മമ്മൂട്ടി മാത്രമല്ല, മീനയും ദൃശ്യത്തോട് ‘നോ’ പറഞ്ഞിരുന്നു..പിന്നെ മോഹൻലാലിനോട് നോ പറയാൻ പറ്റില്ല ..
തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുമ്പോൾ മോഹൻലാലിൻ്റെ നായികയായി 1997 ൽ വർണപ്പകിട്ടിലൂടെയാണ് മീന മലയാളത്തിൽ വരുന്നത്. പിന്നീട്
ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോൽസവം എന്നീ ചിത്രങ്ങളിൽ മീനയും മോഹൻലാലും ഹിറ്റ് ജോഡികളായി. 2009 ൽ വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും മാറി നിന്ന മീന വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയ ചിത്രമായിരുന്നു ദൃശ്യം. 2013 ൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിൽ റാണി എന്ന വീട്ടമ്മയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മോഹൻലാൽ ജോർജ്കുട്ടിയായ ചിത്രത്തിൽ ഇരുവരും തമ്മിലുള്ള കെമസ്ട്രി വർക്കൗട്ടായി. ദൃശ്യത്തിനു ശേഷം 2017 ൽ മുന്തിരവള്ളികൾ തളിർക്കുമ്പോൾ, ദൃശ്യം -2, ബ്രോ ഡാഡി എന്നി ചിത്രങ്ങളും മോഹൻലാലും മീനയും ജോഡികളായെത്തി.
നോ പറഞ്ഞ ദൃശ്യം
മീനയുടെ കരിയറിൽ മൈൽ സ്റ്റോണായി മാറിയ ദൃശ്യത്തിലേക്ക് വിളിച്ചപ്പോൾ ആദ്യം നോ പറഞ്ഞതെന്നു മീന വെളിപ്പെടുത്തുന്നു. 2013 ലായിരുന്നു ദൃശ്യത്തിലേക്ക് വിളിക്കുന്നത്. ആശിർവാദ് സിനിമാസിനൊപ്പം ഒരുപിടി സിനിമകൾ ചെയ്തിട്ടുണ്ട്. മോഹൻലാലിനൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ നിർമാതാവ് ആൻ്റണി പെരുമ്പാവൂരാണ് ദൃശ്യത്തിലേക്ക് എന്നെ വിളിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നതാണെന്നും മോഹൻലാലിൻ്റെ ഭാര്യ വേഷമാണെന്നും പറഞ്ഞിരുന്നു. നല്ല പ്രോജക്ടാകുമെന്ന് ചിന്തിച്ചിരുന്നെങ്കിലും ‘ഇല്ല സർ, ഞാൻ ഈ സിനിമ ചെയ്യുന്നില്ല‘ എന്നാണ് ഞാൻ പറഞ്ഞത്.
റാണി തെലുങ്കിൽ ജ്യോതി
ദൃശ്യം വലിയ വിജയമായതോടെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റീമേക്ക് ഒരുങ്ങി. വെങ്കിടേഷിനെ നായകനാക്കി ജീത്തു ജോസഫ് തന്നെയായിരുന്നു തെലുങ്ക് പതിപ്പ് ഒരുക്കിയത്. ദൃശ്യം എന്ന പേരിൽ തന്നെ ഒരുക്കിയ തെലുങ്ക് പതിപ്പിലും മീന തന്നെയായിരുന്നു ഭാര്യ കഥാപാത്രത്തെ അവതിരപ്പിച്ചത്. ജ്യോതി എന്നായിരുന്നു കഥാപാത്രത്തിൻ്റെ പേര്. തെലുങ്കിലും ചിത്രം മികച്ച വിജയം നേടിയിരുന്നു. പിന്നീട് 2021 ൽ രണ്ടാം ഭാഗം തെലുങ്കിൽ ഒരുക്കിയപ്പോഴും ജ്യോതിയായി മീനയെത്തി. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ അന്നമ്മ എന്ന കഥാപാത്രത്തിലൂടെ മോഹൻലാലിനൊപ്പം വീണ്ടും പ്രേക്ഷക ഇഷ്ടം നേടി. പതിവ് നായിക സങ്കൽപങ്ങൾക്ക് അപ്പുറം ഇന്നും മലയാളി പ്രേക്ഷകർക്ക് മീന നായികയാണ്. സമീപ കാലത്ത് മികച്ച സിനിമകളുടെ ഭാഗമായാണ് മീന മലയാളത്തിലേക്ക് എത്തുന്നത്.
ദൃശ്യത്തെ ഒഴിവാക്കാൻ
ആ സമയത്ത് ടിവി ഷോകളാണ് ഞാൻ ചെയ്യുന്നത്. രാവിലെ പോയി വൈകുന്നേരം തിരികെ വരുന്ന ഷെഡ്യൂളാണത്. മകൾക്ക് രണ്ടു വയസ് മാത്രമാണ് പ്രായമാണ് അപ്പോൾ. ദൃശ്യത്തിൽ അഭിനയിക്കണെങ്കിൽ കേരളത്തിലേക്ക് വരണം. കുറച്ചേറെ ദിവസം മാറി നിൽക്കുകയും വേണം. പക്ഷേ, മകളെ വിട്ടു നിൽക്കാൻ എനിക്കു സാധിക്കില്ല. അതുകൊണ്ടാണ് ദൃശ്യത്തിൽ അഭിനയിക്കാനാവില്ലെന്നും മറ്റൊരാളെ നോക്കൂ എന്നും ഞാൻ പറഞ്ഞത്. പക്ഷേ, നിങ്ങളല്ലാതെ മറ്റാരെയും ചിന്തിക്കാനാവില്ല എന്നായിരുന്നു അവരുടെ മറുപടി. പക്ഷേ, അപ്പോഴും എനിക്ക് സമ്മതമായിരുന്നില്ല. എന്ത് സൗകര്യം വേണമെങ്കിലും ഞങ്ങൾ ചെയ്തു തരാമെന്ന് പറഞ്ഞു. അങ്ങനെ എൻ്റെ അമ്മയേയും കുഞ്ഞിനെയും കൊണ്ടാണ് ഞാൻ കേരളത്തിലേക്ക് ഷൂട്ടിംഗിന് വന്നത്.
സൗകര്യങ്ങൾ നിരത്തി
അമ്മയും മകളെയും ഹോട്ടൽ മുറിയിലിരുത്തിയാണ് ഞാൻ പകൽ ഷൂട്ടിന് പോയിരുന്നത്. വൈകുന്നേരം ആറിനു ശേഷം ഷൂട്ടിംഗിന് എനിക്കു വരാൻ പറ്റില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ദൃശ്യത്തിലെ നിർണായക സംഭവങ്ങൾ നടക്കുന്നത് രാത്രിയിലാണ്. അതു രാത്രിയിൽ തന്നെ ചിത്രീകരിക്കേണ്ടതുമാണ്. അതുകൊണ്ടു രണ്ടു ദിവസം പകൽ എനിക്ക് ഷൂട്ടിംഗ് ഇല്ലാതെ രാത്രിയിൽ മാത്രം ഷെഡ്യൂൾ ചെയ്തു, രണ്ടു ദിവസവും പകൽ ഞാൻ മകൾക്കൊപ്പം റൂമിലിരുന്നു. എനിക്കു വേണ്ടി അവർ അങ്ങനെ കുറച്ചേറെ സൗകര്യങ്ങൾ ഒരുക്കുകയും ഷൂട്ടിംഗ് പ്ലാൻ ചെയ്യുകയുമായിരുന്നു.
രണ്ടാം ഭാഗത്തിൽ സംശയം
കോവിഡ് കാലത്താണ് ദൃശ്യം രണ്ടാം ഭാഗത്തിലേക്ക് ജീത്തു ജോസഫ് ഫോണിൽ വിളിക്കുന്നത്. അതു കേട്ടപ്പോൾ തന്നെ വളരെ സന്തോഷത്തിലായിരുന്നു. നമുക്ക് സിനിമ ചെയ്യാം എന്നാണ് ഞാൻ മറുപടി പറഞ്ഞത്. എൻ്റെ കരിയറിലും ആദ്യമായാണ് ഒരു സിനിമയുടെ രണ്ടാം ഭാഗത്തിൽ ഞാൻ അഭിനയിക്കുന്നത്. അത് വളരെ ത്രില്ലിംഗായിരിക്കുമെന്ന് എനിക്കും തോന്നി. പക്ഷേ, അപ്പോൾ മറ്റൊരു ചിന്ത വന്നു. രണ്ടാം ഭാഗത്തിൽ എൻ്റെ കഥാപാത്രം റാണി എങ്ങനെയുണ്ടാകും? ഒരു ഭാര്യ റോളിൽ കഥയുടെ തുടർച്ചയ്ക്കായി മാത്രമായിരിക്കുമോ എന്നു സംശയിച്ചു. അതു ജീത്തു ജോസഫിനോട് പറഞ്ഞപ്പോൾ അങ്ങനെയല്ല, കഥ കേട്ടിട്ടു തീരുമാനിക്കാൻ അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ ദൃശ്യം രണ്ടിൻ്റെ കഥ അദ്ദേഹം ഫോണിൽ കൂടി കഥ വളരെ വിശദമായി പറഞ്ഞു തന്നു. അങ്ങനെയാണ് വീണ്ടും റാണിയായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയത്.
സിനിമ മാറുന്നത് തിരിച്ചറിഞ്ഞു
ദൃശ്യം രണ്ടാം ഭാഗം ചെയ്യുമ്പോൾ കോവിഡ് കാലമായതിനാൽ തിയറ്ററിലും ഒടിടിയിലും റിലീസ് ചെയ്യുന്നുണ്ടായിരുന്നില്ല. ആളുകൾക്ക് പുതിയ സിനിമയോട് താല്പര്യമായിരിക്കുമോ എന്നു പോലും സംശയിച്ചു. പക്ഷേ, ആദ്യത്തേതിനേക്കാൾ വലിയ സ്വീകാര്യതയാണ് ദൃശ്യം രണ്ടാം ഭാഗം നേടിയെടുത്തത്. നമ്മുടെ പ്രേക്ഷകർ വളരെ മാറിയിരിക്കുന്നു. സിനിമകളിലെ സ്ഥാപിതമായ നായിക സങ്കൽപങ്ങളും മാറി. ഒരു നായിക കല്യാണം കഴിഞ്ഞാൽ അവളുടെ കരിയറും അവസാനിച്ചു. പിന്നെ അവരെ ക്യാരക്ടർ റോളുകളിലേക്കു വിളിക്കാം എന്ന ധാരണ തിരുത്തപ്പെട്ടിരിക്കുന്നു. ഇന്നും മലയാളത്തിൽ മികച്ച കഥാപാത്രങ്ങളിലാക്കാണ് എന്നെ വിളിക്കുന്നത്. സിനിമയ്ക്കും പ്രേക്ഷകർക്കും വളരെ മാറ്റം സംഭവിച്ചത് എന്നെ സംബന്ധിച്ചു വളരെ ഭാഗ്യമാണെന്നു തന്നെ ഞാൻ കരുതുന്നു. കാരണം ഇന്നും മികച്ച കഥാപാത്രങ്ങളെ ലഭിക്കുന്നു. പുതുമയും പരീക്ഷണത്തിനും അവസരം ലഭിക്കുന്നു.
@All rights reserved Typical Malayali.
Leave a Comment