ശബ്ദങ്ങൾ കുറഞ്ഞു – നിശബ്ദത നിറഞ്ഞു – ആളുകൾ മടങ്ങി – ഇനി രണ്ടു പേർ മാത്രം

തിരയടങ്ങിയ സങ്കട കടൽ പോലെയായിരുന്നു ഡോക്ടർ വന്ദനയുടെ വീട്. പുറമെ ശാന്തമെങ്കിലും ഏഴ് കടലുകളുടെയും തിരകൾ ഉള്ളിൽ ഉറഞ്ഞതു പോലെ ഉള്ളുലഞ്ഞും തളർന്നും ഡോക്ടർ വന്ദനയുടെ അച്ഛൻ കെ ജി മോഹൻദാസും മോഹൻദാസും അമ്മ വസന്തകുമാരിയും കുടുംബാംഗങ്ങളും ദൂരെ നാടുകളിൽ നിന്നു പോലും ആളുകൾ വന്നു പോയും ഇരിക്കുന്നു. വസന്തകുമാരിയുടെ ഹൃദയഭേദകമായ നിലവിളി മാത്രം ഇടയ്ക്കിടെ ഉയരുന്നു. കരഞ്ഞ് തളർന്ന ഇടവേളകളിൽ ആ അമ്മ ഉറങ്ങുമ്പോൾ ഉണർത്താതിരിക്കാൻ മുട്ടുചിറ നമ്പിച്ചിറ കാലായിൽ വീട് ശബ്ദം താഴ്ത്തി സംസാരിക്കുന്നു.വീടിന് തൊട്ടരികെ ചിത എരിഞ്ഞ് തീർന്ന മണ്ണിന് മുകളിൽ പച്ചയോല വിരിച്ചിട്ടുണ്ട്. ഈ വീടിൻ്റെ സ്വപ്നമാണ് ചിറകുകൾ കരിഞ്ഞ് അവിടെ ഉറങ്ങുന്നത്. ചിലർ അവിടെ എത്തി കൈകൂപ്പി മടങ്ങുന്നു.ഡോക്ടർ വന്ദന ദാസിൻ്റെ ദാരുണാന്ത്യ മറിഞ്ഞ് എത്തിയവരിൽ പലർക്കും പിതാവ് മോഹൻദാസിൻ്റെ കണ്ണീരുറഞ്ഞ കണ്ണുകളിലേക്കു നോക്കാൻ പോലും കഴിഞ്ഞില്ല. ഇനി എന്തിനാണ്, എൻ്റെ മകളെ ആർക്കെങ്കിലും തിരിച്ചുതരാൻ ആകുമോ എന്ന അദ്ദേഹത്തിന് ചോദ്യത്തിന് മറുപടി പറയാനാകാതെ നിൽക്കുന്നു അരികിൽ ഉള്ളവർ.ചിലർ ആ അച്ഛൻ്റെ കൈകളിൽ അമർത്തിപ്പിടിക്കുക മാത്രം ചെയ്തു.

ഏകമകൻ ബൈക്ക് അപകടത്തിൽ മരിച്ച ദമ്പതികൾ തിരുവനന്തപുരത്ത് നിന്നും ഇന്നലെ ഈ വീട്ടിലെത്തിയിരുന്നു.തുടർന്നും ജീവിതമുണ്ടെന്ന് പറയാനും സ്വന്തം ജീവിതാനുഭവങ്ങൾ പറഞ്ഞ് ആശ്വസിപ്പിക്കാനും ആണ് അവരെത്തിയത്. നന്മയുടെ ചിരാതുകൾ എവിടെയൊക്കെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന വാക്കുകൾ. കൊച്ചിയിൽ നിന്ന് വന്ന ഒരു അച്ഛനുമമ്മയും സ്വന്തം മകൻ മരിച്ച അനുഭവം പറഞ്ഞാണ് തുടങ്ങിയത്.ജീവിതത്തിൻ്റെ താളം തെറ്റിച്ച ആ സാഹചര്യങ്ങൾ കടന്ന് എങ്ങനെയാണ് മുന്നോട്ട് നീങ്ങിയ തെന്നാണ് അവർക്ക് പറയാനുണ്ടായിരുന്നത്. മോഹൻദാസ് എല്ലാം കേട്ടിരുന്നു. ഇന്നലെ എത്തിയ രാഷ്ട്രീയ നേതാക്കളോട് മാത്രം ആശുപത്രികളിലെ സുരക്ഷാ സംവിധാനത്തിലെ പിഴവുകളെക്കുറിച്ച് പിതാവ് വേദനയോടെ പറഞ്ഞു. എൻ്റെ മകൾ അല്ലെങ്കിൽ മറ്റൊരാൾ മരിക്കുമായിരുന്നു.ഇനിയൊരാൾക്കും ഈ ദുരന്തം ഉണ്ടാകരുത്. മോഹൻ ദാസ് പറഞ്ഞുകൊണ്ടേയിരുന്നു. വൈകിട്ട് കോട്ടയത്തെ ആയുർവേദ ഡോക്ടർമാരുടെ സംഘവും ആ വീട്ടിൽ എത്തി. സംഘത്തിലെ വനിതാ ഡോക്ടർ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും. ഒരു വനിതാ ഡോക്ടർ സ്വയം പറഞ്ഞു.രണ്ട് മൂന്ന് ദിവസം ഈ തിരക്കുകൾ കുറയും. അപ്പോൾ ഈ അച്ഛനുമമ്മയും ഒറ്റയ്ക്കാവരുത്. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു കുടുംബസുഹൃത്ത് നെടുവീർപ്പോടെ പറഞ്ഞു. ആളുകൾ ആശ്വാസവാക്കുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ പ്രതീക്ഷകളിലേക്ക് ഈ ദമ്പതികളും വീടും ഉറങ്ങി ഉണരും എന്ന പ്രാർത്ഥനയിലാണ് എല്ലാ മനസ്സുകളും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *