ കയറാനുള്ള നീക്കത്തിനിടെയാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഷാഹറൂഖിനെ പിടികൂടിയത്.ഷാഹറൂഖിന് അധികം സുഹൃത്തുക്കളില്ലെന്നാണ് കുടുംബം പറയുന്നത്. ഷാഹറൂഖിന്റെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണും ഡയറിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചയുടനെ ഷാഹറൂഖിന്റെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment