നൈലു മോളുടെ കളിചിരികളില്ല.. മിണ്ടാട്ടമില്ല.. അമ്മയുടെ തേങ്ങലുകള്‍ മാത്രം ഇടയ്ക്ക് കേള്‍ക്കാം.. സുബിയില്ലാതെ നിശ്ചലമായി വീട്

കഴിഞ്ഞ 25 വർഷക്കാലം സുബി സുരേഷ് സമ്മാനിച്ച ഓർമ്മകൾക്ക് മുന്നിൽ കൈകൂപ്പി നിൽക്കുകയാണ് മലയാള സിനിമാ ലോകവും ആരാധകരും ഇപ്പോൾ. പത്താംക്ലാസ് പാസായി തൊട്ടടുത്തവർഷം കലയുടെ അങ്കത്തട്ടി ലേക്ക് ചുവട് വച്ച് കയറിയ സുബി അന്നുതൊട്ട് ഇന്നുവരെ എല്ലാവരേയും ചിരിപ്പിച്ചിട്ടേയുള്ളൂ. അമ്മയ്ക്കും അച്ഛനും അനിയനും കുടുംബത്തിനും മാത്രമല്ല എണ്ണിയാൽ തീരാത്ത സുബിയുടെ കൂട്ടുകാർക്കും സഹപ്രവർത്തകർക്കും ആരാധകർക്കും എല്ലാം ഓർക്കാൻ ഒട്ടനവധി ഓർമ്മകൾ സമ്മാനിച്ചാണ് സുബി വിട പറഞ്ഞു പോയത്. മരണം സംഭവിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ചെറുതും വലുതുമായ നടിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരിലേക്ക് എത്തുമ്പോൾ ഈ കലാകാരി ഇന്ന് നമുക്കൊപ്പം ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ ആരാധകരെല്ലാം പാടുപെടുകയാണ്.സുബിയെ മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും കണ്ടുപരിചയിച്ച ആരാധകർ കണ്ണീരോടെ ഈ വീഡിയോകൾക്ക് താഴെ എത്തുമ്പോൾ ഇത്രയും വർഷക്കാലം കൂടെക്കഴിഞ്ഞ സുബിയുടെ പ്രിയപ്പെട്ടവരുടെ വേദന ഊഹിക്കാവുന്നതിൽ അപ്പുറമായിരിക്കും. അമ്മയെയും അച്ഛനെയും അനിയനെയും കുടുംബത്തെയും എല്ലാം ജീവനുതുല്യം സ്നേഹിച്ച സുബിക്ക് അമ്മ കഴിഞ്ഞേ മറ്റാരും ഉണ്ടായിരുന്നു. ഒരു വസ്ത്രം ധരിക്കണമെങ്കിൽ പോലും അമ്മയെ കാണിച്ച് അഭിപ്രായം ചോദിച്ച് തിരഞ്ഞെടുത്തിരുന്ന സുബിയെ അവസാനമായി കണ്ടപ്പോൾ ആ അമ്മ പറഞ്ഞതും അതേ വാക്കുകൾ തന്നെയായിരുന്നു.ആദ്യമായി അമ്മ സെലക്ട് ചെയ്യാത്ത ഉടുപ്പ് നീ ഇട്ടുവല്ലേ മോളെ എന്ന് ചോദിച്ചായിരുന്നു ആ അമ്മ കരഞ്ഞത്. ഇന്നും ആ കണ്ണുനീർ തോർന്നിട്ടില്ല. കൊച്ചി വരാപ്പുഴയിലെ എൻ്റെ വീട് എന്ന സുബി മോഹിച്ചു പണിത വീട്ടിൽ ഇടയ്ക്കിടെ ഉയരുന്ന പൊട്ടിക്കരച്ചിലുകളും തേങ്ങലുകളും മാത്രമാണ് ഇപ്പോൾ ഉയർന്നു കേൾക്കാനുള്ളത്. ആ വീടിൻ്റെ വിളക്കും ഐശ്വര്യവുമായിരുന്ന സുബിയുടെ അപ്രതീക്ഷിത വിയോഗം അനിയൻ്റെ ഒന്നര വയസ്സുള്ള കുഞ്ഞിനെ പോലും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. സുബിയുടെ പ്രിയപ്പെട്ട നൈലു മോൾക്ക് ഇപ്പോൾ പഴയ കളിചിരികളും മിണ്ടാട്ടമില്ലാതെ എല്ലാവരുടെയും കണ്ണു നീരിനൊപ്പം ചേരുകയാണ് ആ കുഞ്ഞുമനസും.സുബിയുടെ ആളും ബഹളവും ഒച്ചയും അനക്കവും എന്നന്നേക്കുമായി നഷ്ടപ്പെട്ട ആ വീട് ഇപ്പോൾ നിശ്ചലമാണ്. കണ്ണുനീരിൽ മുങ്ങിക്കുളിച്ച സുബിയുടെ ഓർമ്മകൾ സുനാമി തിരകൾ പോലെ വന്ന ടിക്കുമ്പോൾ അതിൽപ്പെട്ട എങ്ങോട്ടെന്നറിയാതെ ഇളകി മറയുകയാണ് ആ വീട്. സുബിയുടെ അച്ഛനും അമ്മയും അനിയനും നാത്തൂനും അവരുടെ കുഞ്ഞും അടുത്ത ബന്ധുക്കളുമാണ് ഇപ്പോൾ ആ വീട്ടിലുള്ളത്. സുബിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു അവർ. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു അച്ഛനും അമ്മയും. എന്നാൽ അച്ഛൻ്റെ മദ്യപാനം കുടുംബത്തിൻ്റെ സമാധാനം കെടുത്തിയപ്പോൾ വേർപിരിയൽ എന്ന വഴിയിലേക്കാണ് അവർ എത്തിയത്. തുടർന്ന് സുബിയുടെ കരുത്തിലാണ് ആ കുടുംബം ജീവിച്ചത്.

പതിനേഴാം വയസിൽ കലാഭവനിലെത്തിയ സുബിക്ക് സ്റ്റേജ് ഷോകളും സിനിമകളുമായി അരങ്ങുവാണപ്പോൾ ആ കുടുംബം രക്ഷപ്പെടുകയായിരുന്നു. അതിനിടയിൽ ജീവിക്കാൻ മറന്നുപോയ സുബിക്ക് അനിയൻ എബിയുടെ കുഞ്ഞ് നൈൽ എന്ന നൈലുമോളായിരുന്നു ജീവനും പ്രാണനുമായിരുന്നത്. വല്യമ്മ ആണെങ്കിലും സുബിയായിരുന്നു നൈലുമോളുടെ എല്ലാമെല്ലാം. സുബിയുടെ അടുത്ത സുഹൃത്തും അയൽക്കാരിയുമായിരുന്ന ആൻഡ്രിയയെയാണ് അനിയൻ എബി വിവാഹം കഴിച്ചത്.ഈ വിവാഹത്തിന് ചുക്കാൻ പിടിച്ചത് സുബി തന്നെയായിരുന്നു. അവർക്ക് ജനിച്ച കുഞ്ഞ് ശരിക്കും സുബിയുടെ കുഞ്ഞായിരുന്നു.വിദേശത്തും മറ്റിടങ്ങളിലുമെല്ലാം പോയി കയറി വരുമ്പോൾ നൈലുവിന് കൈനിറയെ സമ്മാനങ്ങളുമായി കയറി വരുന്ന സുബി ഇനി ഇല്ലല്ലോ എന്ന ചിന്ത ഈ കുടുംബത്തെ തകർത്തുകളയുന്നതാണ്. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് ഫ്രീ ആകുമ്പോൾ കുടുംബത്തോടൊപ്പമാണ് സുബി സമയം ചെലവഴിച്ചിരുന്നത്. കഴിഞ്ഞ മാസം വിദേശത്ത് പോകുന്നതിന് മുമ്പും അനിയനും നാത്തൂനുമൊപ്പം യാത്രപോയ വീഡിയോകളും ചിത്രങ്ങളും എല്ലാം സുബി തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.സുബിയെ ജീവനുതുല്യം സ്നേഹിച്ചിരുന്ന കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് ഈ വിയോഗം നൽകിയിരിക്കുന്ന വേദന. വിദേശത്തും നാട്ടിലുമായി ഷോ കഴിഞ്ഞ് അവശയായി സുബി എത്തിയപ്പോഴാണ് ചേച്ചിയുടെ കണ്ണിന് ചെറിയ മഞ്ഞ കളർ ഉണ്ടെന്ന് നാത്തൂൻ കണ്ടെത്തിയത്.ഉടൻ തന്നെ എപ്പോഴും പരിശോധിക്കുന്ന ആശുപത്രിയിൽ പോയി അഡ്മിറ്റ് ആവുകയും മഞ്ഞപ്പിത്തം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ജനുവരി 22നാണ് ഇത് സംഭവിക്കുന്നത്. അവിടെ ചികിത്സ തുടരവെയാണ് പാൻക്രിയാസ് സ്റ്റോൺ ഉണ്ടെന്നു കണ്ടെത്തിയത്. ഇത് ഇൻഫെക്ഷൻ ആവുകയും മഞ്ഞപ്പിത്തം കൂടുകയും ചെയ്തതോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെ വച്ച് മഞ്ഞപ്പിത്തം കരളിനെ ബാധിക്കുകയും കരൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കവെ പതുക്കെ വൃക്ക യും ഹൃദയവുമെല്ലാം പ്രവർത്തനം നിലക്കുകയും ചെയ്തു. തുടർന്ന് ആണ് അപ്രതീക്ഷിതമായി സുബിയുടെ മരണം സംഭവിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *