പ്രണയ വിവാഹമല്ല, പിന്നെ എങ്ങനെ മലയാളം ഒട്ടും അറിയാത്ത പൂനക്കാരി ഭാര്യയായി വന്നു? വിവാഹത്തെ കുറിച്ച് രമേഷ് പിഷാരടി, ഭാര്യയെ കിളി എന്ന് വിളിക്കാൻ കാരണം?

മിമിക്രി വേദികളില്‍ നിന്ന് സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് രമേഷ് പിഷാരടി. അഭിനയത്തിലല്ല, സിനിമയിലും ടെലിവിഷനിലും സജീവമായ രമേഷ് പിഷാരടി ഇന്ന് കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. ഇപ്പോള്‍ മമ്മൂട്ടിയുടെ സന്തത സഹചാരി എന്നും വിശേഷിക്കപ്പെടുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി കോമഡി എന്ന ഷോയില്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയത് രമേഷ് പിഷാരടിയാണ്. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും പിഷാരടി സംസാരിക്കുകയുണ്ടായി.

തന്റെ കോമഡികള്‍ വീട്ടുകാര്‍ക്ക് മുന്നില്‍ ചെയ്യാറില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയതാണ്. കാഴ്ചക്കാരില്‍ എന്റെ വീട്ടില്‍ നിന്ന് ആരെങ്കിലും ഉണ്ട് എന്നുണ്ടെങ്കില്‍ എന്തോ പിടിച്ചുകെട്ടിയ പോലെയുള്ള അവസ്ഥയാണ് എനിക്ക്. പ്രത്യേകിച്ചും, വീട്ടുകാരിയുടെ മുന്നില്‍. എന്റെ കോമഡിയൊന്നും ഭാര്യയുടെ മുന്നില്‍ ഏശാറില്ല എന്ന് രമേഷ് പിഷാരടി പറയുന്നു. അപ്പോഴാണ്, പൂനക്കാരിയായ ഭാര്യ മലയാളം പഠിച്ചോ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിയ്ക്കുന്നത്.

ചെറുപ്പം മുതലേ ഹിന്ദി കേട്ട് വളര്‍ന്നതുകൊണ്ട് മലയാളം അധികം വഴങ്ങില്ലായിരുന്നു, പക്ഷേ ഇപ്പോള്‍ മലയാളം നന്നായി അറിയാം. എങ്ങനെയാണ് അത്ര ദൂരത്ത് നിന്ന് ഒരാളെ കണ്ടെത്തിയത് എന്നായി പിന്നെ എസ്‌കെഎന്നിന്റെ ചോദ്യം. അത് സംഭവിച്ചു പോയതാണ്. പഠിക്കുന്ന കാലത്ത് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. സഹോദരന്മാരും സഹോദരികളും എല്ലാം പഠിച്ച് ഒരു നിലയിലായി. എനിക്ക് കലയോട് മാത്രമായിരുന്നു താത്പര്യം, അതിനിടയില്‍ പ്രണയിക്കാനൊന്നും നേരം കിട്ടിയില്ല.

പിന്നെ കല്യാണ പ്രായം എത്തിയപ്പോള്‍ സ്വാഭാവികമായും ജാതിയൊക്കെ നോക്കുമല്ല. അന്നത്തെ കാലത്ത് പ്രത്യേകിച്ചും. അങ്ങനെ പിഷാരടി പെണ്‍കുട്ടിയെ നോക്കി നോക്കി പൂനയില്‍ എത്തുകയായിരുന്നു. അത് മാത്രമല്ല, മിമിക്രിക്കാരനാണ്, സ്ഥിരവരുമാനമുള്ള തൊഴിലൊന്നും ഇല്ല എന്ന് പറഞ്ഞാല്‍ തന്നെ ആരും പെണ്ണ് തരികയും ഇല്ല. പക്ഷെ ഞാന്‍ ഒരൊറ്റ പെണ്ണിനെയെ കാണാന്‍ പോയിട്ടുള്ളൂ ആ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യുകയും ചെയ്തു- പിഷാരടി പറഞ്ഞു

ഭാര്യയെ എന്തുകൊണ്ടാണ് കിളി എന്ന് വിളിക്കുന്നത് എന്നും രമേഷ് പിഷാരടി വെളിപ്പെടുത്തി. പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ ചോദിക്കുന്ന ചോദ്യത്തിനെല്ലാം ഒറ്റ വാക്കിലുള്ള മറുപടിയായിരുന്നു സൗമ്യ നല്‍കിയത്. അത് കേട്ടപ്പോള്‍ ചില തത്തകളൊക്കെ സംസാരിക്കുന്നത് പോലെയാണ് തോന്നിയത്. അങ്ങനെയാണ് കിളി എന്ന് വിളിച്ചു തുടങ്ങിയത്. കിളിയ്‌ക്കൊപ്പം ജീവിയ്ക്കുന്ന തങ്ങളുടെ വീടിന് രമേഷ് പിഷാരടി കിളിവീട് എന്ന പേരും ഇടുകയായിരുന്നുവത്രെ.

ഭാര്യയോട് കോമഡി പറയാത്തതിന്റെ കാരണമാണ് പിന്നെ രമേഷ് പിഷാരടി രസകരമായി പറഞ്ഞത്. കല്യാണം ഉറപ്പിച്ച സമയത്ത് മലയാള സിനിമയിലെ ചില കോമഡികളൊക്കെ പറഞ്ഞാല്‍ ഒന്നിനും പ്രതികരണം ഉണ്ടായിരുന്നില്ല. കഥാപാത്രങ്ങളുടെ പേര് പറഞ്ഞാല്‍, അതൊക്കെ ആരാണ് എന്ന് ചോദിക്കും. അപ്പോള്‍ എനിക്ക് മനസ്സിലായി, എന്റെ കോമഡിയൊന്നും അവിടെ ഏല്‍ക്കില്ല എന്ന് – രമേഷ് പിഷാരടി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *