ഞാനൊരു കുഴിയിലാണ്, ഇതിലേക്ക് ഇറങ്ങരുത്: അന്ന് സുരേഷ് ഗോപി മോഹൻലാലിനോട് പറഞ്ഞത്

. കമ്മിഷണർ എന്ന സിനിമ ചെയ്യുന്നതുവരെ ‘പോടാ’ എന്നുപോലും ഒരാളോടും പറഞ്ഞിട്ടില്ലാത്ത ആളാണ് താനെന്നും മറ്റുള്ളവരുടെ മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് സംസാരിക്കാൻ തന്നെ പ്രാപ്തനാക്കിയത് രൺജി പണിക്കരുടെ പേനയും ഷാജികൈലാസിന്റെ സംവിധാനവുമെന്നും സുരേഷ് ഗോപി പറയുന്നു. ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഭരത്ചന്ദ്രൻ ആയി ജീവിച്ച് ഭരത്ചന്ദ്രനായി ഉത്തരവാദിത്തങ്ങൾ നിർവഹിച്ച് ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്നു വാക്കു നൽകുകയാണെന്നും താരം ‍പറഞ്ഞു. തനിക്കായി സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ.

‘‘എനിക്ക് ഇപ്പോൾ ഭയങ്കരമായി ഉണ്ടായിരിക്കുന്നത് വ്യക്തിത്വനഷ്ടം ആണ്. ആശയക്കുഴപ്പമല്ല, എന്റെ ഉത്തരവാദിത്തവും സാമൂഹികമായ കടമകളുമൊക്കെ എനിക്കറിയാം എന്നാലും എന്റെ വ്യക്തിത്വത്തിന് ഇപ്പോൾ ഒരു മാറ്റം വന്നിരിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പിലൂടെ വിജയിച്ച് ഏറ്റെടുത്ത ഉത്തരവാദിത്തത്തിന് വേണ്ടി ചില ക്രമീകരണങ്ങൾ ആവശ്യമാണ്. അതുപോലെ തന്നെ നമ്മുടെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ പലപ്പോഴും അച്ചടക്കത്തോടെ നിൽക്കേണ്ടി വരുന്നു എന്നത് എന്റെ ഹൃദയത്തിൽ അടിച്ചേൽപ്പിച്ച ഒരു കാര്യമാണ്. അതിന്റെ പേരിൽ എന്റെ സ്വത്വം ചോദ്യം ചെയ്യപ്പെടുന്നു എന്ന ഒരവസ്ഥയുണ്ടെങ്കിൽ ഞാനതിൽ നിന്ന് രക്ഷ നേടാനായി കാത്തിരിക്കുന്നു എന്ന കാര്യവുമാണ് ഞാൻ ആത്മാർഥമായി മോഹൻലാലിനോടും രഞ്ജിത്തിനോടും ഫോണിൽ കൂടി പറഞ്ഞത്. എന്റെ അച്ചടക്കവും നിഷ്ഠകളും മുൻശുണ്ഠിയും എന്റെ നേതാക്കൾക്കെല്ലാം അറിയാം. മോദിജി എന്നോട് ഇത് സൂചിപ്പിച്ചപ്പോഴും ഞാൻ പറഞ്ഞത്, അസാധ്യമാണ്. കാരണം ഞാൻ ഇതാണ്, ഇങ്ങനെയല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല.

‘കമ്മിഷണർ’ ചെയ്യുന്നത് വരെ ജീവിതത്തിൽ ‘പോടാ’ എന്നൊരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. എന്റെ അമ്മ ഇപ്പോഴും പറയും എന്തൊരു നല്ല പൊന്നുമോൻ ആയിരുന്നു ഇവനെന്ന്. എന്നെ തല്ലാൻ ആളെ അയച്ചിട്ടുള്ള ആളാണ്‌ സുരേഷ്‌കുമാർ, അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാൻ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് അന്ന് റഹ്മാനെ പൊക്കിക്കൊണ്ട് നടക്കുന്ന സുരേഷ് കുമാർ ‘‘ആഹാ അവൻ അങ്ങനെ പറഞ്ഞോ, അവൻ നായർ ആണെന്നൊന്നും ഞാൻ നോക്കില്ല, ഇവിടെ വാടാ, അടി അവനെ’’ എന്ന് പറഞ്ഞ മഹാൻ ആണ് ഇന്ന് കേരളത്തിൽ മുഴുവൻ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാർ.

അന്നു റൂമിനകത്ത് പേടിച്ചിരുന്നു ഫോൺ എടുത്ത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തു നിന്ന് കമ്മിഷണറിലൂടെ ഞാൻ പരിണമിച്ചു വന്നെങ്കിൽ ഇന്ന് സുരേഷ് കുമാർ എന്നെ തല്ലാൻ ആളുകളെ വിട്ടാൽ ആ ആളുകളെയും ഞാൻ തല്ലി ഓടിക്കും, സുരേഷ് കുമാറിന്റെ നെഞ്ചും ഞാൻ ഇടിച്ചു തകർക്കും. അതിലേക്ക് എന്നെ വളർത്തിയത് രൺജി പണിക്കരുടെ പേനയും ഷാജിയുടെ കയ്യിലിരിപ്പുമാണ്. രാഷ്ട്രീയത്തിൽ വന്നതിനു ശേഷം നിങ്ങൾ കാണുന്ന സുരേഷ് ഗോപി അല്ല, യഥാർഥ ആൾ എന്ന ആരോപണം വരുന്നുണ്ട്. എതിർ രാഷ്ട്രീയക്കാർക്ക് എന്നെ ചെറുതാക്കുന്നത് അവരുടെ ആവശ്യമാണ്. ഞാൻ എന്ത് അല്ല എന്നത് വലുതാക്കി കാണിച്ച് എന്നെ മോശക്കാരനാക്കാൻ ശ്രമിക്കുന്നവർക്കെതിരെ എന്നെ ജയിപ്പിച്ച് എനിക്കൊപ്പം നിന്ന ജനതയാണ് എന്റെ ദൈവം. അവർക്ക് രാഷ്ട്രീയമേയില്ല.

എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന്, എനിക്ക് അഞ്ചു മക്കളെ സമ്മാനിച്ച ഭാര്യയെ ചോദ്യചിഹ്നമാക്കി മറ്റുന്ന തരത്തിൽ ഒരു വക്ര ഭരണ രാഷ്ട്രീയനീക്കം ഉണ്ടായി. അന്നാണ് ലോകമെമ്പാടുമുള്ള സ്ത്രീപക്ഷത്തു നിന്ന് ഇത്രയും ശക്തമായി എന്റെ പിന്നിൽ അണിനിരന്നത്. ഭരത്ചന്ദ്രന്റെ ഒരു ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലുണ്ട്. ആ ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഞാൻ ഭരത്ചന്ദ്രൻ ആയി ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത്ചന്ദ്രൻ ആയി എന്റെ ഉത്തരവാദിത്തം നിർവഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനൽകുകയാണ്. എന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന വികാരം അടിച്ചമർത്തിയിട്ടില്ല മറച്ചുവച്ചിട്ടില്ല. ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്.

എന്റെ ജീവിതത്തില്‍ പല വിഷയങ്ങളുണ്ടായപ്പോഴും കേസുകൾ ഉണ്ടായപ്പോഴും മോഹൻലാൽ എന്ന മനുഷ്യൻ വിളിക്കും. ‘സുരേഷ് ഞാനെന്താണ് ചെയ്യേണ്ടത്’. ‘‘ഒന്നും ചെയ്യേണ്ടതില്ല, നിങ്ങൾ നിങ്ങളെ തന്നെ സംരക്ഷിച്ചുകൊള്ളുക. ഞാനൊരു കുഴിയിലാണ്. ഞാൻ ഈ കുഴിയിൽ നിന്നു കയറിവരും. പക്ഷേ നിങ്ങൾക്കതിനായെന്ന് വരില്ല, ഈ കുഴിയിലേക്ക് ഇറങ്ങരുത്.’’ഇതാണ് ഞാൻ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞത്.

ഇപ്പോൾ പലരും കുറ്റം പറയുന്നുണ്ട്, ‘അമ്മ’യിൽ ചെന്നപ്പോൾ എല്ലാവർക്കും എന്തൊരു സ്നേഹം, ഇവരൊക്കെ ഇലക്‌ഷൻ പ്രചരണകാലത്ത് എവിടെപ്പോയെന്ന്. ഞാനാണ് അവരെ വിലക്കിയത്. ഈ പരിഹാസം ഏറ്റുവാങ്ങാൻ അവരൊരു പാപവും ചെയ്തിട്ടില്ല. എന്നിട്ടും അവർ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആ അഭിപ്രായപ്രകടനങ്ങൾക്ക് അവരുടെ സിനിമാ ജീവിതം തകർത്തു കളയുന്നൊരു സംവിധാനം മലയാള സിനിമയിലുണ്ടെങ്കിൽ അതിന്റെ ഒടുക്കം തുടങ്ങിക്കഴിഞ്ഞു. ജീവത്യാഗം ചെയ്യേണ്ടി വന്നാലും ശരി തന്നെ അത് ഒടുക്കിയിരിക്കും.ഇതൊന്നും ഒരു മന്ത്രിയായി ഞാൻ സംസാരിക്കുന്നതല്ല. സിനിമയിൽ നിന്ന് ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയ ആളാണ് ഞാൻ. ഒരച്ഛനായും മകനായും ഞാൻ ആ വേദന നിങ്ങൾക്കു മുന്നിൽ പറയും.’’

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *